
തിരാന (അൽബേനിയ): പ്രായത്തെ വെറും അക്കങ്ങൾ മാത്രമാക്കി മാറ്റി 117-ാം വയസ്സിലും നിറഞ്ഞപുഞ്ചിരിയോടെഅൽബേനിയക്കാരിയായ കാമില മാരാ. നിലവിൽ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി താനായിരിക്കാം എന്ന വിവരമൊന്നും ഈ മുത്തശ്ശിയെ തീരെ അലട്ടുന്നേയില്ല. താൻ മരിച്ചിട്ടില്ലെന്നും ഇന്നും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്നും പെൻഷൻ അധികൃതരെ ബോധ്യപ്പെടുത്താൻ കഷ്ടപ്പെട്ട കഥ പറയാനുണ്ട് മാരാക്ക്.
അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഫെറാസ് എന്ന മനോഹര ഗ്രാമത്തിലാണ് ഈ മുത്തശ്ശി കഴിയുന്നത്. പ്രകൃതിയോട് ഇണങ്ങി, സ്വന്തമായി കൃഷി ചെയ്തും കാലികളെ മേച്ചും സ്വന്തം കൈകൊണ്ട് വെച്ചുവിളമ്പിയ ഭക്ഷണവും കഴിച്ചാണ് മാരായുടെ ദിനചര്യകൾ.
ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ജനിച്ച മാരാ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വീഴ്ചയുമെല്ലാം നേരിൽ കണ്ട ചരിത്രസാക്ഷിയാണ്. "ദൈവം എനിക്ക് വിതിച്ചുനൽകിയ ആയുസ്സ് ഞാൻ സന്തോഷത്തോടെ ജീവിച്ചുതീർക്കുന്നു," തലയിൽ വെളുത്ത തട്ടവുമണിഞ്ഞ്, വാർദ്ധക്യം വരച്ചിട്ട സുന്ദരമായ ചാലുകളുള്ള മുഖത്ത് മനോഹരമായ പുഞ്ചിരിയോടെ അവർ പറയുന്നു. "നമ്മുടെ പൂത്തുനിൽക്കുന്ന ടോമോർ പർവ്വതം പോലെ ജീവിതം എപ്പോഴും മനോഹരമാണ്!"
ഔദ്യോഗിക രേഖകൾ പ്രകാരം 1909 ഓഗസ്റ്റ് 19-നാണ് മാരായുടെ ജനനം. അങ്ങനെയെങ്കിൽ, നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചിട്ടുള്ള ബ്രിട്ടനിലെ ഈതൽ കാറ്റർഹാമിനേക്കാൾ (Ethel Caterham) രണ്ട് ദിവസം പ്രായക്കൂടുതലുണ്ട് മാരാക്ക്.1945-ലെ ബർത്ത് സർട്ടിഫിക്കറ്റ്, 1978-ലെ പാസ്പോർട്ട്, ഏറ്റവും പുതിയ തിരിച്ചറിയൽ കാർഡ് എന്നിവയിലെല്ലാം ഈ ജനനത്തീയതി വ്യക്തമാണ്.
മുത്തശ്ശിക്ക് 100 വയസ്സ് തികഞ്ഞപ്പോൾ മാരാ മരിച്ചെന്നു കരുതി തദ്ദേശീയ അധികൃതർ പെൻഷൻ തടഞ്ഞുവെച്ച രസകരമായ സംഭവം ഇവരുടെ 80 വയസ്സുകാരനായ മകൻ ഹുസൈൻ ഓർത്തെടുക്കുന്നു. പിന്നീട് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥരുടെ പിന്നാലെ ഏറെ നടക്കേണ്ടി വന്നത്രേ. രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിലെ വീഴ്ചകൾ കാരണം ഗിന്നസ് റെക്കോർഡ് ഒദ്യോഗികമായി കൈപ്പറ്റാൻ തടസ്സങ്ങളുണ്ടെങ്കിലും, ഈ 117-ാം വയസ്സിലും പ്രകൃതിയോട് ചേർന്നുനിന്ന് മാരാ നയിക്കുന്ന ഈ ദീർഘജീവിതം അത്ഭുതവും പ്രചോദനവുമാണ്.










