ആയത്തുല്ല അലി ഖമനയി പൂർണ സുരക്ഷിതനെന്ന് മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പൂർണ സുരക്ഷിതനെന്ന് മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്. ഖമനയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. അമേരിക്ക ഇറാന്റെ പരമോന്നത നേതാവിനെതിരെ ശക്തമായ നിലപാടെടുത്തതിന് പിന്നാലെ ഖമനയി ബങ്കറിൽ അഭയം പ്രാപിച്ചു എന്ന പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തരം പ്രചരണങ്ങളെ പൂർണമായും തള്ളുകയാണ് മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ.
ഇറാനിലെ ജനകീയ പ്രതിഷേധങ്ങൾ ആഭ്യന്തര പ്രതിസന്ധിയെന്ന രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും, ഇതിന് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തുടക്കത്തിൽ പ്രതിഷേധങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്ത സുരക്ഷാസേനയ്ക്കെതിരെ പിന്നീട് തീവ്രവാദ ഘടകങ്ങൾ അക്രമം അഴിച്ചുവിട്ടതായും പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം സംഘർഷങ്ങളിൽ 3,117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2,427 പേർ സാധാരണക്കാരും സുരക്ഷാ സേനാംഗങ്ങളുമാണ്. 690 പേർ തീവ്രവാദികളാണെന്നും ഇറാൻ വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരിൽ പലർക്കും വിദേശ ഏജൻസികളുടെ നിർദേശവും പരിശീലനവും ലഭിച്ചതായും കോൺസൽ ജനറൽ അവകാശപ്പെട്ടു.
അമേരിക്കയുടെ സൈനിക നീക്കങ്ങളെ നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ ഇന്ത്യ–ഇറാൻ സാമ്പത്തിക ബന്ധത്തെ ബാധിച്ചിട്ടുണ്ടെങ്കിലും സഹകരണം തുടരാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച്, ഇറാനിലെ പ്രക്ഷോഭങ്ങളിൽ മരണസംഖ്യ 5,002 ആയി ഉയർന്നിട്ടുണ്ട്.











