
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. ചേർത്തുപിടിക്കേണ്ടവരിൽനിന്ന് ചതി നേരിട്ടെന്നും അതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും അൻവർ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന വരികളോടെയാണ് അൻവറിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. പാളയത്തിൽനിന്നുണ്ടായ ചതിയും പിന്നിൽനിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചെന്ന് അൻവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച 102 സീറ്റുകളിൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മത്സരിച്ചാൽ പോലും കെട്ടിവച്ച തുക തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്തവരിൽ ഭൂരിഭാഗവും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതിനായി ആരോഗ്യവും ജീവനും സമ്പത്തും പോലും കണക്കിലെടുക്കാതെ, സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് രാഷ്ട്രീയ ഭാവിക്കുവേണ്ടി യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെയാണ് താൻ പൊതുസമൂഹത്തിന് മുന്നിൽ കാര്യങ്ങൾ തുറന്നുകാട്ടിയതെന്നും അൻവർ കുറിച്ചു. അത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.
ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ , പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ.
നിലവിലെ പ്രതിപക്ഷ നേതാവിനും, കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ!
അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച സ്ഥാനർഥി തന്നെ! ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്.
ആ102 -ൽ എനിക്ക് ഗുരുതുല്യമായവരും, അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്. അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ,
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും, സ്ഥാനമാനങ്ങൾ ത്യജിച്ചും 'രാഷ്ട്രീയ ഭാവിക്കുവേണ്ടി' ഒട്ടും 'അഡ്ജസ്റ്റ്' ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.
മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.










