
ദോഹ: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ വീണ്ടും ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സീറ്റുകളും സീറ്റ് ബെൽറ്റുകളും ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.1 മുതൽ 3 വയസ്സ് വരെ: കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചൈൽഡ് സീറ്റുകൾ (Child Seat) വാഹനം ഓടിക്കുന്നതിന് മുൻപ് കൃത്യമായി ഉറപ്പിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് ബന്ധിക്കുകയും വേണം.
3 മുതൽ 10 വയസ്സ് വരെ: കുട്ടികളെ വാഹനത്തിന്റെ പിൻസീറ്റിൽ മാത്രം ഇരുത്തുക. സീറ്റ് ബെൽറ്റ് ശരിയായി ധരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
10 വയസ്സിന് മുകളിൽ: കുട്ടികൾക്ക് വാഹനത്തിന്റെ മുൻസീറ്റിൽ യാത്ര ചെയ്യാവുന്നതാണ്. എന്നാൽ സീറ്റ് ബെൽറ്റ് കൃത്യമായി ധരിച്ചിരിക്കണം.ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 55 പ്രകാരം 10 വയസ്സിന് താഴെയുള്ള കുട്ടികളെ യാത്രാവേളയിൽ വാഹനത്തിന്റെ മുൻസീറ്റിലിരുത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആർട്ടിക്കിൾ 95 പ്രകാരം കടുത്ത ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്ക് ഒരു ആഴ്ച മുതൽ ഒരു വർഷം വരെ തടവോ, 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.











