
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പാക്കുക. വരുമാനമോ പ്രായപരിധിയോ പരിഗണിക്കാതെയാണ് എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി പ്രതിമാസം ഏകദേശം 75 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ കെഎസ്ആർടിസിക്ക് പ്രതിവർഷം 1,500 കോടി രൂപ സർക്കാർ സഹായമായി നൽകുന്നുണ്ട്. സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിനായി അധികമായി ഏകദേശം 800 കോടി രൂപ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനറി ബസുകളുടെ ലഭ്യത കുറവുള്ള മലബാർ മേഖലയിലെ സാഹചര്യം പ്രത്യേകം പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ലഭിച്ച മുൻകൂർ ജാമ്യ വിധി നിയമപരമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യാ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. നടൻ സലിംകുമാർ അന്തരിച്ചെന്ന വ്യാജ പ്രചാരണം വ്യാപകമായി നടന്നതും, ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സമയത്ത് അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉയർന്നതും ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിഷയങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. 30 മണ്ഡലങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ആഭ്യന്തര നേതൃത്വത്തെ വിമർശിക്കുന്ന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.










