
ബംഗളുരു മെട്രോ സർവീസിന്റെ (നമ്മ മെട്രോ) മൂന്നാംഘട്ടമായ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉത്ഘാടനം ചെയ്യും. ആർ വി റോഡിനെ ഇലക്ട്രോണിക്സ് സിറ്റിയിലെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളാണ് ഓടിക്കുക. മൂന്നു ട്രെയിനുകൾക്കുള്ള കോച്ചുകൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. നാലാമത്തെ ട്രെയിനിനുള്ള കോച്ചുകൾ ഉടനെ എത്തിച്ചേരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. 16 സ്റ്റേഷനുകളുള്ള യെല്ലോ ലൈനിന് 5056.99 കോടിയാണ് ചെലവിട്ടത്. ട്രാക്ക് നിർമ്മാണം രണ്ടുവർഷം മുമ്പുതന്നെ പൂർത്തിയായിരുന്നെങ്കിലും കോച്ചുകൾ എത്തിച്ചേരാൻ താമസിച്ചതാണ് ഉദ്ഘാടനം വൈകിച്ചത്. കേന്ദ്രത്തിന്റെയും കർണാടകത്തിന്റെയും സംയുക്തപദ്ധതിയാണ് മെട്രോ സർവീസ്. സംസ്ഥാനഭരണം കോൺഗ്രസ് പിടിച്ചതോടെ കേന്ദ്രവുമായുള്ള ബന്ധം വഷളായത് ഈ പദ്ധതിയെയും ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മെട്രോ ഉൾപ്പെടെ ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചേർന്നാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാൽ യുവനേതാവും ബംഗളുരു സൗത്തിലെ ബിജെപി എംപി യുമായ തേജസ്വി സൂര്യയാണ് ഉദ്ഘാടന വാർത്ത ആദ്യം എക്‌സിൽ പങ്കുവെച്ചത്. മൂന്നാംഘട്ട എക്സ്റ്റൻഷന്റെ(44.65 കി മി) നിർമ്മാണോത്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് തേജസ്വി സൂര്യ വ്യക്തമാക്കിയിരുന്നു. 15611 കോടിയാണ് ഇതിന്റെ മതിപ്പു ചെലവ്.ഉദ്ഘാടനതിയ്യതി തേജസ്വി സൂര്യ പ്രഖ്യാപിച്ചത് ഡി കെ ശിവകുമാറിന് ഇഷ്ടമായിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ശിവകുമാറും തേജസ്വി സൂര്യയും തമ്മിൽ പലതവണ പ്രസ്താവന യുദ്ധം നടന്നിട്ടുണ്ട്. പരിശോധനയ്ക്കായി ശിവകുമാർ ഇന്നലെ യെല്ലോ ട്രെയിനിൽ യാത്രചെയ്തിരുന്നു. "പ്രധാനമന്ത്രി, മുഖ്യമന്ത്രി, താൻ, മറ്റുജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കുന്ന ഒരു യോഗം ബെന്നാർഘട്ട റോഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റിൽ നടക്കും. അതിനുശേഷം ജയനഗറിലെ ശാലിനി മൈതാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക" ശിവകുമാർ പറഞ്ഞു. ആവശ്യമായ കോച്ചുകൾ എത്തിയിട്ടില്ലാത്തതിനാൽ 15-20 മിനിറ്റ് ഇടവേളയിലാണ് ആദ്യഘട്ടത്തിൽ യെല്ലോ ലൈനിൽ സർവ്വീസ് നടത്തുക. ക്രമേണ അഞ്ചുമിനുട്ടായി ചുരുക്കും. പ്രമുഖ ഐ ടി സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഈ ലൈനിൽ ആദ്യ നാളുകളിൽ ദിവസേന ശരാശരി മുപ്പത്തിനായിരം യാത്രക്കാരെ ഉൾക്കൊള്ളാനാവുമെന്നാണ് കരുതുന്നത്. സിൽക്ക് ബോർഡ് ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് മെട്രോ യെല്ലോ സർവ്വീസ് ആരംഭിക്കുന്നതോടെ ഒരു പരിധിവരെ പരിഹാരം കാണാൻ സാധിച്ചേക്കും.
Photo Courtesy - Google











