12:53pm 30 October 2026
NEWS

പലസ്തീനെ ബ്രിട്ടനും സ്വതന്ത്ര പരമാധികാര രാജ്യമായി അം​ഗീകരിച്ചു

21/09/2025  08:47 PM IST
nila
  പലസ്തീനെ ബ്രിട്ടനും സ്വതന്ത്ര പരമാധികാര രാജ്യമായി അം​ഗീകരിച്ചു

പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അം​ഗീകരിച്ച് ബ്രിട്ടനും.  കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് ബ്രിട്ടനും പലസ്തീനെ സ്വതന്ത്ര രാജ്യമായി അം​ഗീകരിച്ചിരിക്കുന്നത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി യുണൈറ്റഡ് കിംങ്ഡം ഔദ്യോ​ഗികമായി അം​ഗീകരിക്കുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി  കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.  ബ്രിട്ടന്റെ പരമ്പരാ​ഗത സഖ്യകക്ഷികളായ അമേരിക്കക്കും ഇസ്രയേലിനും വലിയ തിരിച്ചടിയാണ് സ്റ്റാർമറുടെ ഈ പ്രഖ്യാപനം. ഇത് ബ്രിട്ടന്റെ ഒരു പ്രധാന വിദേശനയ മാറ്റത്തിന്റെ സൂചനയെന്നാണ് അന്താരാഷ്ട്ര വിദ​ഗ്ധർ പറയുന്നത്.  അമേരിക്കയുമായുള്ള പരമ്പരാഗത സഖ്യത്തിൽ നിന്ന് മാറുന്നതിന്റെ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായാണ് ബ്രിട്ടന്റെ നിർണായക നീക്കം. കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് ബ്രിട്ടനും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്.  'സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു - യുണൈറ്റഡ് കിംങ്ഡം പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.' - യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

ജൂലൈയിൽ യുകെ നയം മാറ്റിയതിനെ തുടർന്നാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ചുള്ള പ്രഖ്യാപനം. ​ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകണമെന്ന് ജൂലൈയിൽ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ അതിന് തയ്യാറാകുന്നില്ലെങ്കിൽ പലസ്തീന് അംഗീകാരം നൽകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസുമായുള്ള വെടിനിർത്തലിന് സമ്മതിക്കുക, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുക, വെസ്റ്റ് ബാങ്കിന്റെ അധിനിവേശം ഒഴിവാക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന ഒരു സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധമാക്കുക തുടങ്ങിയ പ്രധാന വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നില്ലെങ്കിൽ യുകെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ നിർബന്ധിതമാകുമെന്നായിരുന്നു ജൂലൈയിൽ സ്റ്റാർമർ സൂചന നൽകിയിരുന്നത്.

പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ നിമിഷമെന്നാണ് പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബെക്കിയൻ ഷാഹിൻ വിശേഷിപ്പിച്ചത്. പലസ്തീൻ രാഷ്ട്രത്തെ ബ്രിട്ടനും കാനഡയും അടക്കമുള്ള രാഷ്ട്രങ്ങൾ അംഗീകരിച്ചത്, ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിനും പലസ്തീൻ സ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് നമ്മെ പരമാധികാരത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും അടുപ്പിക്കുന്ന ഒരു നീക്കമാണ്. ഇത് നാളെ യുദ്ധം അവസാനിപ്പിക്കണമെന്നില്ല, പക്ഷേ ഇത് മുന്നോട്ടുള്ള ഒരു നീക്കമാണ്, അതിൽ നാം കെട്ടിപ്പടുക്കുകയും വർദ്ധിപ്പിക്കുകയും വേണം." പലസ്തീൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ, ബ്രിട്ടന്റെ നീക്കത്തെ ഇസ്രായേൽ ശക്തമായി അപലപിച്ചു, ചില ഇസ്രയേൽ മന്ത്രിമാർ ഇതിനെ അപ്രസക്തമെന്ന് വിളിക്കുകയും വസ്തുതകളെ ഇത് സ്വാധീനിക്കുന്നില്ലെന്ന് വാദിക്കുകയും ചെയ്തു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ പലസ്തീൻ രാഷ്ട്രത്വം സാക്ഷാത്കരിക്കാൻ കഴിയൂ എന്നാണ് ഇസ്രയേൽ നേതാക്കൾ അവകാശപ്പെടുന്നത്.  ഹമാസിനുള്ള ഒരു "പ്രതിഫലം" പോലെയാണ് ബ്രിട്ടന്റെ ഈ നടപടിയെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img