03:23am 30 September 2026
NEWS
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും; ദീർഘവീക്ഷണമുള്ള നടപടികളാണ് വേണ്ടത്
14/08/2026  10:04 AM IST
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും; ദീർഘവീക്ഷണമുള്ള നടപടികളാണ് വേണ്ടത്

പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ അധികമായി ഉയരുന്ന എൽനിനോ പ്രതിഭാസം ഇന്ത്യയിൽ മൺസൂൺ മഴകുറയുന്നതിന് കാരണമായെന്നും അതുമൂലം കേരളത്തിൽ കാലവർഷം പതിവിലും ദുർബലമാണെന്നുള്ള ആശങ്കയോടെയാണ് ജൂലൈ മാസം അവസാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ആഗസ്റ്റ് ഒന്ന് മുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലീലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലീലിറ്റർ മഴ പെയ്തപ്പോൾ സംഭവിച്ചത് മിന്നൽ പ്രളയം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. ഉരുൾപൊട്ടലിലടക്കം നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. അനേകം വീടുകൾ വെള്ളത്തിൽ മുങ്ങി. വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടം ഉണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ്ദ പാത്തിയുമാണ് അതിതീവ്രമഴയുടെ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞത്.

അതിതീവ്രമഴയും കടൽക്ഷോഭവും സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രതാനിർദ്ദേശം മുൻകൂട്ടി നൽകുന്നതിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന് ആഗസ്റ്റ് രണ്ടിനും മൂന്നിനും പരക്കേ വിമർശനം ഉയർന്നിരുന്നു. അതിതീവ്രമഴ പ്രളയമുൾപ്പെടെ ദുരന്തം വിതച്ച ശേഷം സംസ്ഥാന സർക്കാർ സന്ദർഭത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കുകയും ചടുലമായ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളുകയും ചെയ്തുവെന്ന് നിഷ്പക്ഷ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സത്വര പ്രതിരോധ സമാശ്വാസ നടപടികൾ സ്വീകരിക്കുന്നതിലും കാലവിളംബം ഉണ്ടായില്ല.

എന്നാൽ ദുരിതങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ കക്ഷിരാഷ്ട്രീയ ഭേദെമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ ദുരിതത്തിന് കഴിയുന്ന പരിഹാരം ഉണ്ടാക്കാനും ആശ്വാസം നൽകാനും ശ്രമിക്കേണ്ടതിനുപകരം രാഷ്ട്രീയ ലാഭത്തിനായി ദുരിതത്തെ ചിലരെങ്കിലും ആയുധമാക്കിയെന്നത് തികച്ചും നിർഭാഗ്യകരമാണ്. രാഷ്ട്രീയ നേട്ടത്തെക്കാൾ വലുത് മനുഷ്യജീവനും അവരുടെ സുരക്ഷയുമാണെന്നത് ചിലരെങ്കിലും മറന്നുപോയതുപോലെ കാണപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകൾ പേരുപോലെതന്നെ ദുരിതമനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസം നൽകുന്ന അഭയകേന്ദ്രങ്ങളാണ്. അവിടെ അഭയം തേടിയ മനുഷ്യരെ വെച്ച് ചിലർ രാഷ്ട്രീയം കളിക്കുന്നത് ഈ പ്രളയകാലത്തെ ഏറ്റവും പ്രാകൃതകാഴ്ചയായിരുന്നു എന്നുപറയാതെ വയ്യ. ദുരിതാശ്വാസത്തിനായി ആത്മാർത്ഥമായി ഊണും ഉറക്കവുമൊഴിച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ് രാഷ്ട്രീയ മുതലെടുപ്പുകാരുടെയും അന്ധമായ കക്ഷിരാഷ്ട്രീയം തലയ്ക്ക് പിടിച്ച മാധ്യമലേഖകരുടെയും ഈ പ്രാകൃതമായ പ്രവർത്തനശൈലി.

2018 ൽ കേരളത്തെയാകെ മഹാപ്രളയത്തിലാക്കിയതിൽ നിന്ന് നാം എന്തുപാഠം പഠിച്ചു എന്നതാണ് പ്രധാനം. 2019 ലും 2020 ലുമൊക്കെ ഇനി ഇങ്ങനെ ഉണ്ടായാൽ പ്രതിരോധിക്കാൻ കഴിയും വിധം കേരളത്തെ പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് നാം ഒരുപാട് കേട്ടിരുന്നു. കഴിഞ്ഞ ആറേഴ്  വർഷം കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ട് എന്നതാണ് നമ്മേ പൊള്ളിക്കുന്ന ചോദ്യം. 2018 ലും 19 ലും പ്രളയകാലത്ത് നദികളിലും കായലുകളിലും അടിഞ്ഞുകൂടിയ മണലും, ചെളിയും എങ്കിലും നീക്കം ചെയ്തിരുന്നെങ്കിൽ പെട്ടെന്നുള്ള പ്രളയത്തിൽനിന്നെങ്കിലും രക്ഷപ്പെടാമായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്(ഐ.പി.സി.സി) 2021 ൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ അടുത്ത 20 വർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ വ്യാപക പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെ നാം ഗൗരവമായി കണ്ടില്ല. ഇനിയെങ്കിലും ഭാവിയെ മുന്നിൽ കണ്ടുള്ള സമഗ്രദുരന്ത നിവാരണ നടപടികൾക്ക് സർക്കാർ തയ്യാറാകണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.