10:58am 18 May 2026
NEWS
ചെന്നിത്തല എന്റെ നേതാവ്: സതീശൻ വീട്ടിൽചെന്ന് കണ്ട് അനുനയ നീക്കം; മന്ത്രിസഭാ പ്രവേശം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല
16/05/2026  09:16 AM IST
സുരേഷ് വണ്ടന്നൂർ
ചെന്നിത്തല എന്റെ നേതാവ്: സതീശൻ വീട്ടിൽചെന്ന് കണ്ട് അനുനയ നീക്കം; മന്ത്രിസഭാ പ്രവേശം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല

​തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തനായ രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വഴുതക്കാട്ടെ വസതിയിലെത്തി സന്ദർശിച്ചു. ഗുരുവായൂർ ദർശനത്തിന് ശേഷം ഇന്നലെ രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ ചെന്നിത്തലയെ ഉച്ചയോടെയാണ് സതീശൻ കണ്ടത്.
​അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ചെന്നിത്തലയോട് മന്ത്രിസഭയിൽ അംഗമാകാൻ സതീശൻ അഭ്യർത്ഥിച്ചതായാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഒന്നിച്ച് മാദ്ധ്യമങ്ങളെ കണ്ടു.
​"ചെന്നിത്തല എന്റെ നേതാവാണ്. ജ്യേഷ്ഠസഹോദരന് തുല്യനായ അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ എനിക്കുണ്ടാകും."
— വി.ഡി. സതീശൻ
​രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അത് പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ മറുപടി നൽകി.
​സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്ന് ചെന്നിത്തലയും പ്രതികരിച്ചു. 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ ദുരിതത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാൻ ഹൈക്കമാൻഡ് ഏൽപ്പിച്ച ദൗത്യം എല്ലാവരും ഒന്നിച്ച് നിറവേറ്റുമെന്നും, മന്ത്രിസഭാ പ്രവേശം പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ ചേരാൻ എന്തെങ്കിലും ഉപാധികളുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾ തമ്മിൽ യാതൊരുവിധ ഉപാധികളുമില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img