05:35pm 21 September 2026
NEWS
കാഴ്ച മങ്ങുന്ന വയോധികർക്ക് ഇരുട്ടടി; എ.എം.ഡി. ചികിത്സ കാരുണ്യയിലും മെഡിസെപ്പിലും ഇല്ല; കുത്തിവെപ്പിന് 70,000 രൂപ വരെ ചെലവ്
20/09/2026  12:22 PM IST
NILA
കാഴ്ച മങ്ങുന്ന വയോധികർക്ക് ഇരുട്ടടി; എ.എം.ഡി. ചികിത്സ കാരുണ്യയിലും മെഡിസെപ്പിലും ഇല്ല, കുത്തിവെപ്പിന് 70,000 രൂപ വരെ ചെലവ്

തിരുവനന്തപുരം: പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നത് സാധാരണയാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. എന്നാൽ 60 വയസിന് ശേഷമുള്ള കാഴ്ച നഷ്ടത്തിന് പ്രധാന കാരണങ്ങളിലൊന്നായ ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി.) ബാധിച്ച വയോധികർക്ക് ചികിത്സ ചെലവ് വലിയ പ്രതിസന്ധിയാകുന്നു. രോഗം തടയാൻ ആവശ്യമായ കണ്ണിനുള്ളിലെ കുത്തിവെപ്പ് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലും (സി.എ.എസ്.പി.) സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് പദ്ധതിയിലും ഉൾപ്പെടാത്തതാണ് തിരിച്ചടിയാകുന്നത്.

എ.എം.ഡി. ബാധിച്ചാൽ വായിക്കാനും ആളുകളുടെ മുഖം തിരിച്ചറിയാനും ഉൾപ്പെടെ ദൈനംദിന കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരും. റെറ്റിനയിലെ മാക്യുലയ്ക്ക് തകരാർ സംഭവിക്കുന്ന രോഗമാണിത്. കേരളത്തിൽ ഏകദേശം 18.51 ശതമാനം പേർക്ക് എ.എം.ഡി. ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതാണ് കാഴ്ച സംരക്ഷിക്കാൻ നിർണായകം. റാനിബിസുമാബ് ഉൾപ്പെടെയുള്ള മരുന്നുകൾ കണ്ണിനുള്ളിലേക്ക് കുത്തിവെക്കുന്ന ചികിത്സയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഈ ഇൻട്രാവിട്രിയൽ കുത്തിവെപ്പിന് രോഗികൾ സ്വന്തം കൈയിൽനിന്ന് വലിയ തുക ചെലവഴിക്കേണ്ടിവരുന്നു.

ഒരു കുത്തിവെപ്പിന് 10,000 മുതൽ 70,000 രൂപവരെയാണ് ചെലവ് വരുന്നത്. പല രോഗികൾക്കും തുടർച്ചയായ ചികിത്സ ആവശ്യമായി വരുന്നതിനാൽ സാമ്പത്തിക ബാധ്യത കൂടുതൽ രൂക്ഷമാകുകയാണ്. കാരുണ്യ പദ്ധതിയിൽ വിവിധ നേത്ര ശസ്ത്രക്രിയകൾക്ക് പരിരക്ഷയുണ്ടെങ്കിലും ഇൻട്രാവിട്രിയൽ കുത്തിവെപ്പ് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കാരുണ്യ പദ്ധതിയുടെ ഓങ്കോളജി വിഭാഗത്തിലെ സപ്ലിമെന്ററി മരുന്നുപട്ടികയിൽ ഇതേ മരുന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കണ്ണാശുപത്രികൾക്ക് ഓങ്കോളജി വിഭാഗത്തിന്റെ പട്ടികയിൽനിന്ന് ഈ മരുന്ന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മെഡിസെപ്പിന്റെ സപ്ലിമെന്ററി മരുന്നുപട്ടികയിൽ നേരത്തെ ഇൻട്രാവിട്രിയൽ കുത്തിവെപ്പ് ഉൾപ്പെട്ടിരുന്നെങ്കിലും ഈ വർഷം അത് ഒഴിവാക്കിയതായാണ് വിവരം. ഇതോടെ എ.എം.ഡി. ബാധിച്ച വയോധികർ ചികിത്സാ ചെലവ് പൂർണമായും സ്വയം വഹിക്കേണ്ട സാഹചര്യമാണുള്ളത്.

അതേസമയം, സി.ജി.എച്ച്.എസ്., വിരമിച്ച റെയിൽവേ ജീവനക്കാരുടെ പദ്ധതി, വി.എസ്.എസ്.സി. ജീവനക്കാരുടെയും പെൻഷൻകാരുടെയും പദ്ധതികൾ ഉൾപ്പെടെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഈ ചികിത്സയ്ക്ക് പരിരക്ഷ ലഭിക്കുന്നുണ്ട്. മിക്ക സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇൻട്രാവിട്രിയൽ കുത്തിവെപ്പിന് കവറേജ് നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.വയോജനങ്ങളുടെ കാഴ്ച സംരക്ഷിക്കാൻ നിർണായകമായ ചികിത്സാ സംവിധാനം കാരുണ്യയിലും മെഡിസെപ്പിലും നിന്ന് ഒഴിവാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ദേവിൻ പ്രഭാകർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img