
ദോഹ:ആത്മസമർപണത്തിൻറെയും ത്യാഗസ്മരണയുടെയും പാഠങ്ങൾ പകർന്ന് ഖത്തറിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു. കനത്ത ചൂടിൻറെപശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.
അതിരാവിലെ തന്നെ ആയിരുന്നു പെരുന്നാൾ നമസ്കാരങ്ങളും ഈദുഗാഹുകളും നടന്നത്. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിൻറെയും ആത്മ സമർപ്പണത്തിൻറെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഈദ്ഗാഹുകളിൽ ഖുതുബയുടെ മലയാള പരിഭാഷനടത്തി.ഖത്തർ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുകിയിരുന്നു.പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയത്.
അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. അബ്ദുൽ വാസിഅ്), അൽ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി.പി. അബ്ദുറഹീം), വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് -പഴയ അൽ മീര (കെ.ടി. മുബാറക്), ജാസിം ദർവീസ് ഈദ് ഗാഹ് -റീജൻസി സിഗ്നലിന് സമീപം (യാസിർ അറഫാത്ത്) എന്നിവിടങ്ങളിലാണ് ഖുതുബ മലയാളം പരിഭാഷ നടന്നത്
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലി കർമം നിർവഹിച്ചും ബലി പെരുന്നാൾ ഖത്തറിലെ വിശ്വാസി സമൂഹം ആഘോഷപൂർവം കൊണ്ടാടി.











