09:54pm 14 June 2024
NEWS
പൗരത്വനിയമഭേദഗതി
ഒരു വിഭാഗത്തെ
ഉന്നംവച്ചുകൊണ്ടുള്ളത്

27/12/2019  11:58 AM IST
KERALASABDAM
പൗരത്വനിയമഭേദഗതി  ഒരു വിഭാഗത്തെ  ഉന്നംവച്ചുകൊണ്ടുള്ളത്
HIGHLIGHTS

എക്സിക്യൂട്ടീവ് സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെറ്റിപ്പോകുമ്പോള്‍ മൂക്കുകയര്‍ ഇടേണ്ടത് നീതിന്യായ കോടതിയാണ്. എന്നാല്‍ കുറച്ചുകാലമായി പല നിര്‍ണ്ണായക വിഷയങ്ങളിലും കോടതി ഭരണകൂടത്തിന്‍റെ ഇച്ഛയ്ക്കൊത്ത് വിധി പ്രസ്താവിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. 


ന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ നിയമഭേദഗതിയും, ഇനി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി  പാര്‍ലമെന്‍റില്‍ പറഞ്ഞ ദേശീയ പൗരത്വരജിസ്റ്ററും മതത്തിന്‍റെ പേരില്‍ ഒരു വിഭാഗത്തെ ഉന്നം വച്ചുള്ളതാണെന്നത് സംശയമല്ല .യാഥാര്‍ത്ഥ്യമാണ്. മതപരമായ വിവേചനം ഇന്ത്യന്‍ ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണ്. ഭരണഘടനാമൂല്യങ്ങളോട് യോജിക്കാത്ത നിയമനിര്‍മ്മാണങ്ങളാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടത്തിക്കൊണ്ടിരിക്കുന്നത്. അയോദ്ധ്യ, മുത്തലാഖ് നിയമം, ജമ്മുകാശ്മീരിലടക്കം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ രാജ്യം പ്രതിഷേധിക്കാതെ സംയമനത്തോടെ ഉള്‍ക്കൊള്ളുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പ്രകോപനപരമായ, വിവേചനപരമായ നിയമഭേദഗതികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോഴാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.


ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും അനുദിനം അപകടപ്പെടുകയാണെന്നും രാജ്യം സേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളും യുവജനങ്ങളും തുടക്കമിട്ട പ്രതിഷേധം മുസ്ലീം ന്യൂനപക്ഷങ്ങള്‍ മാത്രമല്ല മതേതര വിശ്വാസികളും ജനാധിപത്യകാംക്ഷികളുമായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഏറ്റെടുത്തു എന്നത് ശുഭോദര്‍ക്കമാണ്.


മതാടിസ്ഥാനത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം ഉണ്ടായപ്പോള്‍ ഇന്ത്യയിലെ  മുസ്ലീങ്ങള്‍ നേരിട്ട ഒരു ധര്‍മ്മസങ്കടമുണ്ട്. ഇന്ത്യയില്‍ നില്‍ക്കണോ, പാകിസ്ഥാനിലേക്ക് പോകണോ എന്നത്. എന്നാല്‍ മതമൗലിക ചിന്തയ്ക്കപ്പുറം ഇന്ത്യയാണ് എന്‍റെ രാജ്യം എന്ന ദേശാഭിമാന ചിന്തയോടെ നിലകൊണ്ട ദശലക്ഷക്കണക്കിന് ദേശീയവാദികളായിരുന്ന മുസ്ലീങ്ങളെയാണ് രാജ്യഭരണാധികാരികള്‍ ഇപ്പോള്‍ ഒറ്റപ്പെടുത്താനും രണ്ടാംതരം പൗരന്മാരുമാക്കാന്‍ ശ്രമിക്കുന്നത്. മാനസികമായി വലിയ അരക്ഷിതബോധത്തിലും പരിഭ്രാന്തിയിലുമാണവര്‍. പൗരത്വനിയമവും ദേശീയ പൗരത്വരജിസ്റ്ററും (എന്‍.ആര്‍.സി) മുസ്ലീങ്ങളെ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ വെറും വാക്കുകൊണ്ട് അവരുടെ ഭീതിയകലില്ല. ജാതിമതഭേദമെന്യേ എല്ലാവരുടേയും ഭയാശങ്കകള്‍ പരിഹരിക്കാനുള്ള അടിയന്തിരനടപടികള്‍ പിടിവാശിവെടിഞ്ഞ്, ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ സ്വീകരിക്കണം

.
എക്സിക്യൂട്ടീവ് സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെറ്റിപ്പോകുമ്പോള്‍ മൂക്കുകയര്‍ ഇടേണ്ടത് നീതിന്യായ കോടതിയാണ്. എന്നാല്‍ കുറച്ചുകാലമായി പല നിര്‍ണ്ണായക വിഷയങ്ങളിലും കോടതി ഭരണകൂടത്തിന്‍റെ ഇച്ഛയ്ക്കൊത്ത് വിധി പ്രസ്താവിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. മതവിവേചനം പുലര്‍ത്തുന്ന പൗരത്വ നിയമഭേദഗതിക്ക് കോടതി കൂടി ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ഇന്ത്യയില്‍ ജനാധിപത്യം ഇനി എത്രനാള്‍ എന്നത് വലിയ ആശങ്കയായി മാറുന്നു. ഭരണഘടനയുടെ ആമുഖം അടക്കം തിരുത്തിയെന്നുവരാം. 


പ്രതിഷേധങ്ങളേയും പ്രക്ഷോഭങ്ങളേയും ഇന്‍റര്‍നെറ്റ് തടസ്സപ്പെടുത്തിയും പോലീസ് ബലപ്രയോഗത്തിലൂടെയും വെടിവെയ്പ്പിലൂടെയും പ്രകോപനപരമായ പ്രതികരണങ്ങളിലൂടെയും  രാജ്യത്ത് സമാധാനമുണ്ടാക്കാനാവില്ല. അടിയന്തിരമായി ഈ വിഷയത്തില്‍ സമവായം ഉണ്ടാക്കി രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തികമാന്ദ്യത്തിനും പരിഹാരമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.