
തൃശ്ശൂരിൽ സുരേഷ് ഗോപിക്കെതിരായ വികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിൽ ബിജെപി. ക്രൈസ്തവ സമൂഹത്തെ പാർട്ടിയുമായി അടുപ്പിക്കാൻ നടപ്പാക്കിയ ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ പദ്ധതിയും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം നൽകാതെ പോയെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ആ വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നാണ് വിലയിരുത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതേ പ്രവണത ആവർത്തിച്ചു.
തൃശ്ശൂരിൽ പള്ളികളുടെ പിന്തുണയോടെ ക്രൈസ്തവ സ്ഥാനാർഥികളെ രംഗത്തിറക്കിയ ഡിവിഷനുകളിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടു. കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി എന്നിവിടങ്ങളിൽ ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ഫലം നിരാശാജനകമായിരുന്നു. ചത്തീസ്ഗഡ് വിഷയത്തിൽ ഉയർന്ന വിമർശനങ്ങളും, കന്യാസ്ത്രീ സമൂഹം ബിജെപിക്കെതിരെ നിലകൊണ്ടതുമാണ് പരാജയകാരണങ്ങളിലൊന്നെന്ന വിലയിരുത്തലുണ്ട്.
പി.സി. ജോർജിന്റെ സ്വാധീനമുള്ള ചില മേഖലകളിൽ മാത്രമാണ് ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വന്നത്. എന്നാൽ അത് രണ്ടോ മൂന്നോ പഞ്ചായത്തുകളിലൊതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമെന്ന് കരുതുന്ന തിരുവനന്തപുരത്ത് ക്രൈസ്തവ സ്ഥാനാർഥികളെ നിർത്തിയിട്ടും ഗുണം ചെയ്തില്ല. നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ തോൽവി സംഭവിക്കുകയും വോട്ട് ശതമാനം ഗണ്യമായി കുറയുകയും ചെയ്തു.
തൃശ്ശൂരിൽ നടൻ–രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിക്കെതിരായ വികാരം പാർട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാകുന്ന ശക്തനായ നേതാവിന്റെ അഭാവം ഭരണം പിടിക്കാനുള്ള ആത്മവിശ്വാസം പ്രവർത്തകരിൽ ഉണ്ടാകാതിരുന്നതിനും കാരണമായി. പാർട്ടി നേതൃത്വത്തിലെ ഏകോപനക്കുറവ്, ജില്ലാ പ്രസിഡന്റിന്റെ നേതൃത്വ ദൗർബല്യം, ഒരു സംസ്ഥാന നേതാവിന്റെ പ്രവർത്തനരംഗത്തുനിന്നുള്ള അകലം തുടങ്ങിയ കാര്യങ്ങളും വിമർശനവിധേയമാണ്. സംസ്ഥാന ഭാരവാഹികളിൽ ബി. ഗോപാലകൃഷ്ണൻ മാത്രമാണ് നേരിട്ട് ഡിവിഷനുകളിൽ ഇറങ്ങി പ്രവർത്തിച്ചതെന്നും, അതിന്റെ ഗുണം ഗാന്ധിനഗർ ഡിവിഷനിൽ മാത്രം കണ്ടതെന്നുമാണ് പാർട്ടി വിലയിരുത്തൽ.











