
ദോഹ: ചൈനയിലെ സാന്യയിൽ ഏപ്രിൽ 22 മുതൽ 30 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തർ മാറ്റുരയ്ക്കും. ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) ആണ് 34 കായിക താരങ്ങളടങ്ങുന്ന സംഘത്തെ പ്രഖ്യാപിച്ചത്. ഖത്തർ അഡ്മിനിസ്‌ട്രേറ്റീവ് ഡെലിഗേഷൻ ഡെപ്യൂട്ടി ഹെഡ് അബ്ദുള്ള അൽ അബ്ദുള്ള ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബീച്ച് വോളിബോൾ (പുരുഷ-വനിതാ വിഭാഗം),
ബാസ്‌ക്കറ്റ്‌ബോൾ (പുരുഷ-വനിതാ വിഭാഗം),
ബീച്ച് ഹാൻഡ്‌ബോൾ,
സെയിലിംഗ്,
അക്വാത്‌ലോൺ,
ജിയു-ജിറ്റ്‌സു,
ഗുസ്തി (Wrestling)എന്നീവിഭാഗങ്ങളിലാണ് ഖത്തർ താരങ്ങൾ മാറ്റുരയ്ക്കുന്നത്. ബീച്ച് ഹാൻഡ്‌ബോൾ, വോളിബോൾ എന്നിവയിൽ ഖത്തറിന് ശക്തമായ മെഡൽ പ്രതീക്ഷയുണ്ട്. ഇതിനുപുറമെ വ്യക്തിഗത ഇനങ്ങളിലും മെഡൽ ലക്ഷ്യമിട്ടാണ് താരങ്ങൾ പരിശീലനം പൂർത്തിയാക്കിയത്. 2008-ലെ ബാലി ഗെയിംസ് മുതൽ ഖത്തർ ഈ ടൂർണമെന്റിൽ സജീവമാണ്. 2012-ൽ ഹാൻഡ്‌ബോളിൽ ഖത്തർ ആദ്യ സ്വർണം നേടിയിരുന്നു. 2016-ൽ നടന്ന വിയറ്റ്‌നാം ഗെയിംസിൽ 5 സ്വർണമടക്കം 7 മെഡലുകൾ ഖത്തർ സ്വന്തമാക്കിയിരുന്നു.ദോഹയുടെ തീരങ്ങളിൽ നിന്ന് സാന്യയുടെ തീരങ്ങളിലേക്ക്" (From the Shores of Doha to the Shores of Sanya) എന്ന മുദ്രാവാക്യവുമായി ടീം ഖത്തറിനായി വിപുലമായ പ്രചാരണ പരിപാടികളും ഖത്തർ ഒളിമ്പിക് കമ്മിറ്റി ആരംഭിച്ചു. കായിക നേട്ടങ്ങൾക്കൊപ്പം ഖത്തറിലെ കടൽതീരങ്ങളായ കത്താറ, ലുസൈൽ മറീന, പേൾ ഐലൻഡ്, ദോഹ കോർണിഷ് തുടങ്ങിയവയെ ആഗോളതലത്തിൽ പരിചയപ്പെടുത്താനും ഈ പ്രചാരണം ലക്ഷ്യമിടുന്നു.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,790 താരങ്ങളാണ് സാന്യയിലെ ഗെയിംസിൽ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന അന്താരാഷ്ട്ര കായിക മേളകൾക്ക് ഖത്തർ താരങ്ങളെ പ്രാപ്തരാക്കാനുള്ള മികച്ച വേദിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.











