07:49pm 06 November 2026
NEWS
പാർട്ടിത്തണലിൽ വളരുന്ന അർജുൻ ആയങ്കിമാർ...
14/08/2026  09:29 PM IST
പ്രദീപ് ഉഷസ്സ്
പാർട്ടിത്തണലിൽ വളരുന്ന അർജുൻ ആയങ്കിമാർ...

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ സംഭവവികാസങ്ങൾ താൽക്കാലികമായിട്ടെങ്കിലും, ഇപ്പോൾ കെട്ടടങ്ങിയെന്നത് യാഥാർത്ഥ്യമാണ്. അതേസമയം ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ സമാന്തരമായി അവിടെ തഴച്ചുവളരുകയും ചെയ്തു. ഒരു കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോറ്റിവളർത്തിയ പ്രൊഫഷണൽ ഗുണ്ടാസംഘങ്ങളാണ് ഈ വിധത്തിൽ പരിണമിച്ചവരിൽ ഏറെയുമെന്നതാണ് വസ്തുത.
രാഷ്ട്രീയപ്പാർട്ടികൾക്കുവേണ്ടി, വെട്ടാനും, കുത്താനും ചാവേറുകളായി അണികൾ ഉണ്ടായിരുന്നുവെങ്കിലും, കൃത്യനിർവ്വഹണത്തിനായി ക്രിമിനലുകളെ പോറ്റിവളർത്തിയതിൽ നിന്നും പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഒഴിഞ്ഞുമാറാൻ കഴിയുകയുമില്ല. ബോംബെറിഞ്ഞ് വീഴ്ത്തിയും, വടിവാളുകൊണ്ട് വെട്ടിപ്പിളർന്നും, കൊത്തിനുറുക്കിയും രാഷ്ട്രീയ പക പോക്കിയിരുന്ന, കണ്ണൂരിലെ ചോര ചിതറിയ നാളുകളെ അത്ര വേഗത്തിൽ മറക്കാനാവില്ലല്ലോ? തലയെണ്ണി കണക്കുതീർത്തിരുന്ന രാഷ്ട്രീയ വൈരാഗ്യത്തിന്റെ നാളുകളിൽ, ഒട്ടേറെ രക്തസാക്ഷികളേയും, ബലിദാനികളേയും സൃഷ്ടിച്ചതിൽ നിന്ന് കൈകഴുകി മാറിനിൽക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയുകയുമില്ല. ബി.ജെ.പിയും, സി.പി.എമ്മും, കോൺഗ്രസും മുസ്ലീംലീഗുമെല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽപക്ഷികൾ തന്നെയാണ്.

ഒത്തുതീർപ്പുചർച്ചകൾക്കുശേഷം, രാഷ്ട്രീയനേതാക്കൾ കൈകൾ കോർത്ത് സമാധാനത്തിന്റെ പതാകവാഹകർ ആയി മാറിയപ്പോൾ, ആവിധം കാഴ്ചകളെ ഏവരും മതിമറന്ന് വാഴ്ത്തി. അപ്പോഴൊന്നും അണിയറയിൽ ആയുധങ്ങൾ രാകിമിനുക്കിയിരുന്നവരെക്കുറിച്ച് എല്ലാവരും ബോധപൂർവ്വം നിശ്ശബ്ദരായി. നേതാക്കളുടെ വെടിനിർത്തലുകൾക്കുശേഷം ഈവിധം ക്വട്ടേഷൻ ഗുണ്ടകൾക്ക് എന്ത് സംഭവിച്ചു? താൽക്കാലികമായിട്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവരെ അവഗണിച്ചതോടെ ഇവർ ചേക്കേറിയത് എവിടേക്കാണ്..?

കൊടിസുനിയും കൂട്ടരും, പുത്തൻ ഓപ്പറേഷനുകളും

രാഷ്ട്രീയ ക്വട്ടേഷനുകൾ ഇല്ലാതായതോടെ,  പ്രൊഫഷണൽ ഗൂണ്ടാസംഘങ്ങളായി ഇവരിൽ ഭൂരിഭാഗവും മാറുകയായിരുന്നു. ഇവർക്കാകട്ടെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരോക്ഷ പിന്തുണകൾ നിർലോഭമായി ലഭിക്കുകയും ചെയ്തു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാനികളായ കൊടി സുനി, കിർമാണി മനോജ്, എം.സി. അനൂപ്, മുഹമ്മദ് ഷാഫി, ടി.കെ. രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പല ഓപ്പറേഷനുകളും പിന്നീട് അരങ്ങേറിയത്. ക്വട്ടേഷൻ ഏറ്റെടുക്കുന്നതിലാകട്ടെ ഇവർക്ക് രാഷ്ട്രീയ വ്യത്യാസങ്ങളോ, വ്യക്തി താൽപ്പര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
വടക്കൻ കേരളത്തിൽ ഇടക്കാലത്ത് ശക്തമായി വളർന്നുപന്തലിച്ച ഹവാലാ പണമിടപാടുകൾക്കും, സ്വർണ്ണക്കള്ളക്കടത്തിനും, വൻകിട വ്യവസായികൾ തമ്മിലുള്ള ബിസിനസ് തർക്കങ്ങളിലുമെല്ലാം ഇടപെട്ടുകൊണ്ട് അതിവേഗമാണ് ക്രിമിനൽ സംഘങ്ങൾ പടർന്നുപന്തലിച്ചത്. എന്തിനധികം സിനിമാമേഖലയിൽ അരങ്ങേറിയ തർക്കങ്ങളിലും, തട്ടിക്കൊണ്ടുപോകലിലുമെല്ലാം ക്വട്ടേഷനുകളുമായി ഈവിധം ഗുണ്ടകൾ രംഗത്തിറങ്ങിയത് പലകുറി ചർച്ചാവിഷയമായി മാറിയതുമാണല്ലോ? സ്വർണ്ണക്കള്ളകടത്ത് ഗുണ്ടകളെ നേതാക്കൾ സഹായിക്കുന്നതിനെതിരെ മുസ്ലീംലീഗിനുള്ളിലും വലിയ കോളിളക്കങ്ങൾ ഉയർന്നിരുന്നു.

കേരളത്തിൽ ഉടനീളം വിപുലമായ നെറ്റ് വർക്കുകൾ ഈ ക്രിമിനലുകൾക്ക് ഉണ്ട്. എവിടെയും എന്ത് 'ഓപ്പറേഷൻ' നടത്താനും അതിവേഗം ഇവർക്ക് കഴിഞ്ഞിരുന്നതും അതുകൊണ്ടുതന്നെയാണ്. ചില രാഷ്ട്രീയ നേതാക്കളുടെയും, ചില പോലീസ് ഉദ്യോഗസ്ഥരുടെയും പരോക്ഷപിന്തുണകൾ ഇപ്പോഴും ഇക്കൂട്ടർക്ക് ലഭിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യവുമാണ്.

ഗുണ്ടാനേതാവ് അർജുൻ ആയങ്കി

കൊടിസുനിയും, കൂട്ടരും ഇപ്പോഴും ജയിലിൽ ആണെങ്കിലും, അവർ ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ വിദഗ്ദ്ധമായി നടപ്പാക്കാനുള്ള സംഘാംഗങ്ങൾ പുറത്ത് തന്നെയുണ്ട്. അത്തരം ഓപ്പറേഷനുകൾ കൃത്യമായി നടപ്പാക്കുന്നവർക്കിടയിൽ മുൻനിരയിലാണ് അർജുൻ ആയങ്കിയെപ്പോലെയുള്ള ഗുണ്ടാനേതാക്കളുടെ സ്ഥാനം. ഇന്ന് കേരളത്തിൽ വളരെയേറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പേരാണ് അർജുൻ ആയങ്കിയുടേത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പരസ്യമായി വെല്ലുവിളിച്ച ഈ ക്രിമിനൽ കേരളത്തിലെ നിയമസംവിധാനത്തെക്കൂടിയാണ് ആക്ഷേപിച്ചത്. കൊടിസുനിയുടെയും, കിർവാണി മനോജിന്റെയും വലം കയ്യായിരുന്ന ഈ ഗുണ്ടാനേതാവ് കേരളത്തിലെ നിയമസംവിധാനത്തെക്കൂടിയാണ് വെല്ലുവിളിച്ചത്. ഫോൺ ലൊക്കേഷനുകൾ ഇടയ്ക്കിടെ മാറ്റി സൈബർ അന്വേഷണ സംഘങ്ങളെ വട്ടം കറക്കിയ അർജുൻ ആയങ്കി, ഒളിവിലിരുന്നാണ് സോഷ്യൽമീഡിയാ പോസ്റ്റുകൾ വഴി പോലീസ് ഉദ്യോഗസ്ഥരേയും, ആഭ്യന്തര വകുപ്പിനേയും വെല്ലുവിളിച്ചത്. ഇപ്പോൾ എന്തുവിലകൊടുത്തും, വെടിവച്ചുകൊണ്ടും ഈ ഗുണ്ടാനേതാവിനെ പിടികൂടണമെന്ന കർശനനിർദ്ദേശം ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചത് ഈ സാഹചര്യത്തിലാണ്. സുക്ഷത്തമായ ആസൂത്രണത്തിന് ഒടുവിലാണ് അതിവിദഗ്ദ്ധമായി പോലീസ് സംഘം അർജ്ജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്.

കണ്ണൂരിലെ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കി ഡി.വൈ.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തുന്നത്. നിലവിൽ സ്വർണ്ണക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ, വ്യക്തികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഒട്ടേറെ സംഘടിത കുറ്റകൃത്യങ്ങളിൽ ആയങ്കി പ്രതിയാണ്. ക്രിമിനൽ പ്രവർത്തനങ്ങളിൽ മുഴുകിയ ആയങ്കിയെ ഡി.വൈ.എഫ്.ഐ തള്ളിപ്പറയുകയും, തങ്ങൾക്ക് ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ശക്തമായി ഉയർന്നതോടെ അർജ്ജുൻ ആയങ്കി ആകാശ് തില്ലങ്കേരി തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പി.ജയരാജൻ അടക്കമുള്ള സി.പി.എം നേതാക്കൾ പൊതുയോഗങ്ങളിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സ്വർണ്ണക്കള്ളക്കടത്ത് സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്ന 'സ്വർണ്ണം പൊട്ടിക്കലിൽ' ആണ് ആയങ്കി തന്റെ വൈദഗ്ദ്ധ്യം കൂടുതൽ പ്രകടിപ്പിച്ചിരുന്നത്. സ്വർണ്ണക്കള്ളക്കടത്ത് മേഖലയിലെ കോഡ് പ്രയോഗമാണ് 'പൊട്ടിക്കൽ.' വിമാനത്താവളങ്ങൾ വഴി യഥാർത്ഥ നികുതിയടക്കാതെ വളഞ്ഞ വഴിയിൽ കൊണ്ടുവരുന്ന സ്വർണ്ണമോ, കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണമോ, അത് കൈപ്പറ്റാൻ കാത്തുനിൽക്കുന്ന യഥാർത്ഥ മാഫിയാ സംഘങ്ങൾക്ക് ലഭിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു ക്രിമിനൽ ഗാംഗ് ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നതാണ് 'സ്വർണ്ണം പൊട്ടിക്കൽ' എന്ന പേരിൽ അറിയപ്പെടുന്നത്.

സ്വർണ്ണക്കടത്ത്് സംഘത്തിലെ ചിലർതന്നെ കൂടുതൽ പണത്തിനായി വിവരങ്ങൾ ചോർത്തി നൽകാറുണ്ട്. സ്വർണ്ണം കൊണ്ടുവരുന്ന കാരിയറിന്റെ ചിത്രവും, എത്തുന്ന സമയവും, വാഹനവും, ധരിക്കുന്ന വസ്ത്രവിവരങ്ങളുമെല്ലാം 'പൊട്ടിക്കൽ ഗ്രൂപ്പിന്' നേരത്തെതന്നെ ചോർത്തിക്കിട്ടും. കാരിയറെ പിന്തുടർന്ന്, വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയോ, ആക്രമിച്ചോ ആണ് ഗുണ്ടകൾ സ്വർണ്ണം തട്ടിയെടുക്കുക.
വൻകിട സ്വർണ്ണബിസിനസുകാർ തൊട്ട് ഇടത്തരം കച്ചവടക്കാർ വരെ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ ഉപയോക്താക്കളാണെന്നാണ് കസ്റ്റംസിന്റെയും, ഡി.ആർ.ഐ പോലെയുള്ള ഏജൻസികളുടേയും നിരീക്ഷണം. ക്രിമിനലുകളുടെ സഹായത്തോടെ, വിമാനത്താവളങ്ങൾ വഴിയും മറ്റും വളഞ്ഞവഴിയിൽ കൊണ്ടുവരുന്ന സ്വർണ്ണം പൂർണ്ണമായും നിയമവിരുദ്ധവും, നികുതി വെട്ടിച്ചതുമാണ്. കസ്റ്റംസ് അധികൃതർ 'കള്ളക്കടത്ത് സ്വർണ്ണം' എന്ന പരിധിയിൽ പെടുത്തിയിട്ടുള്ള ഈ സ്വർണ്ണം നഷ്ടപ്പെട്ടാൽ, യഥാർത്ഥ ഉടമകൾക്കോ, കാരിയർമാർക്കോ പോലീസിൽ പരാതിപ്പെടാനും കഴിയില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് 'പൊട്ടിക്കൽ സംഘങ്ങൾ' ഈ മേഖലയിൽ കൂടുതൽ സജീവമായി നിലയുറപ്പിച്ചിട്ടുള്ളത്.

ഇ.ഡി വലയിലും ആയങ്കി

കാരിയറുടെ വാഹനത്തെ പിന്തുടർന്ന ക്രിമിനലുകൾ പല വാഹന അപകടങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒട്ടേറെ തട്ടിക്കൊണ്ടുപോകലും, കൊലപാതകശ്രമങ്ങളും, നിരവധി അപകടമരണങ്ങളുമെല്ലാം ഈവിധം 'സ്വർണ്ണം പൊട്ടിക്കൽ' വഴി ഉണ്ടായിട്ടുമുണ്ട്. 2021 ജൂൺ മാസത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ 5 യുവാക്കൾ മരിച്ചതോടെയാണ് സ്വർണ്ണം തട്ടിയെടുക്കലിൽ അർജുൻ ആയങ്കിയുടെ പങ്ക് പുറത്തുവന്നത്. ചെർപ്പുളശ്ശേരി സ്വദേശികളായ യുവാക്കൾ, കരിപ്പൂർ വിമാനത്താവളം വഴി കടത്തികൊണ്ടുവന്ന അനധികൃത സ്വർണ്ണം തട്ടിയെടുക്കുന്നതിനിടയിലെ അപകടകരമായ വാഹനമോട്ടത്തിനിടയിലാണ് അപകടമുണ്ടായതും യുവാക്കൾ മരിച്ചതും.
ഇതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ആയങ്കിയെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായ ഇയാൾ മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. സ്വർണ്ണക്കടത്തിലൂടെയും അനധികൃത സാമ്പത്തിക ഇടപാടുകളിലൂടെയും സമ്പാദിച്ച സാമ്പത്തികാവസ്ഥയെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ആയങ്കിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് തടയുന്നതിനായുള്ള കരുതൽ നിയമമായ കോഫേപോസയും  കൂടാതെ കാപ്പയും ആയങ്കിക്കെതിരെ ചുമത്തിയിരുന്നു. വ്യാജ പാസ്‌പോർട്ട് കൈകാര്യം സംബന്ധിച്ച കേസും ഇയാൾക്കെതിരെ ഉണ്ട്. കൂടാതെ ഭാര്യ കൊടുത്ത ലൈംഗിക പീഡനപരാതിയും അർജുൻ ആയങ്കിക്കെതിരെ നിലനിൽക്കുന്നുമുണ്ട്.

കഴിഞ്ഞ മേയ് മാസത്തിൽ കോതമംഗലത്തെ റിസോർട്ടിൽ വെച്ച്, ക്രിമിനൽ പ്രവർത്തനം ആസൂത്രണം നടത്തുന്നതിനിടയിൽ അർജുൻ ആയങ്കിയേയും സംഘത്തേയും പോലീസ് കസ്റ്റഡിയിൽ എടുത്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് അടിസ്ഥാനകാരണം. കോതമംഗലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയ വഴി ആയങ്കി നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത്. അർജുൻ ആയങ്കി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാൾ പൂർണ്ണമായും രഹസ്യകേന്ദ്രത്തിലേക്ക് മുങ്ങിയത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം എടുക്കാനുള്ള നീക്കത്തിരുന്നു ആയങ്കി. ഇപ്പോൾ. ഇതിനിടയിൽ അർജുൻ ആയങ്കിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 'താൻ വളർന്ന പാർട്ടി' വേറെയാണെന്ന മട്ടിൽ തികച്ചും അധികാരഗർവോടെയാണ് മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. 'വല്ലാതെ വിരട്ടരുത്' എന്നും ആയങ്കി ആഭ്യന്തര മന്ത്രിയോട് പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്തുവില കൊടുത്തും ആയങ്കിയെ പൂട്ടണമെന്ന കർശനനിർദ്ദേശം ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചത്. ആവശ്യമെങ്കിൽ വെടിവെച്ചും കീഴ്‌പ്പെടുത്താമെന്ന ഉത്തരവും വന്നു. കേരളത്തിലെ നീതിന്യായ വ്യവസ്ഥയെയാകെ പരസ്യമായി വെല്ലുവിളിച്ച ഈ ക്രിമിനലിനെതിരെ വ്യാപകമായി വലവിരിച്ച പോലീസ് സംഘം, ആയങ്കിയുടെ സഹോദരനേയും, അടുത്ത അനുയായികളേയും ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. 

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ ഗുണ്ടാനേതാവിനെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും, 'താൻ വളർന്ന പാർട്ടി വേറെയാണെന്ന്' ധാർഷ്ട്യസ്വരത്തിൽ വെല്ലുവിളിക്കാൻ ആയങ്കിക്ക് കഴിയുന്നത് ഉന്നത കേന്ദ്രങ്ങളിൽ തനിക്കുള്ള പിടിപാടുകളുടെ വെളിച്ചത്തിൽ തന്നെയാണ്.
ഇത് ഒരു ആയങ്കിയുടെ മാത്രം കാര്യമല്ല; ഈവിധത്തിൽ ഒട്ടേറെ ആയങ്കിമാരെയാണ് വിവിധ പ്രസ്ഥാനങ്ങൾ പോറ്റി വളർത്തിയിട്ടുള്ളത്. അവരെല്ലാം അണിയറയിൽ സജീവമാണുതാനും. പാലൂട്ടിയ കൈകൾക്ക് കൊത്തേൽക്കുന്നതിന് മുമ്പെ ആവിധം വിഷപ്പല്ലുകളെ തകർക്കാനുള്ള ആർജ്ജവമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img