2021 ലെ പിണറായി വിജയന് തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പ് ഒരു ഉത്സവാഘോഷമായിരുന്നു. 1977 ൽ അച്യുതമേനോൻ മുന്നണിക്ക് കെ. കരുണാകരന്റെ നേതൃത്വത്തിൽ രണ്ടാം ഭരണം കിട്ടിയതൊഴിച്ചാൽ പിന്നെ ആ സ്ഥാനത്തിന് അർഹനാകുന്നത് പിണറായി മാത്രമാണ്. 1980 ൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംവിധാനങ്ങൾ നിലവിൽ വന്നശേഷം ഇ.കെ. നായനാർ മുഖ്യമന്ത്രിയായത് മൂന്ന് ടേമുകളിലാണ്. അതുകൊണ്ടുതന്നെ പിണറായിയും പാർട്ടിയും അഹങ്കാരത്തിലായിരുന്നു. തന്റെ സോഷ്യൽ എൻജിനീയറിംഗ് വിജയിച്ചതിലുള്ള അഹങ്കാരം പിണറായിയെ ഉത്സവലഹരിയിലാക്കി. പാർട്ടിക്കുള്ളിൽ രണ്ട് അഴിച്ചുപണി പിണറായി നടത്തി. സീറ്റ് നിർണ്ണയ വേളയിൽ തന്നെ ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക് എന്നിവർക്ക് സീറ്റ് നൽകിയില്ല. രണ്ട് തവണ എം.എൽ.എമാരായിരുന്ന സി.പി.എംകാരെ ഒഴിവാക്കി. അതുകണ്ട് സി.പി.ഐക്കാരും ആ മാർഗ്ഗം സ്വീകരിച്ചു. മുന്നണിയിൽ ഇടതു പാർട്ടികളായി സി.പി.എമ്മും സി.പി.ഐയും മാത്രമേ ഉള്ളൂവെന്ന അഹങ്കാരം രണ്ട് പാർട്ടികൾക്കും ഉണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും, സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനും പിണറായിയെ പിന്തുണച്ച രണ്ട് പിൻബലങ്ങളായിരുന്നു. പ്രതിപക്ഷമോ ഘടകകക്ഷികളോ ആരോപണമുന്നയിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻനിരയിലുണ്ടായിരുന്നത് കോടിയേരിയും കാനവുമായിരുന്നു. മാസത്തിലൊരുദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിമാരുടെ യോഗതീരുമാനങ്ങളായിരുന്നു രണ്ടാം പിണറായി സർക്കാർ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളുടെയും അവസാനവാക്കായത്. മന്ത്രിസ്ഥാനം പോലും ഇല്ലാതിരുന്ന ഘടകകക്ഷികൾ വെറും നോക്കുകുത്തികളായിരുന്നു.
പ്രതിപക്ഷവും നിശ്ചലമായി
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടിയ യു.ഡി.എഫിൽ മുളപൊട്ടിത്തുടങ്ങിയത് അഹങ്കാരത്തിന്റെ വിത്തുകളാണ്. 19 സീറ്റുകൾക്ക് അനുപാതമായി നിയമസഭാ സീറ്റുകൾ വിജയിക്കാമെന്ന അഹങ്കാരത്തോടെയാണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും മത്സരത്തിനിറങ്ങിയത്. ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നില്ലെന്നുള്ള പ്രചരണം ഇളക്കിവിട്ടതും പുതുപ്പള്ളിയിൽ കോൺഗ്രസുകാർ കൊടിയും പിടിച്ചു ഉമ്മൻചാണ്ടിയുടെ പുരപ്പുറത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് നേതൃനിരയിലും ആര് മുഖ്യമന്ത്രി എന്ന ചോദ്യത്തിനും മറുപടിയില്ലാതാക്കി. അതേസമയം പുതുപ്പള്ളിയിൽ ചാണ്ടിഉമ്മനെ സ്ഥാനാർത്ഥിയാക്കുകയും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുകയും ഉമ്മൻചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് മുന്നണി നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നെങ്കിൽ പിണറായി എന്ത് സോഷ്യൽ എൻജിനീയറിംഗ് നടത്തിയാലും തുടർഭരണം ഉണ്ടാകില്ലായിരുന്നു.
കോൺഗ്രസിലെ
നേതൃരൂപീകരണത്തിന്
പിന്നിൽ
ജി. കാർത്തികേയന്റെയും രമേശ് ചെന്നിത്തലയുടെയും ആശ്രിതവാത്സല്യത്തിൽ വളർന്ന 'ഐ' ഗ്രൂപ്പിലെ രണ്ടാം നിരക്കാരായിരുന്ന കെ.സി. വേണുഗോപാലും വി.ഡി.സതീശനും ഉമ്മൻചാണ്ടിയോട് ഇണങ്ങിയും പിണങ്ങിയും നിന്ന് എ ഗ്രൂപ്പിന്റെ നേതൃനിരയിൽ നിന്ന തിരുവഞ്ചൂരിനെപ്പോലുള്ളവരും ആശ്രിതവത്സലരായി നിന്ന ഷാഫിപറമ്പിലും പി.സിദ്ദിക്കും പോലുള്ള യുവതുർക്കികളുമെല്ലാം 2021 ലെ കോൺഗ്രസ് മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരാണ്. അവരുടെ നിരാശയിൽ നിന്നുടലെടുത്ത രാഷ്ട്രീയ ധ്രുവീകരണം രമേശ് ചെന്നിത്തലയുടെ നേതൃമാറ്റത്തിലാണ് കലാശിച്ചത്. ഉമ്മൻചാണ്ടിക്ക് ആരോഗ്യക്ഷീണം ഉണ്ടായപ്പോൾ അദ്ദേഹവുമായുള്ള സൗഹൃദം ബന്ധിച്ചവരുടെ കാര്യം ഉമ്മൻചാണ്ടിയുടെ കുടുംബം തന്നെ വെളിപ്പെടുത്തിയതാണ്. ഉമ്മൻചാണ്ടിയുടെ അന്ത്യവിലാപയാത്രയും പുതുപ്പള്ളിയിൽ കണ്ട ജനാവലിയും പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷവും കണ്ട് ആ കൂട്ടരെല്ലാം അന്തംവിടുകയായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലുള്ള ഗ്രൂപ്പുകൾ ഒക്കെ മതിയാക്കി ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ വി.ഡി. സതീശന്റേയും കെ.സുധാകരന്റേയും പൊരുത്തക്കേടുകൾക്ക് ഗ്രൂപ്പുകൾക്കതീതമായി എന്ത് കാരണമാണുള്ളത്. വെള്ളാപ്പള്ളിയുടെ സതീശനെതിരായ പ്രസ്താവന ആ ചേരി തിരിവിന്റെ സൂചനയാണ്.
ഉപതെരഞ്ഞെടുപ്പുഫലം വന്നുകഴിയുമ്പോൾ മാത്രമേ ഇനി കോൺഗ്രസ് നേതൃനിരയിലെ ചക്കളത്തിപ്പോരാട്ടത്തിന്റെ ചുരുളുകൾ കൊഴിയുകയുള്ളൂ. 2026 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സരിന്മാരെ തേടിയുള്ളഅന്വേഷണം എൽ.ഡി.എഫ് നടത്തിത്തുടങ്ങും. പാലക്കാട് അതിന്റെ റിഹേഴ്‌സൽ ആയിരുന്നു.
2021 ലെ മന്ത്രിസഭാ
രൂപീകരണം
2021 ലെ മന്ത്രിസഭാ രൂപീകരണത്തിൽ ജാതി സമവാക്യങ്ങളെക്കാൾ പുതിയൊരു ടീം എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ കണ്ടത്.
സി.പി.എമ്മിൽ നിന്ന് കെ.കെ. ശൈലജ, കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ എന്നീ മുൻമന്ത്രിമാർക്ക് സീറ്റ് നൽകിയെങ്കിലും മന്ത്രിസ്ഥാനം നൽകിയില്ല.
തീയ്യ- ഈഴവ സമുദായത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടാതെ, എ.കെ. ശശീന്ദ്രൻ(എൻ.സി.പി), വി.എൻ. വാസവൻ(സി.പി.എം), ജെ. ചിഞ്ചുറാണി(സി.പി.ഐ), കൃഷ്ണൻകുട്ടി(ജെ.ഡി.എസ്) എന്നീ അഞ്ചുപേരാണുള്ളത്. ജി.ആർ. അനിൽ(സി.പി.ഐ), കെ.എൻ. ബാലഗോപാൽ(സി.പി.എം), ആർ. ബിന്ദു(സി.പി.എം), പി. പ്രസാദ്(സി.പി.ഐ), കെ.രാജൻ(സി.പി.ഐ), പി. രാജീവ്(സി.പി.എം), എം.ബി. രാജേഷ്(സി.പി.എം), വി. ശിവൻകുട്ടി(സി.പി.എം) എന്നിവരും, രണ്ടരവർഷം കഴിഞ്ഞപ്പോൾ ആന്റണി രാജുവിന് പകരം കെ.ബി.ഗണേശ്കുമാർ(കേരളകോൺഗ്രസ് ബി) ഉൾപ്പെടെ ഒൻപതുപേർ നായർ സമുദായ അംഗങ്ങളാണ് ഇപ്പോൾ. അഹമ്മദ് ദേവർകോവിൽ(ഐ.എൻ.എൽ) ന് പകരമാണ് കടന്നപ്പള്ളി രാമചന്ദ്രനെ എടുത്തത്. അദ്ദേഹം ഗണക സമുദായക്കാരനാണ്. മുസ്ലീംമതത്തിൽ നിന്ന് മൊഹമ്മദ് റിയാസ്(സി.പിഎം), അബ്ദുറഹിമാൻ(സി.പി.എം) എന്നീ രണ്ടുപേർ മാത്രമാണ് ഇപ്പോഴുള്ള മന്ത്രിമാർ. റോഷി അഗസ്റ്റിൻ(കെ.സി.(എം)), സജി ചെറിയാൻ(സി.പി.എം), വീണാജോർജ്(സി.പി.എം) എന്നിവർ ക്രിസ്ത്യൻ സമുദായക്കാരും, ഒ.ആർ. കേളു(സി.പി.എം) പട്ടികജാതി പട്ടികവിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ്. മുസ്ലീം സമുദായക്കാരനായ എ.എൻ. ഷംസീർ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ(എസ്.സി) വിഭാഗക്കാരനുമാണ്.
നേരത്തെ സൂചിപ്പിച്ചപ്രകാരം പുതുമുഖങ്ങളായ മന്ത്രിമാരെ ഉൾപ്പെടുത്തുകയായിരുന്നു. സാധാരണയായി എൽ.ഡി.എഫ് സർക്കാരുകളിൽ നായർ- ഈഴവ മന്ത്രിമാരുടെ എണ്ണം ഏകദേശം തുല്യമാകാറുണ്ടായിരുന്നു.
എൻ.സി.പിയുടെ റിമോട്ട് കൺട്രോൾ
മുഖ്യമന്ത്രിക്കോ?
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എൻ.സി.പിയുടെ നോമിനി എന്നതിനേക്കാൾ മലബാറിലെ തീയ്യ സമുദായക്കാരനുമാണ്. വനംവകുപ്പിനെക്കുറിച്ച് പല കോണുകളിൽ നിന്നും പരാതികൾ ഉണ്ടായെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചുപോന്നു. കെ.ബി. ഗണേശ്കുമാറിനെ ആന്റണി രാജുവിനുപകരം മന്ത്രിയാക്കിയപ്പോൾ ഗണേശ്കുമാർ വനം വകുപ്പ് ചോദിച്ചു. മുഖ്യമന്ത്രി കൊടുക്കാൻ സന്നദ്ധനായിരുന്നുവെങ്കിലും വകുപ്പുമാറ്റം പോലും എൻ.സി.പിയിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുഖ്യമന്ത്രിക്കറിയാമായിരുന്നു. പുനഃസംഘടനാ വിഷയചർച്ച തുടങ്ങിയപ്പോൾ തന്നെ പകരം മന്ത്രിക്കാര്യത്തിനാണ് എൻ.സി.പിയിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവച്ചത്. എ.കെ. ശശീന്ദ്രന് പകരം ഒരു തീയ്യ സമുദായക്കാരനെയാണ് മന്ത്രിയാക്കുന്നതെങ്കിൽ മുഖ്യമന്ത്രി വേഗം സമ്മതിച്ചേക്കാം. രണ്ട് മുസ്ലീം മന്ത്രിമാർ മാത്രമുള്ളപ്പോൾ മൂന്ന് ക്രിസ്ത്യൻ മന്ത്രിമാർ എന്ന ന്യൂനപക്ഷ അസന്തുലിതാവസ്ഥയുണ്ടാകും. ശശീന്ദ്രന് പകരം എൻ.സി.പിയിൽ നിന്ന് തോമസ് കെ. തോമസിനെ എടുത്താൽ ക്രിസ്ത്യൻ മന്ത്രിമാരുടെ എണ്ണം കൂടും. മലബാറിൽ തീയ്യ പ്രാതിനിധ്യവും കുറയും.
ജെ.ഡി.എസ്സിന്റെ പ്രതിനിധി പാലക്കാട് ചിറ്റൂർകാരനായ കെ. കൃഷ്ണൻകുട്ടി തീയ്യസമുദായക്കാരനാണ്. അതേക്കാൾ രാഷ്ട്രീയ പ്രശ്‌നം ഉള്ളത് വളരെ ഗുരുതരവുമാണ്. ദേശീയരാഷ്ട്രീയത്തിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ നയിക്കുന്ന ജെ.ഡി.എസ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലെ ഘടകകക്ഷിയും മുൻ കർണ്ണാടക മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര കാബിനറ്റിൽ മന്ത്രിയുമാണ്.
കോൺഗ്രസും പ്രതിപക്ഷവും കേരളത്തിൽ സി.പി.എം- ബി.ജെ.പി ബന്ധത്തെ ന്യായീകരിക്കാൻ ജെ.ഡി.എസ്- ബി.ജെ.പി ബന്ധം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കുത്തിനോവിക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ ആർ.ജെ.ഡിയും തങ്ങളുടെ കക്ഷിക്ക് മന്ത്രിസ്ഥാനം ആവശ്യപ്പെടുമ്പോൾ തന്നെ ജെ.ഡി.എസിന്റെ കേന്ദ്രഭരണ ബന്ധത്തെ വിമർശിക്കുന്നുമുണ്ട്. കേരളത്തിലെ ജെ.ഡി.എസ് ഘടകവും 2021 ലെ തെരഞ്ഞെടുപ്പിൽ അവരുടെ ദേശീയചിഹ്നത്തിലാണ് മത്സരിച്ചത്. ദേശീയ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു പ്രത്യേക കേരളഘടകമുണ്ടാക്കിയാൽ കേരളത്തിലെ പാർട്ടിപദവി നഷ്ടമാവുകയും ചെയ്യും. കൂറുമാറ്റ നിരോധനനിയമം ബാധകമാക്കുക കൂടി ചെയ്താൽ പാർട്ടിക്കുള്ള എം.എൽ.എ സ്ഥാനവും നഷ്ടപ്പെടും. ഈ സാഹചര്യങ്ങളിൽ മുഖ്യമന്ത്രിക്ക് മന്ത്രി കൃഷ്ണൻകുട്ടിയെ പുറത്താക്കുകയോ അല്ലെങ്കിൽ രാജി ആവശ്യപ്പെടുകയോ ചെയ്യേണ്ടിവരും. എ.കെ. ശശീന്ദ്രനെ രാജിവയ്പ്പിക്കുന്നതിന്റെ പിന്നാലെ തീയ്യ സമുദായത്തിൽപ്പെട്ട ജെ.ഡി.എസ് മന്ത്രിയെ മാറ്റേണ്ടിവന്നാൽ സമുദായ സമവാക്യങ്ങൾ ആകെ അവതാളത്തിലാകും. ഇപ്പോൾ മുഖ്യമന്ത്രിയും ജെ.ഡി.എസും സി.പി.എമ്മും എല്ലാം മൗനത്തിലാണ്. കേരളത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് ഒരു പ്രസ്താവനയിറക്കി മൗനവ്രതത്തിലാണ്. ഒരു വിഷയത്തിലും ഒരു തുടർ ഇടപെടൽ നടത്താറില്ല. കർണ്ണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസും നേതാക്കളും ഒരു മന്ത്രവാദകഥയുടെ പിന്നാലെ എത്രമാത്രം സഞ്ചരിച്ചു. ഒരു ഫലവും കണ്ടില്ലെന്നുമാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മന്ത്രവാദം തുടങ്ങി.
മുഖ്യമന്ത്രി ആരെയാണ്
ഭയക്കുന്നത്?
എൻ.സി.പിയാണ് മന്ത്രിസഭാ അഴിച്ചുപണിക്ക് വേണ്ടി ബലം പിടിക്കുന്നത്. തോമസ് കെ. തോമസിനൊപ്പം പി.സി. ചാക്കോയും കൂടെയുണ്ട്. ശരത് പവ്വാർ ഉൾപ്പെടെ കേന്ദ്രനേതാക്കളുമായി ചാക്കോയ്ക്ക് നല്ല ബന്ധമുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ വരെയെ ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാവൂ എന്ന് മുഖ്യമന്ത്രിക്കും പാർട്ടിക്കും അറിയാം.
എന്നാൽ മഹാരാഷ്ട്രാ നിയമസഭ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞാലേ ശരത്പവ്വാറിന്റെ നിലനിൽപ്പ് വ്യക്തമാകൂ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ അവർക്ക് ആശ്വാസം നൽകുന്നത്. ആ പ്രതീക്ഷയിലാണ് പാർട്ടിയുടെ നിലനിൽപ്പും ഭാവിയും നിശ്ചയിക്കപ്പെടുന്നത്.
ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം വയനാട്ടിൽ സ്ഥിരം വോട്ടുണ്ട്. അതിനപ്പുറം പ്രതീക്ഷകളില്ല. ഇടതുമുന്നണിയും ബി.ജെ.പിയും കൂടി ഒരുമിച്ചുനിന്നാലും പ്രിയങ്കയെ തോൽപ്പിക്കാനാവില്ല. അതുതന്നെയാണ് കോൺഗ്രസിന്റെ ആത്മവിശ്വാസവും.
പാലക്കാട് ഒരു പരീക്ഷണം മാത്രമാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. അവരെ രണ്ട് കൂട്ടരെയും ഒന്ന് പേടിപ്പിക്കുക മാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യം.
ചേലക്കരയിൽ എൽ.ഡി.എഫിനും സി.പി.എമ്മിനും ജയിച്ചേ പറ്റൂ. അത് അവരുടെ ഭാവിയും നിലനിൽപ്പുമാണ്. വീണ്ടുമൊരു തോൽവി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനമാകും. ഇത്രയൊക്കെ ബഹളങ്ങൾ ഉണ്ടാക്കിയിട്ടും പാലക്കാട് ഒരു രണ്ടാം സ്ഥാനം എങ്കിലും കിട്ടിയില്ലെങ്കിൽ പാർട്ടി നടത്തുന്ന പരീക്ഷണങ്ങളെ പാർട്ടി പ്രവർത്തകരും ജനങ്ങളും മുന്നണിയിലെ ഘടകകക്ഷികളും ഇനി വിശ്വസിക്കില്ല. പാർട്ടിക്കുള്ളിലും മുന്നണിയിലും ഉൾപാർട്ടി പ്രശ്‌നങ്ങൾ തലപൊക്കും. വരാൻ പോകുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും വരെ പരീക്ഷണപരാജയ ചർച്ചകൾ കൊടുങ്കാറ്റ് വീശും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങൾ മുതൽ പി.പി. ദിവ്യയുടെ ദിവ്യാസ്ത്രങ്ങൾ തുളച്ചുകയറിയ കുന്തമുനകൾവരെ സർക്കാരിന്റെയും പാർട്ടിയുടെയും അടിത്തട്ടുകളെ ഇളക്കാൻ പാകത്തിലായി എന്ന് പാർട്ടിയും മുന്നണിയും മനസ്സിലാക്കുന്നു. അതുതന്നെയാണ് ആദ്യപരാജയവും വെല്ലുവിളിയും.