
ഐ ടി ജീവനക്കാരായ മാതാപിതാക്കളെയും വിദ്യാർത്ഥിനിയായ സഹോദരിയെയും കൊലപ്പെടുത്തിയത് ഐ ടി പ്രൊഫഷണലുകളായ മകളും കാമുകനും
കർണാടക തലസ്ഥാനമായ ബംഗളുരു നഗരത്തിന്റെ അതിശീഘ്ര വികസനത്തിന് നിമിത്തമായത് ഐ ടി വ്യവസായത്തിന്റെ അത്ഭുതകരമായ വളർച്ചയാണ്. തൊണ്ണൂറുകളിലാണ് നഗരത്തിൽ ഐ ടി സജീവമായത്. ഇൻഫോസിസ്, വിപ്രോ, ഐ ബി എം, ഒറക്കിൾ തുടങ്ങിയ വമ്പന്മാർ പ്രവർത്തനം വിപുലീകരിച്ചതോടെ ബംഗളുരു ഏഷ്യയിലെ സിലിക്കൺ വാലിയായി മാറി. ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ്, സർജാപുർ റോഡ്, മാറത്തഹള്ളി തുടങ്ങിയവയാണ് പ്രധാന ഐ ടി കേന്ദ്രങ്ങൾ. മൂന്നര പതിറ്റാണ്ടിനിടയിൽ ചെറുതും വലുതുമായി പതിനയ്യായിരത്തിലേറെ ഐ ടി സ്ഥാപനങ്ങൾ നഗരത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 20-25 ലക്ഷം ജീവനക്കാരാണ് ഐ ടി മേഖലയിൽ നേരിട്ട് ജോലി ചെയ്യുന്നത്. ഗതാഗതം, ഭക്ഷണം, ഹൗസ് കീപ്പിംഗ്, സുരക്ഷ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ഐ ടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനായിരങ്ങൾ വേറെയുമുണ്ട്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഐ ടി വ്യവസായ മേഖല ബംഗളുരുവാണ്.
വൈരാഗ്യത്തിന്റെ വിത്തുകൾ
ഐ ടി വ്യവസായത്തിലെ ആദ്യ തലമുറയിൽ പെട്ടവരാണ് തമിഴ്‌നാട് സ്വദേശികളായ സോമസുന്ദറും (52) ഭാര്യ മുത്തുലക്ഷ്മിയും (45). നഗരത്തിലെ പ്രമുഖ ഐ ടി സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന ഇവർ വൈറ്റ് ഫീൽഡിലായിരുന്നു താമസം. ഈ ദമ്പതികൾക്ക് രണ്ടു പെൺകുട്ടികളാണ്. ഐ ടി പ്രൊഫഷണലായ സ്വേദ(25)യും ഡിഗ്രി വിദ്യാർത്ഥിനിയായ പത്തൊമ്പതുകാരി സുപ്രിയയും.
കർശനമായ നിയന്ത്രണങ്ങളോടെയാണ് ആ മാതാപിതാക്കൾ മക്കളെ വളർത്തിയത്. പ്രത്യേകിച്ചും അമ്മ മുത്തുലക്ഷ്മി അതീവ കർശനമായ അച്ചടക്കമാണ് മക്കളിൽ അടിച്ചേൽപ്പിച്ചത്. അതിന്റെ പേരിൽ മുത്തുലക്ഷ്മിയും മൂത്തമകൾ സ്വേദയും പലപ്പോഴും വഴക്കിട്ടിരുന്നു. അതിനിടയിലാണ് ഐ ടി പ്രൊഫഷണലായ സഹപ്രവർത്തകൻ കെന്നറ്റുമായി സ്വേദ പ്രണയത്തിലായത്. വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയെയും കർശനമായ അച്ചടക്കത്തെയും പറ്റി സ്വേദ കെന്നറ്റിനോട് പറഞ്ഞിരുന്നു. അവരുടെ ബന്ധം വീട്ടിലറിഞ്ഞപ്പോൾ മുത്തുലക്ഷ്മി ഭൂകമ്പം സൃഷ്ടിച്ചു. പിതാവ് സോമസുന്ദരവും മകളുടെ ആ ബന്ധം അനുവദിച്ചുകൊടുത്തില്ല. വീട് കലാപഭൂമിയായി. ഒരിക്കലും കെന്നറ്റുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്നും അതിരുവിട്ടാൽ ജോലിക്ക് പോലും പോകാൻ അനുവദിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും മുത്തുലക്ഷ്മി സ്വേദയ്ക്ക് മുന്നറിയിപ്പ് നൽകി.
അമ്മയോട് തീർത്താൽ തീരാത്ത വൈരാഗ്യമാണ് സ്വേദയ്ക്ക് തോന്നിയത്. അവളുടെ മനസ്സ് നീറിപ്പുകഞ്ഞു. കാര്യങ്ങളെല്ലാം അവൾ വിശദമായി കെന്നറ്റിനെ അറിയിച്ചുകൊണ്ടിരുന്നു. ഐ ടി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ഇരുവരും ചേർന്ന് ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങാൻ തീരുമാനിച്ചു. അതിനായി കെ ആർ പുരത്തിനു സമീപം സീഗഹള്ളിയിൽ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഒരു ദിവസം ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ സ്വേദ വീട്ടിലേക്ക് തിരിച്ചുചെന്നില്ല. സീഗഹള്ളിയിലെ സായ് ഗ്രീൻ ഹോംസ് അപ്പാർട്ട്‌മെന്റിൽ വാടകയ്ക്കെടുത്ത ഫ്‌ളാറ്റിൽ അവൾ ലിവിങ് ടുഗദർ വ്യവസ്ഥയിൽ കെന്നറ്റിനോടൊപ്പം താമസമാക്കി. ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് സോമസുന്ദരവും മുത്തുലക്ഷ്മിയും അവരുടെ വാസസ്ഥലം കണ്ടുപിടിച്ചത്. കെന്നറ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള മുത്തുലക്ഷ്മിയുടെ ഭീഷണി കലർന്ന ഉപദേശം സ്വേദ സ്വീകരിച്ചില്ല. ഫോണിലൂടെ മുത്തുലക്ഷ്മി നിരന്തരം സ്വേദയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അതിനകം മുപ്പത് ലക്ഷത്തോളം രൂപ സ്റ്റാർട്ട് അപ്പിനുവേണ്ടി സ്വേദ ചെലവിട്ടിരുന്നു. ബാങ്കിൽ നിന്നും മറ്റും വായ്പയെടുത്ത തുകയാണ് അങ്ങനെ ചെലവിട്ടത്. സ്റ്റാർട്ട് അപ്പ് വിജയത്തിലെത്താത്തതിനാൽ വായ്പ തിരിച്ചടക്കാൻ ഇരുവരും പ്രയാസപ്പെട്ടിരുന്നു. അതിനിടയിലാണ് മുത്തുലക്ഷ്മിയുടെ സമ്മർദ്ദം കൂടിവന്നത്. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു സ്വേദ. അമ്മയെ നയത്തിൽ വിളിച്ചുവരുത്തി ശല്യം തീർക്കാനും അവരുടെ സ്വർണ്ണാഭരണങ്ങളും പണവും സ്വത്തുക്കളും കൈക്കലാക്കാനും കെന്നറ്റിന്റെ സഹായത്തോടെ സ്വേദ പ്ലാനിട്ടു.
അതിദാരുണമായ കൂട്ടക്കൊല
ജൂൺ 22 തിങ്കൾ. വൈകീട്ട് അഞ്ചരയോടെ മുത്തുലക്ഷ്മി മകൾ സ്വേദയുടെ ഫ്‌ളാറ്റിലെത്തി. സ്വേദ അവരെ ഫോൺ ചെയ്ത് വരുത്തിയതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ സ്വേദ അത് നിഷേധിക്കുന്നു. എന്തായാലും മുത്തുലക്ഷ്മിയുടെ വരവിനെപ്പറ്റി സ്വേദയ്ക്ക് അറിയാമായിരുന്നു. കെന്നറ്റും ആ സമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്നു. സ്വേദ പുറത്തേക്കിറങ്ങിവന്ന് അമ്മയെ സ്വീകരിച്ച് ഫ്‌ളാറ്റിനകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തെല്ലുകഴിഞ്ഞ് സോമസുന്ദരവും സുപ്രിയയും ഫ്‌ളാറ്റിലേക്ക് വന്നു. രാത്രി എട്ടരയോടെ ഒന്നാം നിലയിലുള്ള ഫ്‌ളാറ്റിൽ നിന്നും ചോരയൊലിപ്പിച്ചുകൊണ്ട് ബെയ്സ്‌മെന്റിൽ ഓടിയെത്തിയ സോമസുന്ദർ രക്ഷിക്കണേ രക്ഷിക്കണേ എന്നലറിയിരുന്നു. സെക്യൂരിറ്റി ഗാർഡ് ബീർ ബഹദൂറിന്റെ ക്യാബിന്റെ മുന്നിലെത്തി അയാൾ തളർന്നുവീണു. അമിതമായി മദ്യപിച്ച് അവശനായതിന്റെ പ്രശ്‌നമാണെന്നാണ് സെക്യൂരിറ്റി ഗാർഡും അവിടെയ്ക്ക് ഓടിയെത്തിയ ചില താമസക്കാരും കരുതിയത്. സൂക്ഷ്മ പരിശോധനയിലാണ് കുത്തേറ്റിട്ടുണ്ടെന്ന് മനസ്സിലായത്. പോലീസിൽ അറിയിച്ച ശേഷം അയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തുലക്ഷ്മിയും സുപ്രിയയും ഫ്‌ളാറ്റിൽ മരിച്ചുകിടക്കുന്നത് കണ്ടത്. സ്വേദയും കെന്നറ്റും മറ്റൊരു വഴിയിലൂടെ ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. പിറ്റേന്ന് പുതുശ്ശേരി റെയിൽവെ സ്റ്റേഷനിൽ വെച്ച് സ്വേദ പോലീസിന്റെ പിടിയിലായി. അമ്മയെ കൊല്ലാനേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ആ സമയത്ത് സഹോദരിയും അച്ഛനും കയറിവന്നതിനാൽ അവരെയും അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് സ്വേദ പോലീസിനോട് പറഞ്ഞത്. രണ്ടാം ദിവസം കെന്നറ്റിനെയും പുതുശ്ശേരിയിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. കൊലകൾ നടത്തിയ ശേഷം സൂത്രത്തിൽ എച്ച്എഎല്ലിലുള്ള ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തി കുളിച്ച് വസ്ത്രം മാറി ഇരുവരും ഒരു മോട്ടോർ ബൈക്കിൽ പുതുശ്ശേരിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. വൈരാഗ്യം മൂലമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും മറ്റുകൊലകൾ ചെയ്യേണ്ടി വന്നതാണെന്നും കെന്നറ്റും സമ്മതിച്ചിട്ടുണ്ട്. വിരോധം മാത്രമല്ല സമ്പത്ത് കൈക്കലാക്കാനുള്ള ഉദ്ദേശ്യവും പ്രതികൾക്കുണ്ടായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഇരുവരും ചേർന്നാണ് മൂന്നുപേരെയും വകവരുത്തിയത്. സുരക്ഷിതമായി കൊല്ലാനുള്ള മാർഗ്ഗം രണ്ടുപേരും ഇന്റർനെറ്റിൽ തെരഞ്ഞതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഐ ടി മേഖലയെ നടുക്കം കൊള്ളിച്ച കൂട്ടക്കൊലയിലെ രണ്ടുപ്രതികളും ജയിലിലാണ്.










