04:41am 13 November 2026
NEWS
306 വട്ടം കയറിയിറങ്ങി; എന്നിട്ടും മുഖ്യമന്ത്രിയുടെ കണ്ണ് തുറന്നില്ല: പിന്നാക്ക വകുപ്പിനോട് ചിറ്റമ്മനയം
04/03/2026  09:33 AM IST
സുരേഷ് വണ്ടന്നൂർ
306 വട്ടം കയറിയിറങ്ങി; എന്നിട്ടും മുഖ്യമന്ത്രിയുടെ കണ്ണ് തുറന്നില്ല: പിന്നാക്ക വകുപ്പിനോട് ചിറ്റമ്മനയം

തിരുവനന്തപുരം:സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട വകുപ്പ് ഉദ്യോഗസ്ഥരില്ലാതെ ശ്വാസംമുട്ടുമ്പോഴും, ഫയലുകളിൽ ഒപ്പിടാൻ മടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. 20 തസ്തികകൾ സൃഷ്ടിക്കാനുള്ള ഫയൽ അഞ്ചാം വർഷവും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. 2021 ഒക്ടോബറിൽ (BCDD-A1/345/2021-BCDD) പ്രയാണം തുടങ്ങിയ ഈ ഫയൽ ഇതിനോടകം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മേശപ്പുറങ്ങളിലായി 306 തവണയാണ് വന്നുപോയത്.

​തസ്തികപ്പൂരം മറ്റുള്ളവർക്ക്; പിന്നാക്ക വകുപ്പിന് അവഗണന

​ഈ വർഷം ജനുവരി മുതൽ മാർച്ച് 2 വരെയുള്ള വെറും രണ്ടു മാസത്തിനിടെ വിവിധ വകുപ്പുകളിലായി 491 പുതിയ തസ്തികകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ 950 കോടി രൂപയുടെ വാർഷിക പദ്ധതിയുള്ള പിന്നാക്ക ക്ഷേമ വകുപ്പിന്റെ കാര്യത്തിൽ സർക്കാർ പുലർത്തുന്നത് കടുത്ത വിവേചനമാണ്.

​അവഗണനയുടെ കണക്കുകൾ:

​പൊലീസ്: 120 തസ്തികകൾ
​ആരോഗ്യം/ആയുർവേദം: 203 തസ്തികകൾ
​റവന്യൂ/ദേവസ്വം: 99 തസ്തികകൾ
​പിന്നാക്ക ക്ഷേമം: 0 (അഞ്ച് വർഷമായി പരിഗണനയിൽ!)

​മുഖ്യമന്ത്രിയുടെ റിപ്പോർട്ട്, മുഖ്യമന്ത്രി തന്നെ പൂഴ്ത്തി

​മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭരണപരിഷ്കാര വകുപ്പ് നടത്തിയ വർക്ക് സ്റ്റഡിയിൽ 103 തസ്തികകളും 10 ജില്ലാ ഓഫീസുകളും വേണമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഇത് വെട്ടിച്ചുരുക്കി വെറും 20 തസ്തികകളാക്കി മാറ്റിയിട്ടും ഫയലിന് മോക്ഷം കിട്ടിയിട്ടില്ല. ഫെബ്രുവരി 3-ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയൽ ഒരു മാസമായിട്ടും അദ്ദേഹം കണ്ടിട്ടുപോലുമില്ല എന്നതാണ് വസ്തുത.

​ക്ലർക്കില്ലാത്ത ജില്ലാ ഓഫീസുകൾ

​2011-ൽ രൂപീകരിച്ച വകുപ്പായിട്ടും പല ജില്ലാ ഓഫീസുകളിലും ഒരു ക്ലർക്ക് പോലും ഇന്നില്ല. അർഹരായ പതിനായിരക്കണക്കിന് പിന്നാക്ക വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ എത്തിക്കേണ്ട വകുപ്പിനെയാണ് ഉദ്യോഗസ്ഥരില്ലാത്ത 'അസ്ഥികൂടമായി' സർക്കാർ നിലനിർത്തുന്നത്. നിലവിലെ മന്ത്രിസഭയുടെ കാലാവധി തീരുന്നതിന് മുൻപ് ഈ ഫയലിൽ തീരുമാനമുണ്ടാകുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കുപോലും പ്രതീക്ഷയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img