
ദോഹ: സ്വർണവില കൃത്രിമമായി നിയന്ത്രിക്കാൻ ശ്രമിച്ച ഒൻപത് ജ്വല്ലറി ഷോപ്പുകൾ പിടിയിലായി.
ഖത്തർവ്യാപാര–വ്യവസായ മന്ത്രാലയം (MoCI) രാജ്യത്തുടനീളം വ്യാപകമായ പരിശോധനയിലാണ്
ക്രമക്കേടുകൾ കണ്ടെത്തിയത്.
ചില സ്വർണ്ണക്കടകൾ സ്വർണം പൂഴ്ത്തി വയ്ക്കുകയും വിൽപ്പന നിഷേധിക്കുകയും ചെയ്തതായി ലഭിച്ച ഉപഭോക്തൃപരാതികൾക്ക് പിന്നാലെയായിരുന്നു പരിശോധനനടത്തിയത്.
പരിശോധനയിൽ ഉൾപ്പെട്ട 94 കടകളിൽ ഒൻപത് കടകളിൽ നിയമലംഘനം കണ്ടെത്തി. ഇവ സ്വർണാ ഭരണങ്ങൾ പൂഴ്ത്തി വയ്ക്കുകയും, വിപണി വില കൃത്രിമമായി നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് വിൽപ്പന നിഷേധിക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിപണി വില നിയന്ത്രിക്കുന്ന ഉദ്ദേശ്യത്തോടെ ഒരു ഉൽപ്പന്നം മറയ്ക്കുകയോ വിൽപ്പന നിഷേധിക്കുകയോചെയ്യുന്നത്ഉപഭോക്തൃ സംരക്ഷണ നിയമം (നിയമം നമ്പർ 8/2008)ന്റെ ആർട്ടിക്കിൾ 10-നെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകരെതിരെ അന്വേഷണ റിപ്പോർട്ടുകളും നിയമനടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മാർക്കറ്റിലെ സ്ഥിരതയും ഉപഭോക്തൃ അവകാശങ്ങളും ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ ഗൗരവമായ നിയമലംഘനമാണെന്ന് വ്യാപാര–വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ വ്യാപാര സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിയമിതമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
മന്ത്രാലയം ഉപഭോക്താക്കളോട് വിപണി കൃത്രിമമായി നിയന്ത്രിക്കുന്നതോ വഞ്ചനാപരമായ വ്യാപാരങ്ങൾ നടത്തുന്നതോ പോലുള്ള ലംഘനങ്ങൾ കണ്ടാൽ ഉടൻ വിവരം നൽകണമെന്ന് അഭ്യർത്ഥിച്ചു.











