
ന്യൂഡൽഹി: 2011–12 കാലഘട്ടത്തിൽ രാജ്യത്ത് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രക്ഷോഭം നടന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ബിജെപിയുമായോ ആർഎസ്എസുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവരുടെ പരിപാടികളിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല, സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭമാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിന്റെ പരാജയത്തിന് കാരണമായതെന്ന വാദത്തിന് എന്താണ് അടിസ്ഥാനമെന്നും ഹസാരെ ചോദിച്ചു.
സോണിയ ഗാന്ധി ഇതുവരെ തന്നെ നേരിൽ കണ്ടിട്ടില്ലെന്നും താനും അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എത്രത്തോളം ഉചിതമാണെന്നായിരുന്നു ഹസാരെയുടെ ചോദ്യം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അടിസ്ഥാനമില്ലാത്ത പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' പ്രക്ഷോഭം ബിജെപിയും ആർഎസ്എസും രഹസ്യമായി ആസൂത്രണം ചെയ്തതാണെന്നാണ് സോണിയ ഗാന്ധി തന്റെ ഓർമക്കുറിപ്പിൽ ആരോപിച്ചത്. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ ഹസാരെയെ പരാമർശിച്ചുകൊണ്ടായിരുന്നു സോണിയയുടെ വിമർശനം. പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർക്ക് ബിജെപിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതായും അവർ കുറിപ്പിൽ അവകാശപ്പെട്ടിരുന്നു.
അഴിമതിക്കെതിരെ രാജ്യവ്യാപകമായി വലിയ ജനപിന്തുണ നേടിയ പ്രക്ഷോഭം അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ കടുത്ത രാഷ്ട്രീയ സമ്മർദത്തിലാക്കിയിരുന്നു. 2011–12 കാലത്ത് ശക്തമായ ജനകീയ മുന്നേറ്റമായി മാറിയ ഈ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.










