04:22pm 25 May 2026
NEWS

മുഖ്യമന്ത്രി വി.ഡി സതീശൻ: മുന്നിലെ സാദ്ധ്യതകളും വെല്ലുവിളികളും

25/05/2026  12:51 PM IST
ചെറുകര സണ്ണീലൂക്കോസ്
 മുഖ്യമന്ത്രി വി.ഡി സതീശൻ: മുന്നിലെ സാദ്ധ്യതകളും വെല്ലുവിളികളും

എബ്രഹാം ലിങ്കൺ 1863 നവംബർ 19 ന് നടത്തിയ ചരിത്രപ്രസിദ്ധമായ 'ഗെറ്റിസ് ബർഗ്' പ്രസംഗത്തിൽ ജനാധിപത്യത്തിന് നൽകിയ 'ഓഫ് ദി പീപ്പിൾ, ബൈ ദി പീപ്പിൾ ഫോർ ദി പീപ്പിൾ' എന്ന നിർവ്വചനത്തെ പ്രമുഖ മലയാളം എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ, വി.ഡി. സതീശൻ മുഖ്യമന്ത്രിയായതുമായി ബന്ധപ്പെടുത്തി ഇങ്ങനെയാണ് നിർവചിച്ചത്. 'ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ, ജനങ്ങൾക്കുവേണ്ടി, ജനങ്ങൾ നിശ്ചയിച്ചു.'

കൽപ്പറ്റ നാരായണൻ തുടർന്നു: 'മേയ് 5 ന് തന്നെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജനത്തിന്റെ ശക്തി എന്തെന്ന് ഡൽഹി നേതാക്കൾ തിരിച്ചറിയുമായിരുന്നില്ല. ഉദ്വേഗജനകമായ 11 ദിവസങ്ങൾ. ജനവികാരം എന്ന വാക്കിന്റെ അർത്ഥം വി.ഡി. സതീശനെന്നായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. ആദ്യമായിതാ ജനപ്രതിനിധികളേയും അതിജീവിച്ച് ജനഹിതം നേരിട്ട് ഒരു മുഖ്യമന്ത്രിയെ സൃഷ്ടിച്ചിരിക്കുന്നു.

സതീശനാണ് മുഖ്യമന്ത്രിയെന്ന് കേട്ട് ആനന്ദം കൊണ്ട് ആർത്തുലയുന്ന ആൾക്കൂട്ടത്തെപ്പോലെ മനോഹരമായ ഒരു കാഴ്ചയില്ല. ആ കാഴ്ചയ്ക്ക് എ.കെ. ആന്റണിയോട്, സാദിഖലി ശിഹാബ് തങ്ങളോട്, പ്രിയങ്കാഗാന്ധിയോട്, വി.എം. സുധീരനോട്, കെ. മുരളീധരനോട്, മുല്ലപ്പള്ളി രാമചന്ദ്രനോട് കേരളം എന്നും കടപ്പെട്ടിരിക്കും.' 

സത്യത്തിൽ ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സിലുള്ള പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു കൽപ്പറ്റ നാരായണന്റെ വാക്കുകൾ.
കനേഡിയൻ എഴുത്തുകാരനായ മാൽക്കം ഗ്ലാഡ് വെല്ലിന്റെ പുസ്തകമായ 'ദി ടിപ്പിംഗ് പോയിന്റി'ൽ പറയുന്നതുപോലെ ഒരു പ്രത്യേക സാഹചര്യത്തിൽ ചെറിയ മാറ്റങ്ങൾ ഒരു വലിയ പ്രതിഭാസത്തിന്, അല്ലെങ്കിൽ തടയാനാകാത്ത മാറ്റത്തിന് കാരണമാകുന്നതാണ് കേരളം കണ്ടത്. സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആശയം പെട്ടെന്ന് ഒരു വൈറൽ ട്രെൻഡായി മാറുന്ന നിർണ്ണായക ഘട്ടമായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ് വൈകിപ്പിച്ച 11 ദിവസം.

കേരളത്തിലെ വർത്തമാന കാല നേതാക്കളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് വി.ഡി. സതീശൻ. കോൺഗ്രസിന്റെ സമുന്നതരായ എല്ലാ മുൻകാല നേതാക്കളുടെ രീതികൾ അതേപടി പിന്തുടരുന്നവരാണ് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലുമെങ്കിൽ, വേറിട്ടൊരു ശൈലിയിൽ ബോധപൂർവ്വം സഞ്ചരിച്ചയാളാണ് വി.ഡി.  സതീശൻ. കെ. കരുണാകരൻ എന്ന നേതാവ് സർവ്വശക്തനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എല്ലാ പിന്തുണയോടും സൗകര്യങ്ങളോടും കൂടി വിദ്യാർത്ഥി, യുവജനരാഷ്ട്രീയത്തിൽ ഉയരങ്ങളിലേക്ക് വളർന്നുവലുതായവരാണ് രമേശും വേണുഗോപാലും. എന്നാൽ സതീശന് അങ്ങനെയൊരു താങ്ങും തണലും സംരക്ഷണവും ആരിൽ നിന്നും ലഭിച്ചിരുന്നില്ല.
കോൺഗ്രസിൽ ഒരു ഗ്രൂപ്പിനെ പോറ്റിവളർത്തി ആ ബലത്തിൽ അർഹമായതും അനർഹമായതും വിലപേശി നേടിയെടുക്കുന്നതുമാത്രം ശീലമായിരിക്കുന്ന കാലത്താണ് കോൺഗ്രസിലെ ഏതാനും എം.എൽ.എമാരെയും പ്രതിപക്ഷത്തെയും നയിക്കാൻ വി.ഡി. സതീശൻ നിയോഗിക്കപ്പെടുന്നത്. 2022 ഏപ്രിൽ 1-15 ലക്കം 'കേരളശബ്ദ'വുമായി നടത്തിയ ഒരു അഭിമുഖത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പറഞ്ഞതിങ്ങനെ: 'ഇനി ഒരു ഗ്രൂപ്പുകൂടി താങ്ങാനുള്ള ആരോഗ്യം പാർട്ടിക്കില്ല. ഞാൻ ഒരു കാര്യം അടിവരയിട്ട് പറയുന്നു. എന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ട സ്ഥിതി വന്നാൽ ഞാനീപാർട്ടിയിലുണ്ടാവില്ല'. 

ആ വാക്കുപാലിച്ചുകൊണ്ടുതന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സതീശന് കഴിഞ്ഞു എന്നതാണ് ഈ സ്ഥാനലബ്ധിയുടെ തിളക്കം വർദ്ധിപ്പിക്കുന്നത്.

2021 ൽ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി. സതീശൻ ഏറ്റെടുക്കുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസും യു.ഡി.എഫും പരമ്പരാഗതമായി അവർക്ക് വോട്ടുചെയ്തിരുന്നവരുടെയെല്ലാം പിന്തുണ നഷ്ടപ്പെട്ട് ഏറ്റവും ദുർബലമായ അവസ്ഥയിലായിരുന്നു. നിയമസഭയിലും പുറത്തും സർക്കാരിന്റെ ചെറുതും വലുതുമായ ഓരോ വീഴ്ചകളേയും തെറ്റുകുറ്റങ്ങളേയും അതിശക്തമായി വിമർശിച്ചും ചോദ്യം ചെയ്തും സർക്കാരിനെ ജനങ്ങൾക്ക് മുമ്പിൽ പ്രതിരോധത്തിലാക്കി പ്രതിക്കൂട്ടിലാക്കുന്നതിന് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ ദൃഢതയുള്ള മൂർച്ചയേറിയ ആക്രമണോത്സുകശൈലി കൊണ്ട് സാധിച്ചു. ഒപ്പം യു.ഡി.എഫിൽ നിന്നകന്നുപോയ വിവിധ വിഭാഗങ്ങളെ അവരുടെ വിശ്വാസം ആർജ്ജിച്ചെടുത്ത് വീണ്ടും യു.ഡി.എഫ് അനുഭാവത്തിലേക്ക് കൊണ്ടുവന്നു. അതോടൊപ്പം തന്നെ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കെതിരെ രാഷ്ട്രീയമായ ലാഭനഷ്ടങ്ങൾ ഭയക്കാതെ അതിശക്തമായ നിലപാട് എടുത്തുകൊണ്ട് ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷ വിഭാഗങ്ങളിലെ മതേതര വിശ്വാസികളുടെ മതിപ്പും വിശ്വാസവും നേടിയെടുത്തു.

അതേസമയം മറുവശത്ത് വിദ്വേഷം പറയുന്ന ചില പ്രമാണിമാരെ ചേർത്തുപിടിച്ച് ആദരിക്കുകയും, ഭൂരിപക്ഷ ഹിന്ദുക്കളിലെ ഹിന്ദുത്വ രാഷ്ട്രീയം ഒന്നുകൂടി ഉൾക്കൊള്ളുന്ന ഒരു കക്ഷിയും മുന്നണിയുമായി തങ്ങളെ പ്രദർശിപ്പിക്കുകയുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. അതോടെ കേരളത്തിലെ മതേതര ജനാധിപത്യ രാഷ്ട്രീയം വി.ഡി. സതീശനെന്ന നേതാവിനോട് കൂടുതൽ മമത കാണിച്ചു.
അതുപോലെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നവർ വികസനം എന്ന പേരിൽ മുതലാളിത്ത സാമ്പത്തിക താൽപ്പര്യങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിയപ്പോൾ അസംതൃപ്തരായ അടിസ്ഥാനവർഗ്ഗത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ച രാഷ്ട്രീയജാഗ്രതയും യു.ഡി.എഫിന് പ്ലസ് പോയിന്റായി. ഉൾപാർട്ടി ജനാധിപത്യത്തിനടിപ്പെട്ട് വലിയ അപചയം സംഭവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അസംതൃപ്തിയും നിരാശയും അമർഷവും ഉള്ള വലിയ ഒരു ഗ്രൂപ്പ് ഉണ്ടെന്ന് മനസ്സിലാക്കി അവരെക്കൂടി ആകർഷിക്കുന്ന നിലപാടുകൾ എടുത്തതും മറ്റൊരു നേട്ടമായി. 

എല്ലാറ്റിനും ഉപരിയായി ജി. കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖ പറഞ്ഞതുപോലെ വി.ഡി. സതീശൻ സാമൂഹിക ജീവിതത്തിലും കുട്ടികളിലും വന്ന മാറ്റങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയുള്ളയാളാണ്. ജെൻസി പിള്ളേരോടുപോലും സംവദിക്കാൻ കഴിയുന്നു എന്നതും കൗമാരങ്ങൾക്കുവരെ സതീശന്റെ ഭാഷ മനസ്സിലാവും എന്നതും അദ്ദേഹത്തിന്റെ ജനസ്വീകാര്യതയ്ക്ക് നിമിത്തമായി.

കോൺഗ്രസിന് 63 എം.എൽ.എമാരെ ലഭിച്ചതിൽ, യു.ഡി.എഫിന് 102 പേരെ ലഭിച്ചതിൽ ഇങ്ങനെ യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ, പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ രാഷ്ട്രീയ ബോധ്യങ്ങളും, ശൈലിയും, നിലപാടുകളും, ആത്മാർത്ഥതയും, കഠിനാധ്വാനവും നിർണ്ണായകമായ പങ്കാണ് വഹിച്ചത്. അത് കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഹാങ് ഓവർ മാറാത്ത ചില നേതാക്കൾക്ക് മനസ്സിലായില്ലെങ്കിലും പൊതുജനങ്ങൾക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിനും മനസ്സിലായി.

അതുകൊണ്ടാണ് ചരിത്രത്തിന്റെ ഇന്നേവരെയുണ്ടാകാത്തതുപോലെ ഭരണപക്ഷം ഒരു പ്രതിപക്ഷ നേതാവനെ മാത്രം ലക്ഷ്യമാക്കി കടന്നാക്രണം നടത്തിയത്. ഭരണപക്ഷ നേതാക്കളും സമുദായ നേതാക്കളും സതീശനെ വ്യക്തിഹത്യ ചെയ്യുവോളം ആക്രമിച്ചിട്ടും സ്വന്തം പാർട്ടിയിൽ നിന്ന് ഒരു പിന്തുണയും സതീശന് ലഭിച്ചില്ല. ഗ്രൂപ്പില്ലാത്ത സതീശനെ പിന്തുണച്ചു തങ്ങളുടെ ഗ്രൂപ്പ് നേതാവിന്റെ അനിഷ്ടം ഏറ്റുവാങ്ങുവാൻ അവരാരും തയ്യാറായിരുന്നില്ല.

ചില സമുദായ സംഘടനാ നേതാക്കൾ മുഖം വീർപ്പിച്ചാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അടഞ്ഞുപോകുമെന്ന മിഥ്യാധാരണ സതീശൻ തിരുത്തിയെഴുതി. സതീശന്റെ നിലപാടും സമീപനവും കാഴ്ചപ്പാടും ലീഗിനും കേരളാകോൺഗ്രസിനും എല്ലാ ഘടകകക്ഷികൾക്കും അദ്ദേഹത്തെ സ്വീകാര്യനാക്കി. എല്ലാം കണ്ടും കേട്ടുമിരുന്ന പൊതുസമൂഹം ജനാഭിലാഷത്തിന്റെ ഊർജ്ജത്തെ പ്രസരിപ്പിക്കുന്ന വി.ഡി. സതീശൻ എന്ന നേതാവിനെ ഇഷ്ടപ്പെട്ടു.

ഒടുക്കം സതീശൻ നയിച്ച തിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം ലഭിക്കുകയും മുഖ്യമന്ത്രി സ്ഥാനത്തിന് മറ്റവകാശികൾ രംഗത്ത് വരികയും ചെയ്തപ്പോൾ ഗ്രൂപ്പില്ലാത്ത വി.ഡി. സതീശൻ ഒറ്റപ്പെടുന്നതുകണ്ട ജനത്തിനത് സഹിച്ചില്ല. അവരുടെ മനസ്സിൽ തങ്ങളുടെ മനസ്സുകളെ ഉദ്ദീപ്പിക്കുന്ന നായകബിംബം വി.ഡി. സതീശൻ മാത്രമായിരുന്നു.

സീനിയോറിറ്റിയുടെ, ഭരണപരിചയത്തിന്റെ കണക്കെടുപ്പിൽ വി.ഡി ഏറെ പിന്നിലായിരുന്നു. രമേശ് ചെന്നിത്തല കെ.എസ്.യു പ്രസിഡന്റ്, എൻ.എസ്.എസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ്, 6 തവണ നിയമസഭയിൽ, 4 തവണ ലോക്‌സഭയിൽ, രണ്ട് തവണ സംസ്ഥാന മന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളൊക്കെ വഹിച്ച നേതാവ്.
കെ.സി. വേണുഗോപാലാകട്ടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, 3 തവണ നിയമസഭയിൽ സംസ്ഥാന മന്ത്രി, 3 തവണ ലോക്‌സഭാംഗം, ഒരുതവണ രാജ്യസഭാംഗം, കേന്ദ്രമന്ത്രി, എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവും എന്ന നിലയിൽ പാർട്ടിയിൽ തന്നെ മൂന്നാമൻ. കേന്ദ്രത്തിൽ ഇനി അധികാരലബ്ധി വിദൂര സ്വപ്നമാണെന്നതിനാൽ മുഖ്യമ്ര്രന്തിപദവിയിലൂടെ ഇരിക്കുക എന്നത് കെ.സി. വേണുഗോപാലിന്റെ തീവ്ര അഭിലാഷമായിരുന്നു. 2024 ലെ ലോക്‌സഭാ ഇലക്ഷന് മുമ്പ് തന്നെ ആ ലക്ഷ്യം കെ.സിക്കുണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ രാഹുൽഗാന്ധിയുടെ നമ്പർവൺ വിശ്വസ്തനായിട്ടാണ്, കെ.സി അറിയപ്പെട്ടിരുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ തന്റെ ആഗ്രഹം കെ.സി രാഹുൽഗാന്ധിയെ അറിയിക്കുകയും സമ്മതം നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ നിർണ്ണയത്തിൽ അമിത സ്വാതന്ത്ര്യം അതുകൊണ്ട് കെ.സിക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏതാണ്ട് എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളോടും താൻ മുഖ്യമന്ത്രിയായി വരികയാണ് രാഹുൽഗാന്ധിയുടെ താൽപ്പര്യം എന്ന് കെ.സി അറിയിക്കുകയും, അവരെല്ലാം അത് 100 ശതമാനം വിശ്വസിക്കുകയും ചെയ്തു. മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് എ.ഐ.സി.സിയുടെ ഫണ്ട് കെ.സി. വേണുഗോപാൽ നേരിട്ടാണ് ലഭ്യമാക്കിയത്.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചുകൊണ്ടാണ് കേന്ദ്ര നിരീക്ഷകരുടെ മുമ്പാകെ കോൺഗ്രസ് സാമാജികർ ഏറെപ്പേരും കെ.സിയുടെ പേരുപറഞ്ഞത്. എന്നാൽ തീരുമാനം നീണ്ടുപോയപ്പോൾ ജനവികാരം സതീശനൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ചിലരെല്ലാം തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ തിരുത്തിയറിയിച്ചു. കേരളത്തിലെ ജനവികാരം ലീഗ് നേതാക്കളിൽ നിന്ന് മനസ്സിലാക്കിയ പ്രിയങ്കാഗാന്ധി മുൻകൈ എടുത്ത് ഒരു സ്വകാര്യ ഏജൻസിയെ ജനങ്ങളുടെ മനസ് അറിയാൻ നിയോഗിച്ചപ്പോൾ ലഭിച്ച റിപ്പോർട്ടും കൂടി കണക്കിലെടുത്താണ് സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണം എന്നു രാഹുൽഗാന്ധിയോട് പറഞ്ഞത്. പിന്നെയെല്ലാം കൽപ്പറ്റ നാരായണൻ പറഞ്ഞതുപോലെ സംഭവിച്ചു. ഒടുക്കം യു.ഡി.എഫിന് വോട്ടുചെയ്ത ജനം കോൺഗ്രസ് ഹൈക്കമാൻഡിനെ തിരുത്തി. വി.എം. സുധീരനാണ് അക്ഷരാർത്ഥത്തിൽ ജനവികാരം രാഹുൽഗാന്ധിയെ ധരിപ്പിച്ചത്.
തന്നെ എല്ലാവരും കൂടി പിച്ചിച്ചീന്തിയെന്ന് പിന്നീട് കെ.സി. വേണുഗോപാൽ വിലപിച്ചതിന് ഒരു സഹതാപം പോലും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. കാരണം എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് കെ.സി. വേണുഗോപാൽ കൂടി ഭാഗമായ ഹൈക്കമാൻഡ് തീരുമാനിച്ച് പലരേയും ഒഴിവാക്കിയശേഷം ഫലം വന്നുകഴിഞ്ഞപ്പോൾ വിജയിച്ച 62 പേർക്കും യോഗ്യതയില്ലാഞ്ഞിട്ടെന്നപോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കെ.സി. വേണുഗോപാലിനെ രണ്ട് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിക്കൊണ്ട് മുഖ്യമന്ത്രിയാക്കുന്നത് അദ്ദേഹത്തിന്റെ ഗ്രൂപ്പ് അനുയായികൾക്ക് അല്ലാതെ ഒരാൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. അത് സ്വയം മനസ്സിലാക്കി ഇത്രയധികം പ്രശ്‌നങ്ങൾക്കിടയാക്കാതെ ആദ്യമേ തന്നെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹത്തിൽ നിന്ന് പിൻമാറാതിരുന്നതുകൊണ്ടാണ് കെ.സി. വേണുഗോപാൽ ഇത്രയേറെ അപഹാസ്യനായി മാറിയത്.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ മന്ത്രിമാർ ആരോടും വ്യക്തിപരമായി കൂറുപുലർത്തിയാലും ബാഹ്യനിയന്ത്രണം ഉണ്ടാകുമെന്ന് പറയുന്നത് വി.ഡി. സതീശനെ അറിഞ്ഞുകൂടാത്തവരാണ്. കെ.സി. വേണുഗോപാൽ ഗ്രൂപ്പ് എന്നത് അദ്ദേഹം രാഹുലിന്റെ വിശ്വസത്‌നും ഹൈക്കമാൻഡിലെ താക്കോൽസ്ഥാനത്ത് ഉള്ളതുകൊണ്ടുമാണ് നിലനിൽക്കുന്നത്. വേണുഗോപാൽ ഹൈക്കമാൻഡിൽ ദുർബലനാകുന്നതോടെ ആ ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെടും.

സതീശന് മുമ്പിൽ കടമ്പകളേറെ

ജനസാഗരത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരമേനോൻ സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. പിണറായി സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റാൻ കാരണമായ നിരവധി ജനകീയ പ്രശ്‌നങ്ങളിൽ വി.ഡി. സതീശൻ സർക്കാർ പരിഹാരം കണ്ടെത്തും എന്ന വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ. വാനോളം ഉയർന്ന നിലയിലുള്ള ജനാഭിലാഷങ്ങളോട് എങ്ങനെ നീതി പുലർത്താനാകും എന്നതാണ് പുതിയ സർക്കാർ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.
കാര്യമായ അവസരങ്ങൾക്കിട നൽകാതെ നല്ല തുടക്കമിടാൻ പുതിയ മന്ത്രിസഭയ്ക്ക് സാധിച്ചു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മന്ത്രിസഭാ രൂപീകരണം യു.ഡി.എഫിനെ സംബന്ധിച്ച് മുമ്പൊരിക്കലുമില്ലാത്തതുപോലെ റിക്കാർഡ് വേഗത്തിലാണ് പൂർത്തിയായത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എല്ലാവരുടേയും സഹകരണം ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് സാധിച്ചു. കോൺഗ്രസ് പ്രസിഡന്റും പ്രതിപക്ഷ നേതാവും രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കോൺഗ്രസ് മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തിയതുകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് തങ്ങളെടുത്ത തീരുമാനം തെറ്റിയിട്ടില്ലന്ന് അവർക്കും ബോധ്യപ്പെടാനവസരമായി.

കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അർഹതപ്പെട്ട ആഗ്രഹിച്ച ചിലർക്ക് അവസരം നഷ്ടപ്പെട്ടെങ്കിലും സ്ത്രീകളുടെ പ്രാതിനിധ്യവും യുവാക്കളുടെ പ്രാതിനിധ്യവും ഇത്രത്തോളം മുമ്പില്ലാത്തതാണ്. സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യമന്ത്രിസഭയുടെ തീരുമാനങ്ങളെ ജനം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു.

ഏതായാലും സതീശൻ മന്ത്രിസഭ നിരാശപ്പെടുത്തിയില്ല. യു.ഡി.എഫ് തിരഞ്ഞെടുപ്പുകാലത്ത് ഉറപ്പുനൽകിയ കെ.എസ്. ആർ.ടി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര എന്ന വാഗ്ദാനം ജൂൺ 15 മുതൽ സംസ്ഥാനത്ത് നടപ്പിൽ വരുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് വ്യവസ്ഥകൾ എന്തെന്ന് നിലവിൽ പറഞ്ഞിട്ടില്ല. കർണ്ണാടകത്തിൽ ലക്ഷ്വറി അല്ലാത്ത എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. തമിഴ്‌നാട്ടിൽ ഓർഡിനറി, സിറ്റി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമാണ്. തെലങ്കാനയിൽ എ.സി ഇല്ലാത്ത എല്ലാ സ്റ്റേറ്റ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്രയാണ്. പഞ്ചാബ്, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലും സർക്കാർ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. ഇവിടെ യാത്രയുടെ വ്യവസ്ഥ എന്തായിരിക്കുമെന്ന് താമസിയാതെതന്നെ പറയാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മറ്റൊരു ജനപ്രിയ പ്രഖ്യാപനം ഉണ്ടായത് രാജ്യത്താദ്യമായി കേരളത്തിൽ വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നാണ്. ജപ്പാൻ മോഡലിൽ മുതിർന്ന ആളുകളോട് ഏറ്റവും ഹൃദ്യമായി പെരുമാറുക എന്ന ലക്ഷ്യത്തോടെയാവും പുതിയ വകുപ്പിന്റെ പ്രവർത്തനം.
ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു. അവരുടെ റിട്ടയർമെന്റ് ആനുകൂല്യം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനിക്കും. ആശമാർക്ക് ഇപ്പോൾ കിട്ടുന്ന 9000 രൂപ 12000 രൂപയായിട്ടാണ് വർദ്ധിപ്പിക്കുക. അംഗൻവാടി ഹെൽപ്പർമാർ, സ്‌ക്കൂളുകളിലെ പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി ടീച്ചേഴ്‌സ്, ആയമാർ തുടങ്ങിയവർക്കും 1000 രൂപ വീതം ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻസർക്കാർ ഗൗനിക്കാതിരുന്നതും മുൻഗണന നൽകാത്തതുമായ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ അർഹമായ പരിഗണന തുടക്കത്തിൽ മാത്രമല്ല എപ്പോഴും ഉണ്ടായിരിക്കണം.

കാരണം പുതിയ സർക്കാർ അധികാരത്തിൽ വരാൻ വോട്ട് ചെയ്തത് കോൺഗ്രസുകാരോ യു.ഡി.എഫുകാരോ മാത്രമല്ല കേരളത്തിലെ പൗരസമൂഹത്തിന്റെ പരിച്ഛേദമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പിണറായി വിജയൻ നയിച്ച നവകേരള യാത്ര ആലപ്പുഴ വഴി കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താനുള്ള തീരുമാനം കോൺഗ്രസുകാരെ ആവേശം കൊള്ളിക്കുക മാത്രമല്ല ചെയ്യുക, മേലിൽ ദുരധികാരം കാണിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാവും.

സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും, മഞ്ഞകുറ്റികൾ നീക്കം ചെയ്യാനും പദ്ധതിക്കെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകൾ റദ്ദുചെയ്യാനും സർക്കാർ കൈക്കൊണ്ട തീരുമാനവും, ഉടൻ തീരാറായ പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നവംബർ 30 വരെ നീട്ടാനുള്ള തീരുമാനവും കഴിഞ്ഞ സർക്കാരിന്റെ തെറ്റായ നിലപാടിനുള്ള തിരിച്ചടികളിൽപെടും. ജൂൺ 1 മുതൽ 100 ദിവസത്തെ കർമ്മപരിപാടിയും വിഷൻ 2030 എന്ന ദീർഘകാല പരിപാടിയും എത്രകണ്ട് വിജയിക്കുന്നു എന്നതിനനുസരിച്ചാവും ഈ സർക്കാരിന് പൊതുജനങ്ങൾ മാർക്കിടുക.
കേരളത്തിലെ ഒട്ടേറെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പേരിനൊപ്പം ജാതിപേരോടുകൂടിയാണ് അറിയപ്പെടുന്നത്. എന്നിരിക്കെ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരുകൂടി ചേർത്ത് വായിച്ചത് വിവാദമാകുന്നത് അദ്ദേഹത്തിന്റെ ജനപ്രീതി ഇടിക്കാനുള്ള ശ്രമം ആയേ കോൺഗ്രസുകാർ കാണുന്നുള്ളൂ.

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ധനവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധി മറികടന്നാൽ മാത്രമേ സർക്കാരിന് തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പലതും പാലിക്കാൻ പറ്റൂ.

ഇന്ദിരാഗ്യാരന്റികൾ, ക്ഷേമപെൻഷൻ 3000 രൂപയാക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, യുവസംരംഭകർക്ക് അഞ്ചുലക്ഷം രൂപയുടെ പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങൾ കൂടി 6 മാസത്തിനുള്ളിലെങ്കിലും പാലിക്കപ്പെടേണ്ടതായുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളവർദ്ധനയടക്കം ഭാരിച്ച ബാധ്യതയും പുതിയ സർക്കാരിനെ കാത്തിരിക്കുന്നു.
വർദ്ധിക്കുന്ന ഇന്ധനവിലയും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും തൊഴിലില്ലായ്മയും എത്രവലിയ ധനകാര്യ മാനേജ്‌മെന്റ് വിദഗ്ദ്ധനെയും വെട്ടിലാക്കുന്ന സ്ഥിതിയിലാണ്. ധനവിഷയത്തിൽ ഒരു സംസ്ഥാന കോൺഗ്രസ് സർക്കാർ കേന്ദ്ര ബി.ജെ.പി സർക്കാരിൽ നിന്ന് കാര്യമായ പിന്തുണയൊന്നും പ്രതീക്ഷിച്ചിട്ടുകാര്യമില്ല. കേരളത്തിൽ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 2016 ൽ 19 ശതമാനമായിരുന്നെങ്കിൽ ഇപ്പോളത് 48 ശതമാനമാണ്. കടം വാങ്ങി കൂട്ടാതെ വരുമാനം കണ്ടെത്തിയാലേ പിടിച്ചുനിൽക്കാനാകൂ. അതിന് കഴിഞ്ഞില്ലെങ്കിൽ പുതിയ മുഖ്യമന്ത്രിയുടെ ജനപ്രീതി ഇടിയാൻ അത് മാത്രം മതിയാവും. അഴിമതിയില്ലാത്ത, സുതാര്യവും, സംസ്ഥാനത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതുമായ ഒരു ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img