11:03pm 07 September 2026
NEWS
സ്പെയിനിനെ ഞെട്ടിച്ച കെയ്പ് വെർഡി; ഫുട്ബോൾ സ്വപ്നങ്ങൾ തീർത്ത ദ്വീപ് രാഷ്ട്രത്തിന്റെ കഥ
16/06/2026  01:26 PM IST
nila
സ്പെയിനിനെ ഞെട്ടിച്ച കെയ്പ് വെർഡി; ഫുട്ബോൾ സ്വപ്നങ്ങൾ തീർത്ത ദ്വീപ് രാഷ്ട്രത്തിന്റെ കഥ

ജനസംഖ്യയിൽ കൊല്ലം കോർപറേഷനേക്കാൾ വലിയ വ്യത്യാസമില്ലാത്ത ചെറിയ ദ്വീപ് രാഷ്ട്രമാണ് കെയ്പ് വെർഡി. എന്നാൽ ഫുട്ബോൾ മൈതാനത്ത് ഈ കുഞ്ഞൻ രാജ്യം ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. സ്പെയിൻ പോലുള്ള വമ്പൻ ടീമുകളെ പോലും വെല്ലുവിളിക്കാൻ കഴിയുന്ന ശക്തിയായി കെയ്പ് വെർഡി വളർന്നത് അവരുടെ സമ്പന്നമായ ഫുട്ബോൾ പാരമ്പര്യത്തിന്റെ കരുത്തിലാണ്.

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് സെനഗലിന് സമീപമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പത്ത് ദ്വീപുകളുടെ കൂട്ടായ്മയാണ് കെയ്പ് വെർഡി. 15-ാം നൂറ്റാണ്ടുവരെ ജനവാസമില്ലാതിരുന്ന ഈ പ്രദേശം പോർച്ചുഗീസ് നാവികരുടെ സമുദ്രപര്യവേക്ഷണത്തിനിടെയാണ് ലോകഭൂപടത്തിൽ ഇടം നേടിയത്. തുടർന്ന് പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇത് മാറി.

അടിമക്കച്ചവടത്തിന്റെ ചരിത്രവുമായി ചേർന്നുനിൽക്കുന്ന കെയ്പ് വെർഡി, ആഫ്രിക്കൻ അടിമകൾ, സ്വർണം, ആനക്കൊമ്പ് എന്നിവയുടെ വ്യാപാരത്തിലൂടെ സാമ്പത്തികമായി വളർന്നു. 1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും അവിടെനിന്ന് ലഭിച്ച ഫുട്ബോൾ സംസ്കാരം രാജ്യം നെഞ്ചോടുചേർത്ത് സൂക്ഷിച്ചു.

ലോകഫുട്ബോളിൽ ശ്രദ്ധേയനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയുടെ ജന്മനാടും കെയ്പ് വെർഡിയാണ്. ബാല്യത്തിലേ പോർച്ചുഗലിലേക്ക് കുടിയേറിയെങ്കിലും അദ്ദേഹത്തിന്റെ വേരുകൾ ഈ ദ്വീപ് രാജ്യത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുടുംബപാരമ്പര്യത്തിനും കെയ്പ് വെർഡിയുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. റൊണാൾഡോയുടെ മുത്തശിയുടെ വേരുകൾ ഈ ദ്വീപുകളിലേക്കാണ് എത്തിച്ചേരുന്നത്.

ഇന്ന് കെയ്പ് വെർഡി ദേശീയ ടീമിൽ സ്വദേശികളോടൊപ്പം പോർച്ചുഗലിൽ ജനിച്ചും വളർന്നും പിന്നീട് സ്വന്തം പാരമ്പര്യത്തിന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എത്തിയ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചെറിയ ജനസംഖ്യയുള്ള രാജ്യമായിരുന്നാലും ഫുട്ബോളിനോടുള്ള അതിയായ ആവേശവും പ്രതിഭകളെ വളർത്തുന്ന സംസ്കാരവുമാണ് കെയ്പ് വെർഡിയെ ലോകഫുട്ബോളിൽ ശ്രദ്ധേയ ശക്തിയാക്കി മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img