12:55pm 31 August 2026
NEWS
മതചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ കേസ്
31/08/2026  10:05 AM IST
nila
മതചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ കേസ്

 

ന്യൂഡൽഹി: മതപരമായ ചടങ്ങിനെ ജാതീയ വിവേചനവുമായി ബന്ധപ്പെടുത്തി പരാമർശിച്ചെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി കോട്‌വാലി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ജവാഹർ നഗർ കോളനി സ്വദേശിയായ അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. ശ്രീരാമ സേന ധർമാർഥ സേവ ന്യാസിന്റെ ഭാരവാഹിയായ അമിത് കുമാർ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ശുദ്ധീകരണ ചടങ്ങിനെ അയിത്തവുമായി ബന്ധപ്പെടുത്തുകയും പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമമായി ചിത്രീകരിക്കുകയും ചെയ്തെന്നാണ് രാഹുൽ ഗാന്ധിക്കെതിരായ പ്രധാന ആരോപണം. ഓഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇത്തരത്തിൽ പരാമർശം നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശുദ്ധീകരണ ചടങ്ങിന് ഏതെങ്കിലും വ്യക്തിയുമായോ ജാതിയുമായോ ബന്ധമില്ലായിരുന്നുവെന്നാണ് പരാതിക്കാരന്റെ വാദം. എന്നാൽ യാതൊരു സ്ഥിരീകരണവുമില്ലാതെ ചടങ്ങിനെ പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യമായി വിശേഷിപ്പിക്കുകയും ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. താൻ വാൽമീകി സമുദായത്തിൽപ്പെട്ടയാളായിട്ടും അയിത്തം ആചരിക്കുന്നയാളായും ദലിത് വിരുദ്ധനായും രാഹുൽ ഗാന്ധി ചിത്രീകരിച്ചെന്നും ഇത് വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും സംഘർഷവും വളർത്താൻ ഇടയാക്കിയെന്നും അമിത് കുമാർ പരാതിയിൽ ആരോപിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ഹൽദ്വാനിയിലെ ചടങ്ങിന് പിന്നാലെയായിരുന്നു ശുദ്ധീകരണ നടപടി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ചടങ്ങിനെ ‘തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപം’ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഇത് ഭരണഘടനാ ലംഘനമാണെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യത്ത് ദലിതർ ഇപ്പോഴും വിവേചനം നേരിടുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img