
കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിൽ 120 കോടിയുടെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയവരുടെ പേരിലാണ് പദ്ധതി തയ്യാറാക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവിതദർശനങ്ങൾ പ്രചരിപ്പിക്കലാണ് ലക്ഷ്യം.
സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, തൊഴിൽപരിശീലന സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കും. മഹാത്മാക്കളുടെ ജന്മസ്ഥലങ്ങളും പ്രവർത്തനകേന്ദ്രങ്ങളും സംരക്ഷിക്കും. വിശ്വകർമ്മയോജന പദ്ധതിയുടെ ഭാഗമായി കൈത്തൊഴിലാളികൾക്കായി ‘വിശ്വകർമ്മ വില്ലേജുകൾ’ രൂപീകരിക്കും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ ശുപാർശയിലൂടെയാണ് പദ്ധതി മുന്നോട്ട് വന്നത്.











