
ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ യുവതി നികിത ഗോഡിശാല കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രണയബന്ധ ആരോപണങ്ങൾ കുടുംബം ശക്തമായി നിഷേധിച്ചു. കേസിന് പിന്നിൽ സാമ്പത്തിക തർക്കമാണ് കാരണമെന്ന ആരോപണവുമായി നികിതയുടെ പിതാവ് രംഗത്തെത്തി. നികിതയെ കൊലപ്പെടുത്തിയ അർജുൻ ശർമ്മ കാമുകനല്ല, യുവതിയുടെ മുൻ റൂംമേറ്റാണ് എന്നാണ് പിതാവ് പറയുന്നത്.
നാലുവർഷം മുൻപാണ് നികിത പഠനത്തിനും തൊഴിലും വേണ്ടി കൊളംബിയയിലേക്ക് പോയത്. പിന്നീട് അവൾ അമേരിക്കയിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. അർജുൻ ശർമ്മ മുൻ റൂംമേറ്റാണെങ്കിലും, ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. നാലുപേർ ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഉണ്ടായ ചെലവുകൾ തിരികെ നൽകണമെന്ന് നികിത ആവശ്യപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായതെന്നും, അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ വാദം.
ജനുവരി ഒന്നിനാണ് നികിതയെ കാണാനില്ലെന്ന് അർജുൻ ശർമ്മ പൊലീസിൽ പരാതി നൽകിയത്. പുതുവത്സര രാത്രിയിൽ തന്റെ അപാർട്ട്മെന്റിലാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ അടുത്ത ദിവസം തന്നെ ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയതോടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മെരിലാൻഡിലെ അർജുൻ ശർമ്മയുടെ അപാർട്ട്മെന്റിൽ നിന്ന് ജനുവരി മൂന്നിന് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ പ്രതിയായ അർജുൻ ശർമ്മയെ ഇന്റർപോളിന്റെ സഹായത്തോടെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.











