03:35am 20 October 2026
NEWS
ക്ഷേത്രജീവനക്കാരിയുടെ മാലപൊട്ടിക്കാൻ ശ്രമം; അറസ്റ്റിലായ പൂജാരി കൊലക്കേസിൽ ഒന്നാം പ്രതി
24/08/2026  12:52 PM IST
nila
ക്ഷേത്രജീവനക്കാരിയുടെ മാലപൊട്ടിക്കാൻ ശ്രമം; അറസ്റ്റിലായ പൂജാരി കൊലക്കേസിൽ ഒന്നാം പ്രതി

 

പത്തനംതിട്ട: ക്ഷേത്രജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല കവർന്നെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പൂജാരി കൊലക്കേസിൽ വിചാരണ നേരിടുന്നയാൾ. ഇലന്തൂർ പൂക്കോട് മേട്ടയിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. 2009ൽ പത്തനംതിട്ടയിലെ ഫിനാൻസ് കമ്പനി ഉടമ വാസുക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ബിജുമോൻ. വെള്ളിയാഴ്ചയാണ് ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ കഴകം ജീവനക്കാരി വിജയമ്മയ്ക്കുനേരെ ആക്രമണമുണ്ടായത്. കണ്ണിൽ മുളകുപൊടി വിതറിയശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ അറസ്റ്റിലായ ബിജുമോനെ കോടതി റിമാൻഡ് ചെയ്തു.


2009-ൽ പത്തനംതിട്ടയിലെ ഫിനാൻസ് കമ്പനി ഉടമയായിരുന്ന വാസുക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് ഇയാൾ.സ്ഥാപനം പൂട്ടി പണവും സ്വർണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാസുക്കുട്ടിയെ കാർ തടഞ്ഞാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം മാവേലിക്കര പുന്നമൂടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. 2023ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂൺ 23നും പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നിൽ ബിജുമോൻ ഹാജരായിരുന്നു. കേസിൽ ഇതുവരെ 80 സാക്ഷികളെ വിസ്തരിച്ചു.

ആറുമാസം മുൻപാണ് ബിജുമോൻ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയത്. ദിവസവും രാവിലെയും വൈകീട്ടും പൂജ നടക്കുന്ന കുടുംബക്ഷേത്രമാണിത്. ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റൊരു ക്ഷേത്രത്തിലെ പൂജാരിയുടെ ശുപാർശയിലൂടെയാണ് ബിജുമോൻ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. മറ്റൊരു പൂജാരി മുഖേന എത്തിയതിനാൽ ക്ഷേത്ര ഭാരവാഹികൾക്ക് ഇയാളെക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. പശ്ചാത്തല വിവരങ്ങളും പരിശോധിച്ചിരുന്നില്ലെന്നാണ് വിവരം. എന്നാൽ പണത്തോട് അമിത താൽപര്യം കാണിച്ചിരുന്നയാളായിരുന്നു ബിജുമോനെന്ന് നാട്ടുകാർ പറയുന്നു.

ഇലന്തൂരിലെ വീട്ടിൽനിന്നാണ് ഇയാൾ ക്ഷേത്രത്തിലെ ജോലിക്കെത്തിയിരുന്നത്. നേരത്തെ അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിലും പൂജാരിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ പോയിവരുന്നതിനായി താൽക്കാലികമായി നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ അവിടെ തുടരാൻ ശ്രമിച്ചതെന്നും പരാതികൾ ഉയർന്നതിനെ തുടർന്ന് ദേവസ്വം ബോർഡ് ഒഴിവാക്കിയെന്നും പറയുന്നു.

വാസുക്കുട്ടി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ബിജുമോൻ പൂക്കോട് ജങ്ഷനിൽ ഇറച്ചിക്കോഴി വ്യാപാരം നടത്തിയിരുന്നു. പിന്നീട് കുമ്പനാട് മുട്ടുമൺ ജങ്ഷനിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. ഇവിടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. രണ്ടുതവണ എക്സൈസിന്റെ പിടിയിലും ബിജുമോൻപ്പെട്ടിട്ടുണ്ട്. കിടങ്ങന്നൂരിൽ ഇയാളുടെ ഉടമസ്ഥതയിൽ പലചരക്ക് കടയുമുണ്ട്. സഹായിയെ നിയോഗിച്ചാണ് കടയുടെ പ്രവർത്തനം നടത്തുന്നത്. ക്ഷേത്ര ജീവനക്കാരിയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച കേസിലും ഇയാളുടെ മുൻകാല കേസുകളിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img