
നിയമസഭാ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് ലോഗിൻ വിഷയത്തിൽ പ്രതിഷേധിച്ച ആറ് ജീവനക്കാരെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, പ്രതിപക്ഷ സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ (KLSA) 2025 ജൂൺ 9-ന് ആഹ്വാനം ചെയ്ത ലോഗൗട്ട് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു. സമയപരിധി പാലിച്ച് നോട്ടീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനുമതി നിഷേധിച്ചതിനെ തുടർന്ന്, 18 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയാണ് ഇത്തവണ പ്രതിഷേധത്തിന് അനുമതി തേടിയതെങ്കിലും വീണ്ടും നിഷേധിക്കുകയായിരുന്നു.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ഈ ചട്ടങ്ങൾ പ്രകാരം ജീവനക്കാർക്ക് യാതൊരുവിധ പ്രതിഷേധങ്ങളും നടത്താൻ സാധിക്കില്ലെന്ന് KLSA ഭാരവാഹികൾ പറയുന്നു. അംഗീകൃത സർവീസ് സംഘടനകൾ ആഹ്വാനം ചെയ്യുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് തുടർച്ചയായി അനുമതി നിഷേധിക്കുന്നത് നിയമസഭയിൽ ജനാധിപത്യ ധ്വംസനമാണെന്നും അവർ ആരോപിച്ചു.
ചട്ടവിരുദ്ധ ലോഗിൻ വിഷയത്തിൽ സ്പീക്കറെ സന്ദർശിച്ച് പരാതി അറിയിച്ച ശേഷം, സമൂഹമാധ്യമങ്ങളിലൂടെ സ്പീക്കറെയും സ്പീക്കർ ഓഫീസിനെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ പരാമർശിക്കുന്ന ദിവസം സ്പീക്കറെ നേരിൽ കണ്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനെ ഉൾപ്പെടെയാണ് സസ്പെൻഡ് ചെയ്തതെന്നും KLSA ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷി സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പീക്കർ ഓഫീസിനെ ദുരുപയോഗം ചെയ്താണ് ഈ സസ്പെൻഷനുകൾ എന്നും അവർ ആരോപിച്ചു.
ഈ വിഷയത്തിൽ KLSA ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾക്ക് ജീവനക്കാരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതാണ് സമരങ്ങൾ നിരോധിക്കുന്നതിലേക്ക് നയിച്ചതെന്നും KLSA ഭാരവാഹികൾ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടും സസ്പെൻഷനുകൾ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ജൂൺ 9 തിങ്കളാഴ്ച ജീവനക്കാർ വായ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.











