07:57am 11 November 2026
NEWS
വാഴപ്പിണ്ടിയിൽ നിന്ന് കോടികളുടെ ബിസിനസ്; മൂന്ന് സുഹൃത്തുക്കൾക്ക് വരുമാനം 2.5 കോടി രൂപ
11/11/2026  07:45 AM IST
nila
വാഴപ്പിണ്ടിയിൽ നിന്ന് കോടികളുടെ ബിസിനസ്; മൂന്ന് സുഹൃത്തുക്കൾക്ക് വരുമാനം 2.5 കോടി രൂപ

വാഴക്കുല വെട്ടിയെടുത്തുകഴിഞ്ഞാൽ ബാക്കിയാകുന്ന വാഴത്തണ്ട് സാധാരണയായി കർഷകർ കൃഷിയിടങ്ങളിൽ നിന്ന് നീക്കം ചെയ്ത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഈ വാഴപ്പിണ്ടിയിൽ നിന്ന് കോടികളുടെ വരുമാനം കണ്ടെത്തുകയാണ് ബിഹാറിൽ നിന്നുള്ള മൂന്ന് യുവസംരംഭകർ. വാഴപ്പിണ്ടിയിലെ നാരുകൾ വേർതിരിച്ചെടുത്ത് യോഗ മാറ്റുകൾ, ഫയലുകൾ, ബാസ്കറ്റുകൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന ഇവരുടെ സംരംഭം ഇന്ന് വർഷം 2.5 കോടി രൂപ വരുമാനം നേടുന്ന നിലയിലെത്തി. ജഗത് കല്യാൺ, സത്യാം കുമാർ, നിതീഷ് കുമാർ എന്നീ മൂന്ന് ബിഹാർ സ്വദേശികളാണ് ഈ വേറിട്ട സംരംഭത്തിന് പിന്നിൽ. 

ബെംഗളൂരുവിൽ എംബിഎ പഠനകാലത്താണ് ഇവർ പരിചയപ്പെടുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിലെ മികച്ച ജോലികൾ ലഭിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും സ്വന്തം നാട്ടിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹത്തിനാണ് മൂവരും മുൻഗണന നൽകിയത്.

അങ്ങനെയാണ് 2021ൽ 15 ലക്ഷം രൂപ മുതൽമുടക്കിൽ 'തരൗവർ അഗ്രോ ഇൻഡസ്ട്രീസ്' എന്ന സംരംഭത്തിന് തുടക്കമിട്ടത്. വാഴക്കൃഷി വ്യാപകമായ ബിഹാറിൽ കുലവെട്ടിക്കഴിഞ്ഞാൽ കർഷകർ ഉപേക്ഷിക്കുന്ന വാഴത്തണ്ടുകൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടതാണ് ആശയത്തിന് വഴിത്തിരിവായത്. വാഴപ്പിണ്ടിയിൽനിന്ന് നാരുകൾ വേർതിരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്ന സാധ്യത തിരിച്ചറിഞ്ഞതോടെ കാർഷിക വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വാഴയുടെ ഒരു ഭാഗവും പാഴാകുന്നില്ല

കർഷകർ ഉപേക്ഷിക്കുന്ന വാഴത്തണ്ടുകൾ ശേഖരിച്ച് അതിൽനിന്ന് നാരുകൾ വേർതിരിച്ചെടുക്കുകയാണ് ഉൽപാദനത്തിന്റെ ആദ്യഘട്ടം. ഈ നാരുകൾ ഉപയോഗിച്ച് യോഗ മാറ്റുകൾ, ബാസ്കറ്റുകൾ, ഫയലുകൾ, കൈത്തറി ഉൽപന്നങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരമായി ഉപയോഗിക്കാവുന്ന വിവിധ സാധനങ്ങൾ എന്നിവ നിർമിക്കുന്നു.

നാരുകൾ വേർതിരിച്ചെടുത്തശേഷം അവശേഷിക്കുന്ന ഭാഗങ്ങളും വെറുതെ കളയുന്നില്ല. അവ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റ് നിർമിക്കുന്നു. വാഴയുടെ നീരിൽനിന്ന് പ്രത്യേക ദ്രാവകവും ഉൽപാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ വാഴത്തണ്ടിന്റെ വിവിധ ഭാഗങ്ങൾ പ്രയോജനപ്പെടുത്തി അധിക വരുമാനം കണ്ടെത്താനും സംരംഭത്തിന് കഴിയുന്നു.

കർഷകർക്കും ഈ പദ്ധതി സാമ്പത്തികമായി ഗുണകരമാണ്. വാഴക്കുലയ്ക്കൊപ്പം തണ്ടിനും വില ലഭിക്കുന്നതോടെ കൃഷിയിൽനിന്നുള്ള വരുമാനം വർധിക്കുന്നു. കുലവെട്ടിക്കഴിഞ്ഞാൽ തണ്ട് കൃഷിയിടത്തിൽനിന്ന് നീക്കം ചെയ്യുന്നത് കർഷകർക്ക് വലിയ ചെലവാണ്. തണ്ടുകൾ സംരംഭകർ ശേഖരിക്കുന്നതോടെ ഈ ചെലവും കുറയ്ക്കാനാകുന്നു.

15 ലക്ഷം മുതൽമുടക്കിൽ തുടങ്ങി 2.5 കോടി വരുമാനം

2021ൽ വെറും 15 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച സംരംഭം അഞ്ച് വർഷത്തിനുള്ളിൽ വാർഷികം 2.5 കോടി രൂപ വരുമാനം നേടുന്ന നിലയിലേക്ക് വളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉൽപന്നങ്ങളുടെ വിപണനത്തോടൊപ്പം പ്രാദേശികമായി നിരവധി പേർക്ക് തൊഴിൽ നൽകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.

തൊഴിലാളികളിൽ 80 ശതമാനത്തിലധികവും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത. ആവശ്യമായ പരിശീലനം നൽകിയ ശേഷമാണ് ഇവരെ ഉൽപാദന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നത്. ഇതിലൂടെ നിരവധി കുടുംബങ്ങൾക്ക് സ്ഥിരവരുമാനത്തിനുള്ള അവസരവും ഒരുക്കുന്നു.

കൃഷിയിലെ അവശിഷ്ടങ്ങളെ മാലിന്യമായി കാണാതെ അസംസ്കൃത വസ്തുവായി മാറ്റിയെടുത്തതാണ് ഈ മൂന്ന് സുഹൃത്തുക്കളുടെ വിജയത്തിന്റെ അടിസ്ഥാനം. കർഷകർക്ക് അധിക വരുമാനവും സ്ത്രീകൾക്ക് തൊഴിലും പരിസ്ഥിതിക്ക് ഗുണകരമായ ഉൽപന്നങ്ങളും ഒരേസമയം ഒരുക്കുന്ന മാതൃകയായി തരൗവർ അഗ്രോ ഇൻഡസ്ട്രീസ് മാറുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img