
മട്ടാഞ്ചേരി: കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ "ആശ " (ഓൾ ആർട്ടിസ്റ്റ്സ് സേവ് അസോസിയേഷൻ) യുടെ പ്രസിഡന്റ് കൊച്ചിൻ വർഗ്ഗീസ് നിര്യാതനായി. മലയാളിയുടെ ഉത്സവ രാവുകളിൽ പാട്ടിൻ്റെ പാലാഴി തീർത്ത ഗായകനും, നടനും, രചയിതാവും, സംഗീതസംവിധായകനുമാണ് കെ.ജെ. വർഗ്ഗീസ് എന്ന കൊച്ചിൻ വർഗ്ഗീസ്. പള്ളുരുത്തി കടുവാശ്ശേരി വീട്ടിൽ
1938 സെപ്തംബർ
20 ന് ജോസഫ് -ഫിലോമിനാ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യത്തിൽ തന്നെ സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പിതാവിൽ നിന്നും നിന്നും പകർന്നു കിട്ടി. പിതാവാണ് കാലാരംഗത്തെത്തുവാൻ വർഗ്ഗീസിന് പ്രചോദനമായത്. പ്രൊഫഷണൽ നാടകങ്ങളിലെ ഗായകനാകണമെന്നതായിരുന്നു മോഹം. കുരിശുപള്ളികളിലും, ഭജനസമിതികളിലും പാടാൻ അവസരം ലഭിച്ചപ്പോൾ സംഗീതജ്ഞനായ കെ. എം. നടേശൻ മാസ്റ്റർ വർഗ്ഗീസിൻ്റെ സ്വരമാധുരി തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയായിരിന്നു. 22 വയസ്സുള്ളപ്പോൾ കേരള കോൺഗ്രസ്സ് രൂപികരിച്ചതിൻ്റെ പ്രഥമ വാർഷിക സമ്മേളനത്തിൽ ഒരു രാഷ്ട്രീയഗാനം പാടിയത് ജീവിതത്തിൽ വഴിത്തിരിവായി മാറി. തുടർന്ന് കലാരംഗത്തു ഒരു ജൈത്രയാത്ര തന്നെ നടത്തി. കോട്ടയം കേരള ആർട്ട് തിയ്യറ്റേഴ്സിനു വേണ്ടി "ഓലക്കാലി പീലിയും കൊണ്ട് " എന്ന ഗാനത്തിലൂടെ പ്രൊഫഷണൽ നാടകത്തിലെത്തി. കായകുളം പീപ്പിൾ തി യേറ്റേഴ്സ്, വൈക്കം മാളവിക, കൊച്ചിൻ സനാതന തുടങ്ങിയ നിരവധി സമിതികളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 20-ഓളം നാടകങ്ങളും സംവിധാനം ചെയ്തു. കേരള സംഗീത നാടക അക്കാദമിയുടെ 'ഗുരുപൂജ" അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോക നാടക വേദിയുടെ ഫോർട്ടുകൊച്ചിയിലെ അമരക്കാരനുമായിരുന്നു വർഗ്ഗീസ്.
ഭാര്യ : ആനി.
മക്കൾ: ലിസി, സോണി, ജാൻസി ,സോജൻ, ആൻസ, ബേബി.










