
മംഗളൂരു: പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു. 14 വയസ്സുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നിട്ടും പോലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയോ എന്നതടക്കം മംഗളൂരു രൂപതയുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
2026 ഓഗസ്റ്റ് 14 മുതൽ വികാരി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. മെയ് 26ന് വലൻസിയ പള്ളിയിൽ ചുമതലയേറ്റ ഫാ. സിപ്രിയൻ ആദ്യം സൗഹൃദപരമായി പെരുമാറിയെങ്കിലും പിന്നീട് അതിക്രമം നടത്തിയെന്നാണ് ആരോപണം. മൂന്ന് തവണ ലൈംഗികമായി ഉപദ്രവിച്ചെന്നും സമാന പ്രായത്തിലുള്ള മറ്റ് നാല് കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മറ്റൊരു കുട്ടിയെ വൈദികൻ പീഡിപ്പിക്കുന്നത് നേരിൽ കണ്ടതായും പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.
സംഭവം പുറത്തുവന്നതിനു പിന്നാലെ രൂപതാ തലത്തിൽ രഹസ്യാന്വേഷണം നടത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും വൈദികനെയും വിളിച്ചുവരുത്തി പ്രത്യേകം സംസാരിച്ചെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിലേക്ക് അയച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. തുടർന്നാണ് ഫാ. സിപ്രിയൻ പിന്റോയെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചത്.
ഓഗസ്റ്റ് 17ന് പീഡനവിവരം മംഗളൂരു ബിഷപ്പ് പീറ്റർ പോൾ സൽദാനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പള്ളിയിലെ അസിസ്റ്റന്റ് വികാരിയോടും ഇടവക പ്രതിനിധികളോടും സംസാരിച്ചശേഷം അഞ്ച് കുട്ടികളും മാതാപിതാക്കളും ബിഷപ്പിനെ സന്ദർശിച്ചെന്നാണ് വിവരം. പള്ളി വൈസ് പ്രസിഡന്റ് റോണാൾഡ് റോഡ്രിഗസാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. കുട്ടികൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് എഴുതി ബിഷപ്പിന് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ബിഷപ്പിന്റെ നിർദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയതെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതായും വിവരമുണ്ട്.
കുട്ടികൾക്കെതിരായ അതിക്രമത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികാരികളെ അറിയിക്കാതിരുന്നോ, റിപ്പോർട്ട് ചെയ്യുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. രൂപതയുടെയും ബിഷപ്പിന്റെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
അതേസമയം, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് സഭാ പിആർഒ റോണാൾഡ് കാസ്റ്റലിനോ പറഞ്ഞു. നിയമപരമായ നടപടികൾ പൂർത്തിയാകുമെന്നും നീതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.










