05:14am 06 November 2026
NEWS
ബഡ്ജറ്റ്: കോടതി ഫീസ് വർദ്ധനവ് അഭിഭാഷകർക്ക് ദോഷമോ?
09/02/2025  03:43 PM IST
അഡ്വ. ജോസഫ് ജോൺ
ബഡ്ജറ്റ്: കോടതി ഫീസ് വർദ്ധനവ് അഭിഭാഷകർക്ക് ദോഷമോ?

ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2025 -26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വിഭവ സമാഹരണത്തിന്റെ ഭാഗമായി കോടതി ഫീസുകളിൽ വരുത്തിയിട്ടുള്ള വർദ്ധനവ് നിർദ്ദേശങ്ങൾ പരിശോധിച്ചാൽ അഭിഭാഷക സമൂഹത്തെ സംബന്ധിച്ച് തികച്ചും ഹാനികരമാണെന്ന് പറയാൻ നിവൃത്തിയില്ല. കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. കോടതികളുടെ പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും അഭിഭാഷകരുടെയും ഗുമസ്തന്മാരുടെയും ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും നിരന്തരമായ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് കോടതി ഫീസ് വർദ്ധനവ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്ന് പ്രതിപാദിച്ചിരിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. 

കേരള അഭിഭാഷക ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ 2022-ൽ കേരള ബാർ കൗൺസിൽ സർക്കാരിന് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത് അംഗീകരിച്ച് ഭേദഗതി ചെയ്യും എന്നുള്ള ശുഭ പ്രതീക്ഷയാണ് മന്ത്രിയുടെ വാക്കുകളിൽ ഉള്ളത്. അഭിഭാഷക ക്ഷേമനിധി നിയമ ഭേദഗതിയിലൂടെ ക്ഷേമനിധി ഫണ്ടിന് ഉണ്ടാകുന്ന അധിക ബാധ്യതയ്ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിന് ബഡ്ജറ്റിൽ കേരള കോർട്ട് ഫീസ് ആക്റ്റിലെ 76 ാം വകുപ്പിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. ആർബിട്രേഷൻ & കൺസീലിയേഷൻ ആക്ട് 34 ം വകുപ്പ് പ്രകാരമുള്ള അവാർഡ് തുകയുടെ 0.5 ശതമാനം കേരള ലീഗൽ ബെനഫിറ്റ് ഫണ്ടിലേക്ക് മുതൽ കൂട്ടാൻ ഉള്ളതാണ് ഒരു നിർദ്ദേശം. ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് ഒരു വലിയ തുക എത്തിച്ചേരുന്ന നിർദ്ദേശമാണ് ഇത്. കൂടാതെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന എല്ലാ ഒറിജിനൽ പെറ്റീഷൻസിനും സർഫാസി ആക്ടിന് കീഴിൽ വരുന്ന ഓരോ ഹർജികൾക്കും 100 രൂപ വീതം ഈടാക്കി ലീഗൽ ബെനഫിറ്റ് ഫണ്ടിലേക്ക് നൽകും. 

അഭിഭാഷക ക്ഷേമനിധി പത്തു ലക്ഷത്തിൽ നിന്നും 20 ലക്ഷം ആക്കുന്നതിനും അഭിഭാഷകർക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനും ചികിത്സ സഹായം വർധിപ്പിക്കുന്നതിനും ക്ഷേമനിധിയിൽ അംഗത്വം എടുത്താൽ അംഗത്വ  കാലപരിധി കണക്കാക്കാതെ പിറ്റേദിവസം മരണപ്പെട്ടാലും 10 ലക്ഷം രൂപ ലഭിക്കുന്നതിനും ക്ഷേമനിധിയിൽ താമസിച്ച് അംഗത്വം എടുത്തവർക്ക് 10 വർഷം വരെ മുൻകാല അംഗത്വം ലഭിക്കുന്നതിനും, 40 വർഷത്തിനു മുകളിൽ അംഗത്വം ഉള്ളവരെ വാർഷിക വിഹിതം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനും മറ്റുമുള്ള നിർദ്ദേശങ്ങൾ ആണ് ക്ഷേമനിധി ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കേരളത്തിലെ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം പ്രധാനമായി നയപരമായ മറ്റൊരു തീരുമാനവും ബഡ്ജറ്റ് പ്രസംഗത്തിലുണ്ട്. ആക്രമണം മൂലം ഉണ്ടാകുന്ന മരണം, മാരകമായ മുറിവ്, അപകീർത്തിപ്പെടുത്തൽ, ദുരുദ്ദേശപരമായ കുറ്റാരോപണം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വിവിധ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നതിന് ഇപ്പോഴുള്ള 8.5 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കോടതി ഫീസ് കുറച്ചു കൊണ്ടുള്ള പ്രഖ്യാപനമാണിത്. ഡാമേജ് സ്യൂട്ടുകളിൽ നിലവിലുള്ള 8.5 ശതമാനത്തിലുള്ള കോർട്ട് ഫീ അടയ്ക്കാൻ സാധിക്കാത്തത് മൂലം കക്ഷികൾക്ക് കേസ് ഫയൽ ചെയ്യാൻ കഴിയാതെ വരുന്ന ഈ കാലഘട്ടത്തിൽ ഡിഫാമേഷൻ, ക്രിമിനൽ കേസുകളെ തുടർന്ന് പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കൽ, മലീഷ്യസ് പ്രോസിക്യൂഷൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യപ്പെടുന്ന തുകയുടെ ഒരു ശതമാനം മാത്രമായി കോർട്ട് ഫീസ് ചുരുക്കിയതിനാൽ വികസിത വിദേശരാജ്യങ്ങളിൽ ഇത്തരം കേസുകൾ ഫയൽ ചെയ്ത് വൻ തുക നഷ്ടപരിഹാരം ലഭിക്കുന്ന ഒരു കൾച്ചറിലേക്ക് നമ്മുടെ അഭിഭാഷക സമൂഹവും കക്ഷികളും മാറുന്ന ഒരു വിപ്ലവകരമായ സ്ഥിതിവിശേഷമാണ് ഈ മാറ്റം കൊണ്ടു ഉണ്ടാവുന്നത്.  കോടതികളിൽ പൊതുവേ സിവിൽ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ മേൽപ്പറഞ്ഞ മേഖലകളിൽ നിരവധി കേസുകൾ ഫയൽ ചെയ്യുന്നതിന് ഉള്ള അന്തരീക്ഷം ഈ തീരുമാനത്തോടെ നിലവിൽ വരികയാണ്. വാഹന അപകട നഷ്ടപരിഹാര കേസുകൾ മാത്രം പ്രധാനമായി ആശ്രയിക്കുന്ന നമുക്ക് വ്യവഹാരത്തിന്റെ ഒരു പുത്തൻ മേഖല തുറന്നു കിട്ടുവാനും കേസുകളുടെ കാര്യത്തിൽ വലിയ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുവാനും കഴിയുന്ന നിർദ്ദേശമാണിത്. ബാർ കൗൺസിൽ സമർപ്പിച്ച മറ്റൊരു നിർദ്ദേശമാണ് ഈ ഭേദഗതി. 

കേരള കോർട്ട് ഫീ ആൻഡ് സ്യൂട്ട് വാലുവേഷൻ നിയമത്തിലെ നിലവിലുള്ള ഫീസ് പല കാര്യങ്ങളിലും വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്യൂട്ടുകളിൽ ഡിക്ലറേഷൻ, ഇഞ്ചൻക്ഷൻ തുടങ്ങിയവയ്ക്കുള്ള ഫീസിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനുപുറമേ 28, 35, 37, 40, 45, 47, 50, 74 എന്നീ വകുപ്പുകളിലും ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും ആർട്ടിക്കിൾസിലും ഫീസ് വർദ്ധനവുണ്ട്. ലാൻഡ് അക്വസിഷൻ റഫറൻസ് കേസുകളിൽ പുതുതായി ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തർക്ക കേസുകളിലും സിപിസി ഓർഡർ 21 റൂൾ 58, 97 എന്നിവയിൽ പറയുന്ന ക്ലെയിം പെറ്റിഷനുകൾക്കും പുതുതായി ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഏതാനും നടപടിക്രമങ്ങളിൽ ഫീസ് വർദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും ക്ഷേമനിധി നിയമഭേദഗതി യാഥാർത്ഥ്യമായാൽ അഭിഭാഷകർക്ക് തീർച്ചയായും ഗുണകരമായ ഒരു കാര്യമായി തീരും.

അഡ്വ. ജോസഫ് ജോൺ 
(മുൻ ചെയർമാൻ
കേരള ബാർ കൗൺസിൽ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img