
ദോഹ: രാജ്യത്തെ ആരോഗ്യമേഖലയിലെ കെട്ടിട നിർമാണങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ (Accessibility features) സംയോജിപ്പിക്കാൻ പൊതുമരാമത്ത് അതോറിറ്റിയായ 'അശ്ഗാൽ' പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, മറ്റുള്ളവരുടെ സഹായമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി.
ആരോഗ്യ സംരക്ഷണ പ്രൊജക്ടുകളുടെ രൂപകൽപ്പനയിലും നിർമാണത്തിലും ഭിന്നശേഷി സൗഹൃദ മാനദണ്ഡങ്ങളാണ് അതോറിറ്റി പിന്തുടരുന്നതെന്ന് 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അശ്ഗാൽ വ്യക്തമാക്കി. വീതിയേറിയ ഇടനാഴികൾ, തടസ്സങ്ങളില്ലാതെ പ്രവേശിക്കാവുന്ന കവാടങ്ങൾ, പ്രത്യേകം നീക്കിവെച്ച പാർക്കിംഗ് സൗകര്യങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, വീൽചെയർ സൗഹൃദ വിശ്രമമുറികൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കൂടാതെ കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള സൈൻ ബോർഡുകളും ആശുപത്രികളിൽ സ്ഥാപിക്കുന്നുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ രീതിയിൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വിവേചനങ്ങളില്ലാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുഇടങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യമേഖലയിലെ ഈ നിർമാണങ്ങളെന്ന് അശ്ഗാൽ കൂട്ടിച്ചേർത്തു.










