02:59pm 20 September 2026
NEWS
നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ‘Spouse’ നികുതിയിളവ് നൽകാനാകില്ലെന്ന് കേന്ദ്രം
20/09/2026  10:59 AM IST
നിയമകാര്യ ലേഖകൻ
നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ‘Spouse’ നികുതിയിളവ് നൽകാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ആദായനികുതി നിയമത്തിലെ ‘ഭാര്യ/ഭർത്താവ്’ (Spouse) എന്ന പരിധിയിൽ വരുന്ന നികുതിയിളവുകൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. പങ്കാളികൾ തമ്മിൽ കൈമാറുന്ന സമ്മാനങ്ങൾക്ക് നികുതിയിളവ് നിഷേധിക്കുന്നതിനെതിരായ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഐ.ഐ.ടി. പൂർവവിദ്യാർഥികളായ അനുരാഗ് കാലിയയും അഖിലേഷ് ഗോടിയും ചേർന്നാണ് ആദായനികുതി നിയമത്തിലെ പ്രസക്തമായ വ്യവസ്ഥ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പങ്കാളികൾ തമ്മിലുള്ള സമ്മാനങ്ങൾക്ക് നികുതി ചുമത്തുമ്പോൾ ‘ബന്ധു’ എന്ന നിർവചനത്തിൽ ഭാര്യയെയോ ഭർത്താവിനെയോ ഉൾപ്പെടുത്തുന്നുണ്ടെന്നും സ്വവർഗ പങ്കാളികളെ അതിൽനിന്ന് ഒഴിവാക്കുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന തുല്യതയുടെയും വിവേചനരാഹിത്യത്തിന്റെയും ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ, നിയമപരമായി അംഗീകരിക്കപ്പെടാത്ത ബന്ധങ്ങൾക്ക് വിവാഹവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നത് സ്വവർഗ വിവാഹത്തിന് പരോക്ഷമായി നിയമസാധുത നൽകുന്നതിന് തുല്യമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രത്തിനുവേണ്ടി വാദിച്ചു. വിവാഹത്തിന്റെ നിയമപരമായ അംഗീകാരവും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും നയപരവും നിയമനിർമ്മാണപരവുമായ വിഷയങ്ങളാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതികളല്ല, നിയമനിർമ്മാണ സഭയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ തുടർവാദം ഒക്ടോബർ 9-ലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img