
ദോഹ: ഖത്തറിലെ പാർപ്പിട മേഖലകളിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30-ലധികം പുതിയ പദ്ധതികൾ നടപ്പിലാക്കാൻ പബ്ലിക് വർക്സ് അതോറിറ്റി ('അഷ്ഗാൽ') പദ്ധതിയിടുന്നതായി പ്രൊജക്ട്സ് അഫയേഴ്സ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് സൈഫ് അൽ-ഖയാരിൻ അറിയിച്ചു. ഈ പദ്ധതികൾ ഏകദേശം 33,000 പാർപ്പിട പ്ലോട്ടുകൾക്ക് പ്രയോജനം ചെയ്യും.
നിലവിലുള്ളതും പുതിയതുമായ പാർപ്പിട മേഖലകളുടെ വികസനത്തിനായി റോഡ് ശൃംഖലകൾ, മഴവെള്ള ഓടകൾ, തെരുവ് വിളക്കുകൾ, കാൽനട-സൈക്കിൾ പാതകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരവും സുരക്ഷയും ഉയർത്താൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
അതോറിറ്റിയുടെ പദ്ധതികളിൽ പ്രാദേശിക നിർമ്മാണ സാമഗ്രികളുടെ ഉപയോഗം 75 ശതമാനത്തിൽ അധികമാണെന്നും, കെട്ടിട നിർമ്മാണ സാമഗ്രികളും ഖനന അവശിഷ്ടങ്ങളും പുനരുപയോഗിക്കുന്നതിനും സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ നാഷണൽ വിഷൻ 2030-ന് പിന്തുണയേകിക്കൊണ്ട്, ഭാവി പദ്ധതികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI), സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










