
ദോഹ: ഖത്തറിലെ ഇസ്‌ഗാവ (Izghawa), അൽ തുഫൈദ് (Al Thumaid) എന്നിവിടങ്ങളിൽ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. ഏകദേശം 418 ദശലക്ഷം ഖത്തറി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശങ്ങളിലെ നഗരവൽക്കരണവും ജനസംഖ്യാ വർദ്ധനവും കണക്കിലെടുത്താണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏകദേശം 771 പ്ലോട്ടുകൾ, സ്‌കൂളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, മസ്ജിദുകൾ, മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പുതിയ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അശ്ഗാൽ റോഡ് പ്രൊജക്ട്‌സ് വകുപ്പ് എഞ്ചിനീയർ തമാദർ അൽ മാസ് പറഞ്ഞു.അൽ ദവാഖിൽ സ്ട്രീറ്റിന് കിഴക്കും, നാഷണൽ ഡേ സെറിമോണിയൽ റോഡിന് വടക്കും, അൽ ഖോർ റോഡിന് തെക്കുമുള്ള ഏകദേശം 6,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രവൃത്തികൾ നടക്കുന്നത്. ജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസ്സമില്ലാത്ത രീതിയിൽ പ്രദേശത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.










