03:48pm 18 September 2026
NEWS
കീടനാശിനി വാങ്ങുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും ഇനി പഴയപോലെ എളുപ്പമാകില്ല
17/09/2026  08:09 AM IST
nila
കീടനാശിനി വാങ്ങുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും ഇനി പഴയപോലെ എളുപ്പമാകില്ല

രാജ്യത്ത് കീടനാശിനി വിൽക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഇനി കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ നിരീക്ഷണത്തിൽ. ഉപയോഗിക്കുന്ന ഓരോ കീടനാശിനിയുടെയും നീക്കം രേഖപ്പെടുത്തുന്ന തരത്തിൽ നിയമങ്ങളിലും ലൈസൻസിങ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തുകയാണ് കേന്ദ്ര കൃഷിമന്ത്രാലയം. ഡിജി രജിസ്ട്രിയിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത കീടനാശിനി ചെറിയ അളവിൽ പോലും കൈവശം വയ്ക്കുന്നതിനും കൃഷിയിടത്തിൽ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും.

കീടനാശിനികളുടെ വിൽപ്പന, വിതരണം, ശേഖരണം എന്നിവയ്ക്കുള്ള ലൈസൻസിങ് ഇനി ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്ത് എത്ര അളവിൽ കീടനാശിനി വിൽക്കുന്നു, എവിടെയാണ് ശേഖരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയത്തിന് തത്സമയം ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

സംസ്ഥാനതല പരിശോധനയ്ക്കും മാറ്റം

വിവിധ ബ്രാൻഡുകളുടെ കീടനാശിനികൾ പരിശോധിക്കുന്ന സംസ്ഥാനതല അതോറിറ്റികൾ സെൻട്രൽ ഇൻസെക്റ്റിസൈഡ് ബോർഡ് പിന്തുടരുന്ന അതേ രീതിയിലുള്ള പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കണം. രാജ്യത്ത് കീടനാശിനികളുടെ പരിശോധനയ്ക്ക് ഏകീകൃത സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

1971ൽ നിലവിൽവന്ന കീടനാശിനി നിയമത്തിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. അമിതമായ വിൽപ്പനയും കൃഷിവകുപ്പ് നിർദേശിക്കുന്നതിലും കൂടുതൽ അളവിലുള്ള ഉപയോഗവും നിയന്ത്രിക്കുക, നിരോധിച്ച കീടനാശിനികൾ പേര് മാറ്റി വിപണിയിലെത്തിക്കുന്നത് തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

മാസംതോറും കണക്ക് നിർബന്ധം

കീടനാശിനി ശേഖരിക്കുന്നവരും വിൽക്കുന്നവരും ഓരോ മാസത്തെയും വിവരങ്ങൾ അടുത്ത മാസം 15നകം ഓൺലൈനായി സമർപ്പിക്കണം. കീടനാശിനിയുടെ തീവ്രത അനുസരിച്ച് നിശ്ചിത ഫോമുകളിലായിരിക്കും വിവരങ്ങൾ നൽകേണ്ടത്.

ഓരോ കീടനാശിനിക്കും ലൈസൻസ് ലഭിക്കുന്നതിന് 2,000 രൂപ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ കീടനാശിനികളുടെ രജിസ്ട്രേഷൻ ഫീസ് പരമാവധി 20,000 രൂപയായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

നിരോധിച്ചവ പേരുമാറ്റി വിൽക്കുന്നത് തടയും

നിലവിൽ കീടനാശിനികളുടെ ഉപയോഗത്തിന് അനുമതി നൽകുന്നത് കേന്ദ്രസർക്കാരാണ്. ഉത്പാദനത്തിനും ശേഖരണത്തിനുമുള്ള ലൈസൻസ് സംസ്ഥാന സർക്കാരുകളും വിൽപ്പനയ്ക്കുള്ള ലൈസൻസ് ജില്ലാ കൃഷി ഓഫീസർമാരുമാണ് നൽകുന്നത്.

സംസ്ഥാനങ്ങൾ ചില കീടനാശിനികൾ നിരോധിച്ചാലും കമ്പനികൾ കോടതിയെ സമീപിച്ച് അനുമതി നേടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പാരക്വിറ്റുമായി ബന്ധപ്പെട്ടും സമാനമായ സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ട്.

വിലക്കുള്ള കീടനാശിനികൾ പേര് മാറ്റി വിൽക്കുന്നത് കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന വിമർശനത്തിനിടെയാണ് ഡിജിറ്റൽ രജിസ്ട്രി സംവിധാനം വരുന്നത്.

രാജ്യത്ത് ഉപയോഗിക്കുന്നത് 2.58 ലക്ഷം ടൺ

രാജ്യത്ത് പ്രതിവർഷം ഏകദേശം 2.58 ലക്ഷം ടൺ കീടനാശിനികൾ ഉപയോഗിക്കുന്നതായാണ് കണക്ക്. കീടനാശിനി വിപണിയുടെ വലുപ്പം ഏകദേശം 500 ദശലക്ഷം രൂപയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കീടനാശിനി അവശിഷ്ടമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് നിയന്ത്രണം ശക്തമാക്കിയതോടെ ഇന്ത്യയിലെ കീടനാശിനി ഉപയോഗവും കൂടുതൽ ശ്രദ്ധ നേടുകയാണ്.

ആവശ്യമായ അളവിനെക്കാൾ രാജ്യത്ത് 30 ശതമാനം വരെ അധികമായി കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്നാണ് വിഷരഹിത ഭക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ കണക്ക്. കേരളത്തിൽ എൻഡോസൾഫാനും പാരക്വിറ്റും ഉൾപ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം വലിയ ആരോഗ്യ-പരിസ്ഥിതി ആശങ്കകൾക്ക് കാരണമായിരുന്നു.

കീടനാശിനി പിടിച്ചുവച്ച് വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും പുതിയ നിയന്ത്രണങ്ങളിലൂടെ തടയാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതോടെ രാജ്യത്തെ കീടനാശിനി വ്യാപാരത്തിലും ഉപയോഗത്തിലും കൂടുതൽ കർശനമായ നിരീക്ഷണമാണ് വരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img