
കൊൽക്കത്ത: ഓൺലൈൻ ഗെയിമിലൂടെ തുടങ്ങിയ സൗഹൃദം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. യോഗ പരിശീലക അഞ്ജലി ഷാ (26) കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തായ ധരംബീർ കുമാറിനെ ഡൽഹിയിൽനിന്ന് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയുമായി പ്രതിക്കുണ്ടായിരുന്ന പ്രണയബന്ധം പുറത്തറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
നവംബർ 10നാണ് ബാരനഗറിലെ ബന്ധുവിന്റെ ഉപയോഗിക്കാത്ത ഫ്ലാറ്റിൽ അഞ്ജലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽനിന്ന് ധരംബീർ കുമാറിനെ പിടികൂടുകയായിരുന്നു. ഡൽഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച കൊൽക്കത്തയിലെത്തിച്ചു.
ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ലക്നൗവിൽ താമസിച്ചിരുന്ന ധരംബീർ കുമാർ അഞ്ജലിയുമായി പരിചയത്തിലാകുന്നത്. സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയുമായും ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അഞ്ജലി അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം.
നവംബർ 8ന് കൊൽക്കത്തയിലെത്തിയ ധരംബീർ അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പൊലീസ്.










