
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ കേരള ഹൈക്കോടതി ഡിസംബർ 15 വരെ നീട്ടി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. അപ്പീലുകൾ ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ നിർത്തിവെച്ച ഒക്ടോബർ 26ലെ ഉത്തരവ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ തുടരുമെന്ന് കോടതി വ്യക്തമാക്കി.
കേസിൽ സംസ്ഥാന സർക്കാർ ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും വാദത്തിനിടെ ബെഞ്ച് ആരാഞ്ഞു. ഇല്ലെന്ന മറുപടിയെ തുടർന്ന്, പ്രാഥമിക അന്വേഷണംപോലും നടത്തിയിട്ടില്ലേയെന്നും നിലവിൽ ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് കൈമാറിയ വിവരങ്ങളിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ വെളിപ്പെടുന്നുവെന്ന് കണ്ടെത്തിയ സിംഗിൾ ബെഞ്ച്, ഒക്ടോബർ ഒമ്പതിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയിരുന്നു. കേസിലെ സാഹചര്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച സർക്കാർ ഉത്തരവും റദ്ദാക്കിയിരുന്നു.
തങ്ങളുടെ വാദം കേൾക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ ഉൾപ്പെട്ടവർ സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തത്. അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് ആദ്യം അനുമതി നിഷേധിച്ചതോടെ ഇവർ സുപ്രീം കോടതിയെ സമീപിച്ചു.
ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീൽ നൽകാൻ ഇവർക്ക് അവകാശമുണ്ടെന്ന് ഒക്ടോബർ 21ന് സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് ഒക്ടോബർ 26ന് അപ്പീലുകൾ സ്വീകരിച്ച ഹൈക്കോടതി, ഇതിനകം രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ അന്വേഷണം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.










