
വർക്കല: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. വർക്കല അകത്തുമുറി സ്റ്റേഷനിൽ ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലൂടെ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് മറിഞ്ഞതോടെയാണ് അപകടമുണ്ടായത്. കല്ലമ്പലം സ്വദേശി സുധി എന്നയാളുടെ ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
സംഭവത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർ സുധി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് ട്രെയിൻ ഏകദേശം ഒരു മണിക്കൂറോളം അവിടെ തന്നെ നിർത്തിയിട്ടു. ട്രാക്കിൽ നിന്ന് ഓട്ടോറിക്ഷ നീക്കം ചെയ്ത ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
ഇതിനാൽ രാത്രി 10.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തേണ്ടിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഏകദേശം ഒരു മണിക്കൂറിലധികം വൈകിയാണ്, രാത്രി 11.50ഓടെ, സ്റ്റേഷനിലെത്തിയത്.








