02:49pm 21 June 2026
NEWS
കേരള ബജറ്റ് 2026: ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
19/06/2026  09:26 AM IST
nila
കേരള ബജറ്റ് 2026: ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്ന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ തീരദേശ സമ്പത്തുകളും തുറമുഖങ്ങളും ഉൾനാടൻ ജലപാതകളും ഏകോപിപ്പിച്ച് സമുദ്രാധിഷ്ഠിത വികസനം ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. റോഡ്, കടൽ, ജലപാത ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് കേരളത്തെ ശക്തമായ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഒരു കണ്ടെയ്നർ ട്രാൻസിറ്റ്മെന്‍റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ചാകും ഇത് നടപ്പിലാക്കുക. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ് –സമുദ്രം– റെയിൽ– ഉൾനാടൻ ജലപാതകൾ–നിർമ്മാണ മേഖലകൾ – ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

വിഴിഞ്ഞം ട്രാൻഷിപ്പ്മെന്‍റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം– വിഴിഞ്ഞം–ഭൂഗർഭ റെയിൽ,  വിഴിഞ്ഞം–നാവായിക്കുളം ഔട്ട് റിങ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ നടപ്പിലാക്കും.  വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ് നിർമ്മാണം അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് സംവരണം നൽകുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചുവരികയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കിയതായും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവാക്കളുടെ കഴിവും പ്രാവീണ്യവും കേരളത്തിന്റെ പുരോഗതിക്കായി ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img