
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കീഴിൽ കേന്ദ്രീകരിക്കുമെന്ന വിമർശനമുയരുന്ന വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ (വി.ബി.എസ്.എ.) ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം എൻ.ഡി.എ. സർക്കാരുകളുള്ള ചില സംസ്ഥാനങ്ങളും ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം സമ്മർദത്തിലായിരിക്കുകയാണ്.
നിലവിലെ യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. ഉൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളെ ഒഴിവാക്കി, അവയ്ക്കു പകരം വി.ബി.എസ്.എ. എന്ന ഏക റഗുലേറ്ററി സംവിധാനം കൊണ്ടുവരാനാണ് ബില്ലിലെ പ്രധാന നിർദേശം. എന്നാൽ നിലവിലെ സംവിധാനത്തിൽ നിന്ന് പുതിയ ചട്ടക്കൂടിലേക്ക് മാറുന്ന നടപടിക്രമം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണമില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
സംസ്ഥാന സർവകലാശാലകളുടെ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം ഗണ്യമായി കുറയുകയും എല്ലാ നിർണായക തീരുമാനങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകുകയും ചെയ്യുമെന്ന ആശങ്കയാണ് വിവിധ സംസ്ഥാനങ്ങൾ പങ്കുവെക്കുന്നത്. സർവകലാശാലകളുടെ സ്വയംഭരണത്തിനും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഇത് തിരിച്ചടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ പിന്നീട് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. ബി.ജെ.പി. എം.പി. ഡി. പുരന്ദേശ്വരി അധ്യക്ഷയായ സമിതി വർഷകാല സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചേക്കും. തുടർന്ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെ ബാധിക്കുന്നതാണെന്ന് ആന്ധ്രപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർവകലാശാലകളെ ബാധിക്കുന്ന തീരുമാനങ്ങൾക്ക് മുമ്പ് സംസ്ഥാനങ്ങളുമായി നിർബന്ധമായും കൂടിയാലോചന നടത്തണമെന്നും ആന്ധ്ര സർക്കാർ ആവശ്യപ്പെട്ടു. ബിരുദദാന അധികാരവുമായി ബന്ധപ്പെട്ട 11-ാം വകുപ്പ് സംസ്ഥാന സർവകലാശാലകളുടെ അധികാരപരിധിയിലേക്കുള്ള ഇടപെടലാണെന്നും ആന്ധ്ര അഭിപ്രായപ്പെട്ടു.
അതേസമയം, റഗുലേറ്ററി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് ആവശ്യപ്പെട്ടപ്പോൾ, കേന്ദ്ര-സംസ്ഥാന അധികാരപരിധി വ്യക്തമായി നിർവചിക്കണമെന്ന് മേഘാലയ സർക്കാർ നിർദേശിച്ചു. പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര പങ്കാളിത്തമില്ലെന്നതും വിവിധ സംസ്ഥാനങ്ങൾ ഉയർത്തുന്ന പ്രധാന ആശങ്കയാണ്.
ബിൽ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതും സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. ബില്ലിനെ "വെരി ബാഡ് ശിക്ഷാ ആക്ട്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആന്ധ്രപ്രദേശിലെ എൻ.ഡി.എ. സർക്കാർ ബില്ലിനെതിരെ വിയോജനക്കുറിപ്പ് സമർപ്പിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.










