08:09pm 14 August 2026
NEWS
‘ഇന്ത്യയെന്ന വികാരം കെടാവിളക്കായി സൂക്ഷിക്കണം’; സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
14/08/2026  07:27 PM IST
nila
‘ഇന്ത്യയെന്ന വികാരം കെടാവിളക്കായി സൂക്ഷിക്കണം’; സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അനേകം ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പുറമെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. വർഗീയത, യുദ്ധം, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിദുരന്തങ്ങൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ‘സഹാനുഭൂതിയോടെയുള്ള സദ്ഭരണം’ എന്നതാണ് സർക്കാരിന്റെ നയമെന്നും വ്യക്തമാക്കി. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും മതേതരത്വം, തുല്യത, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം.

വിദ്വേഷ പ്രചാരണങ്ങൾക്കും വികസനവിരുദ്ധ നിലപാടുകൾക്കും ഇടം നൽകാതെ ‘ഇന്ത്യയെന്ന വികാരം’ മനസിൽ കെടാവിളക്കായി സൂക്ഷിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img