12:15pm 24 October 2025
NEWS
കൊച്ചിയുടേത് സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ കാഴ്ചപ്പാട് മുഖ്യമന്ത്രി പിണറായി വിജയൻ
21/10/2025  08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയുടേത് സംസ്ഥാന സർക്കാരിൻ്റെ  വികസന ക്ഷേമ കാഴ്ചപ്പാട് മുഖ്യമന്ത്രി പിണറായി വിജയൻ
HIGHLIGHTS

മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി കോർപ്പറേഷൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിലെ കൗൺസിൽ ഹാൾ സന്ദർശിക്കുന്നു.

സംസ്ഥാന സർക്കാരിൻ്റെ വികസന - ക്ഷേമ കാഴ്ചപ്പാടിന്റെ അതേ പാതയിൽ തന്നെയാണ് കൊച്ചി കോർപ്പറേഷൻ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മനസിലാക്കാൻ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതികൾ കണ്ണോടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.മറൈൻ ഡ്രൈവിൽ കോർപ്പറേഷൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സമൃദ്ധി, ഷീ ലോഡ്ജ്, മഹാകവി ജി. സ്മാരകം, എറണാകുളം മാർക്കറ്റ് നവീകരണം, നഗരത്തിലെ പൊതു ഇടങ്ങളുടെ നവീകരണം, തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയം, പി ആൻ്റ്  ടി നിവാസികളുടെ പുനരധിവാസം, ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വെള്ളക്കെട്ട് നിവാരണം തുടങ്ങി മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് കോർപ്പറേഷൻ നടപ്പാക്കിയത്.

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ഗൗരവമായി എടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഫലം കണ്ടു. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബയോ മൈനിംഗ് പുരോഗതി രാജ്യ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. നഗരസഭയുടെ കാര്യക്ഷമമായ പ്രവർത്തനം കാരണമാണ് ഇതെല്ലാം സാധ്യമായത്.

കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. കൊച്ചി മെട്രോയുടെ വികസനം,  വിമാനത്താവള വികസനം, കൊച്ചി വാട്ടർ മെട്രോ, പെട്രോകെമിക്കൽ പാർക്ക്, ഇൻഫോപാർക്ക് വികസനം എന്നിവയെല്ലാം ആ നിലക്കുള്ള പദ്ധതികളാണ്. അതിനു പുറമേ ക്ഷേമ ഇടപെടലുകളുടെ കാര്യത്തിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ക്ഷേമപദ്ധതികൾ അർഹരായ എല്ലാവരിലേക്കും, വികസനപദ്ധതിയുടെ ഗുണഫലങ്ങൾ എല്ലാവർക്കും എന്ന നയത്തോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. എറണാകുളം ജില്ലയിലെ ലൈഫ് പദ്ധതിയിൽ ജില്ലയിലെ 40,000-ത്തോളം കുടുംബങ്ങൾക്ക് വീടും 14,000-ത്തോളം കുടുംബങ്ങൾക്ക് ഭൂമിയും ലഭ്യമാക്കാനായി.

നവംബർ ഒന്നിന് അപൂർവമായ ഒരു അംഗീകാരം  നേടാനുള്ള ഒരുക്കത്തിലാണ് കേരളം. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ്. അതോടെ ലോകത്തിനു മുന്നിൽ തന്നെ അത്ഭുതകരമായ, ആശ്ചര്യകരമായ ഒരു സംസ്ഥാനമായി നമ്മുടെ കേരളത്തെ പരിഗണിക്കും. എല്ലാവർക്കും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ കഴിയുമെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്തത് പ്രധാനപ്പെട്ട ചുമതലയാണ്. 

ഓരോ തദ്ദേശ സ്വയംഭരണ അതിർത്തിയിലുമുള്ള അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യ മുക്തമാക്കാനുള്ള പ്രശംസനീയമായ പ്രവർത്തനമായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നടത്തിയത്. എല്ലാവരും  ചേർന്ന്  നടത്തിയ ശ്രമത്തിന് നല്ല ഫലം ഉണ്ടാക്കാൻ കഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നിർവഹിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ മന്ദിരത്തിന് സമീപം നടന്ന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. കെട്ടിടത്തിനായി സ്ഥലം ലഭ്യമാക്കിയ മുൻ മേയർ ദിനേശ് മണിയെ ആദരിച്ചു.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ഉമാ തോമസ്, കെ. ബാബു, കെ.എൻ ഉണ്ണികൃഷ്ണൻ, ജി.സി.ഡി.എ അധ്യക്ഷൻ കെ. ചന്ദ്രൻ പിള്ള, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, കെ.ജെ സോഹൻ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img