
സാനിയ: ചൈനയിലെ സാനിയയിൽ നടക്കുന്ന 2026 ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തറിന് വൻ വിജയം. ഗ്രൂപ്പ് ബിയിലെ നിർണ്ണായക മത്സരത്തിൽ തായ്ലൻഡിനെ പരാജയപ്പെടുത്തി ഖത്തർ ബീച്ച് ഹാൻഡ്‌ബോൾ ടീം സെമി ഫൈനലിൽ പ്രവേശിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിനാണ് ഖത്തർ തായ്ലൻഡിനെ തകർത്തത് (സ്കോർ: 26-20, 22-20). ഇതോടെ 12 പോയിന്റുമായി ഖത്തർ ഗ്രൂപ്പിൽ ഒന്നാമതെത്തി. നേരത്തെ പാകിസ്ഥാൻ, ഒമാൻ, ബംഗ്ലാദേശ്, മംഗോളിയ, ജോർദാൻ എന്നീ ടീമുകളെ ഖത്തർ പരാജയപ്പെടുത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ തിങ്കളാഴ്ച മാലദ്വീപിനെ ഖത്തർ നേരിടും. ചൊവ്വാഴ്ചയാണ് സെമി ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ഖത്തർ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലാണ്.
ബീച്ച് വോളിബോളിൽ ഖത്തറിന്റെ ഒന്നാം നമ്പർ ടീമായ ഷെരീഫ് യൂനസ് - അഹമ്മദ് തീജാൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ ഖത്തറിന്റെ തന്നെ രണ്ടാം ടീമായ മുഹമ്മദ് ഇഹാബ് - മൂസ അൽ ഖൈർ സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത് (21-10, 21-16). ക്വാർട്ടറിൽ ചൈനയാണ് ഖത്തറിന്റെ എതിരാളികൾ.ബാസ്‌ക്കറ്റ്ബോളിൽ ബഹ്‌റൈൻ, കസാക്കിസ്ഥാൻ എന്നീ ടീമുകളെ പരാജയപ്പെടുത്തിയ ഖത്തർ പുരുഷ ടീം തിങ്കളാഴ്ച ഇന്ത്യയെ നേരിടും. അതേസമയം വനിതാ ടീം തങ്ങളുടെ രണ്ടാം മത്സരത്തിൽ കസാക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ ഖത്തർ വനിതകൾ ചൈനയോട് പരാജയപ്പെട്ടിരുന്നു.മത്സരങ്ങളുടെ ഭാഗമായുള്ള ഗുസ്തി പോരാട്ടങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. ഖത്തറിനായി സാദ് അൽ ഹമ്മാദി (80 കിലോ), ഹമദ് അൽ നുഐമി (70 കിലോ) എന്നിവരാണ് അങ്കത്തട്ടിലിറങ്ങുന്നത്. ഏഷ്യയിലെ കരുത്തരായ ഗുസ്തി താരങ്ങളോട് മത്സരിക്കുന്നത് ഖത്തറിന് വലിയ അനുഭവസമ്പത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.










