
തിരുവനന്തപുരം: കേരളത്തിന്റെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന കർമ്മപരിപാടികളുടെ ഭാഗമായി, മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തലസ്ഥാനനഗരിയിൽ നാളെ തുടക്കമാകും. കേരളത്തിന്റെ അറുപത്തി ഒൻപതാം വാർഷിക ദിനമായ 2025 നവംബർ 1 മലയാളദിനമായും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരമായുമാണ് ആഘോഷിക്കുന്നത്.
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മത്സ്യബന്ധനവും സാംസ്‌കാരികവും യുവജനകാര്യവും വകുപ്പുമന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്, ഡോ. രാജൻ നാംദേവ് ഖൊബ്രഗഡെ ഐ. എ. എസ്. സ്വാഗതം ആശംസിക്കും.
മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ശ്രീമതി. സരസമ്മ കെ. കെ., ഡോ. എം. എം. ബഷീർ എന്നിവരെ കേരള സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്യും.. തുടർന്ന് ഇവർ പ്രഭാഷണവും നടത്തും.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ. എ. എസ്. സർക്കാർ ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുക്കും.
'സമകാലിക ജനപഥം' ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.. കൂടാതെ, സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
ഡയറക്ടർ, വിവര-പൊതുജനസമ്പർക്കവകുപ്പ്, ടി. വി. സുഭാഷ് ഐ. എ. എസ്. കൃതജ്ഞത രേഖപ്പെടുത്തും.











