07:47am 26 May 2026
NEWS
നിയമവും നീതിയും വഴിമാറുന്നോ?
21/09/2025  08:20 AM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
നിയമവും നീതിയും വഴിമാറുന്നോ?
HIGHLIGHTS

അഡ്വ. കെ.എം. ആന്റണി, ഐ.പി.എസ് 
(റിട്ട. പോലീസ് സൂപ്രണ്ട്)

ഏറ്റെടുത്തിട്ടുള്ള ഏതുകേസും വിജയസോപാനത്തിലെത്തിച്ച ചരിത്രമുള്ള പോലീസ് ഓഫീസറാണ് കെ.എം.ആന്റണി. തെളിയിക്കപ്പെടില്ല എന്ന ഉദ്ദേശത്തോടെ പോലീസ് റിക്കോർഡിൽ നിന്നു മാറ്റിവച്ച കേസുപോലും ധിഷണാപാടവത്തോടെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷവാങ്ങിക്കൊടുത്തിട്ടുള്ള ചരിത്രവും ആന്റണിക്കുണ്ട്. വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കേസും തന്റെ നിരീക്ഷണപാടവംകൊണ്ട് തെളിയിച്ച അദ്ദേഹം ഡിജിപിയുടെ പ്രശംസയ്ക്കും അർഹനായിട്ടുണ്ട്.

 

പോലീസിലെ ഔദ്യോഗിക ജീവിതത്തിൽ പലതരം കേസുകളും ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയും ഉറക്കം കെടുത്തിയും മാനസികമായി തളർത്തിയ ഒരു കേസും മുൻപ് ഞാൻ ഏറ്റെടുത്തിട്ടില്ല എന്നതൊരു സത്യമാണ്. പ്രതികളും വാദികളുമൊക്കെ നേർക്കാഴ്ചയായി മുന്നിലുണ്ടെങ്കിലും അത് കോടതിക്ക് മുന്നിൽ തെളിയിക്കപ്പെടുക അത്ര എളുപ്പമല്ല. നമ്മൾ കണ്ടെത്തുന്ന തെളിവുകൾ വ്യക്തതയുള്ളതും വസ്തുനിഷ്ഠവുമാകാം. പക്ഷെ, അതിന്റെ പിന്നിലുണ്ടാകുന്ന കുരുക്കുകൾ അഴിക്കാൻവേണ്ടി ഒരു പോലീസ് ഓഫീസർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അത്ര നിസ്സാരമായി കാണാൻ കഴിയില്ല.

ആനയെ ആമയാക്കാനും ഒരു ചെറിയ കയർ കഷണത്തെ മുർഖൻപാമ്പാക്കി മാറ്റാനും കഴിവുള്ള വക്കീലന്മാർ വാദിക്കുന്ന കേസുകളിൽ നിന്നു തലയൂരിപ്പോരുക അത്ര എളുപ്പമല്ല. ഒരു പോലീസ് ഓഫീസർ കൃത്യതയോടെയും കണിശത്തോടെയും കേസ് ഫയൽ പൂർത്തിയാക്കി കോടതിയിൽ എത്തിച്ചാൽ അതിനെ കെട്ടിച്ചമച്ചതാക്കാനും വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മുദ്രകുത്തി സ്ഥാപിച്ചെടുക്കാനും മേൽപ്പറഞ്ഞ തരത്തിലുള്ള പ്രതിഭാഗം വക്കീലന്മാർ കാട്ടുന്ന ചാതുര്യം മനുഷ്യമനസ്സാക്ഷിയെ തന്നെ കളങ്കിതമാക്കുന്നതിനു തുല്യമാണ്.
ആ ചാതുര്യമാകാം പല കേസുകളിലും അവർ വിജയിക്കുകയും പ്രതികളെ നിഷ്പ്രയാസം കേസിൽ നിന്നും രക്ഷപ്പെടുത്താനും പുറത്തു കൊണ്ടുവരാനും സഹായിക്കുകയും ചെയ്യുന്നത്.

സത്യസന്ധനായ ജഡ്ജിയുടെ മാനസികാവസ്ഥയെപ്പോലും ഡൈവർട്ട് ചെയ്യാൻ ഇത്തരം നിപുണന്മാരായ വക്കീലന്മാർക്ക് സാധിക്കുന്നു എന്നത് പകൽ പോലെ സത്യമാണ്. അത്തരത്തിൽപ്പെട്ട ഒരു കേസായിരുന്നു ഞാൻ തിരൂർ സർക്കിൾ ഇൻസ്പക്ടറായിരുന്ന കാലത്ത് എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്.

സമർത്ഥനായ പ്രതിഭാഗം വക്കീൽ പല കുതന്ത്രങ്ങളും കാട്ടി പ്രതിയെ രക്ഷിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചെങ്കിലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് എവിടെയോ വീണതുകൊണ്ട് വക്കീലിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെ മുന ഒടിക്കാനും കേസ് വാദിക്കനുകൂലമായ വിധിയിലേക്ക് എത്തിക്കാനും കഴിഞ്ഞു. ആ അനുഭവമാണ് ഇപ്രാവശ്യം പോലീസ് സ്റ്റോറിയിലൂടെ ഞാൻ വായനക്കാരുടെ മുന്നിൽ എത്തിക്കുന്നത്. ഇതെഴുതാൻ എനിക്ക് ഉണർവും ഉന്മേഷവും പകർന്നു സഹായിച്ച എന്റെ പ്രിയ സുഹൃത്തും 'കേരളശബ്ദം' പ്രസിദ്ധീകരണത്തിന്റെ കൊച്ചി ബ്യൂറോ ചീഫുമായ മൈക്കിൾ വർഗീസ് ചെങ്ങാടക്കരിയെ ഇത്തരുണത്തിൽ ഞാൻ സ്മരിക്കുകയാണ്.

രണ്ടായിരത്തി ഒന്നിലാണ് സംഭവം നടക്കുന്നത്. അന്ന് ഞാൻ തിരൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു. ഒരു ദിവസം രാവിലെ സ്റ്റേഷനിലേക്ക് ഒരു സന്ദേശം വന്നു. തിരൂർ ബി.പി അങ്ങാടിക്കടുത്ത് വെട്ടം എന്ന പ്രദേശത്തേക്ക് പോകുന്ന പി.ഡബ്ല്യു.ഡി റോഡിൽ ഒരു കൊലപാതകശ്രമം നടന്നിട്ടുണ്ട് എന്നായിരുന്നു ആ സന്ദേശം. രാവിലെ ഒൻപത് മണി കഴിഞ്ഞ സമയം. റോഡെല്ലാം നല്ലതിരക്ക്. ആ സമയത്താണ് സൈക്കിൾ ഉരുട്ടിപ്പോവുകയായിരുന്ന ഒരു സ്‌കൂൾ അദ്ധ്യാപകനെ ആരോ ചിലർ ചേർന്ന് തടഞ്ഞു നിർത്തി നിഷ്ഠൂരമായി കൊലപ്പെടുത്താൻ വേണ്ടി കുത്തുകയായിരുന്നു. തിരുവനന്തപുരത്തുകാരനായിരുന്നു കുത്തേറ്റ് മൃതപ്രായനായ ആ അദ്ധ്യാപകൻ. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന, സന്തുഷ്ട കുടുംബമായിരുന്നു ആ അദ്ധ്യാപകന്റേത്. 

തിരുവനന്തപുരത്തെ ഒരു ഉൾപ്രദേശമായിരുന്നു അദ്ദേഹത്തിന്റെ നാട്. ഭാര്യയും അദ്ധ്യാപികയാണ്. രണ്ടു പേർക്കും മലപ്പുറം തിരൂരിനടുത്തുള്ള സ്‌കൂളുകളിലാണ് അദ്ധ്യാപനത്തിനുള്ള പോസ്റ്റിംഗ് ലഭിച്ചത്. അതുകൊണ്ടുതന്നെ നാട്ടിലുള്ള വീടും സ്ഥലവും വിറ്റ് മലപ്പുറത്തേക്ക് ചേക്കേറുകയായിരുന്നു. സ്‌കൂളിനടുത്തുതന്നെ സ്ഥലം വാങ്ങി വീടുവച്ച് സസന്തോഷം താമസിക്കുകയായിരുന്നു. അവർ സ്ഥലം വാങ്ങി വീടുവച്ച ആ ഭാഗങ്ങളിൽ അയൽവാസികൾ കുറവായിരുന്നു. വീടിനോട് അടുത്തുള്ളത് ഒരു മുസ്ലീംകുടുംബമായിരുന്നു. ഇവരുടെ അതിർത്തിയും മുസ്ലിം കുടുംബത്തിന്റെ അതിർത്തിയും ഒരു കമ്പിവേലിയുടെ വ്യത്യാസത്തിലായിരുന്നു. അദ്ധ്യാപകൻ ഒരു അന്തർമുഖനായിരുന്നതിനാൽ ആരുമായും അധികം അടുക്കുവാനോ സംസാരിക്കാനോ പോകാറില്ല. ഭാര്യയായ അദ്ധ്യാപികയും അയാളെപ്പോലെ തന്നെ. ആരുമായും അധികം ചങ്ങാത്തം കൂടാറില്ല. മക്കൾ രണ്ടാളും കുട്ടികളാണ്. അവർ അദ്ധ്യാപിക പഠിപ്പിക്കുന്ന സ്‌ക്കൂളിലാണ് പഠിക്കുന്നത്. അവരുടെ വീട്ടിൽ നിന്നും നടന്നു പോകാൻ പോന്ന ദൂരമേ ടീച്ചറിന്റെ സ്‌കൂളിലേക്കുള്ളു. എന്നാൽ അധ്യാപകന്റെ സ്‌കൂളാകട്ടെ അൽപം ദൂരത്താണ്. അതിനാൽ അദ്ദേഹം സൈക്കിളിലാണ് സ്‌കൂളിലേക്ക് പോകുന്നത്. രാവിലെ ഒൻപതു മണിക്ക് മുൻപുതന്നെ അവർ നാലാളും വീട് പൂട്ടി സ്‌ക്കൂളിലേക്ക് തിരിക്കും. ടീച്ചറും കുട്ടികളുമായി അവരുടെ സ്‌ക്കൂളിലെത്തുംവരെ അദ്ധ്യാപകനായ മാഷും സൈക്കിൾ ഉരുട്ടി അവരോടൊപ്പം കൂടും. അവർ സ്‌കൂളിലേക്ക് കടന്ന ശേഷം മാഷ് സൈക്കളിലേറി തന്റെ സ്‌കൂളിലേക്ക് പോകും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്, രണ്ടായിരം കാലഘട്ടങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള അഭ്യസ്തവിദ്യരിൽ ഭൂരിഭാഗവും പി.എസ്.സി ടെസ്റ്റിനും മറ്റു പല വിധ സർക്കാർ ജോലികൾക്കുമായി തെരഞ്ഞെടുത്തിരുന്നത് വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ്. ആ ജില്ലകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ജോലി ഉറപ്പാണെന്നവർക്കറിയാം. ഈ ജില്ലകളിൽ സർക്കാർ ഉദ്യോഗസ്ഥരായും അദ്ധ്യാപന ജോലിക്കായും നഴ്‌സിംഗ് ജോലിക്കായുമൊക്കെ  അന്നു കയറിപ്പറ്റിയവരിൽ തൊണ്ണൂറു ശതമാനം ഉദ്യോഗാർത്ഥികളും തെക്കൻ ജില്ലയിൽ നിന്ന് ഉള്ളവരാണ്. അന്ന് ഈ സ്ഥലങ്ങളൊക്കെ റിമോട്ട് ഏരിയകളായിരുന്നു എന്നുവേണം പറയാൻ. മലപ്പുറം ജില്ലയിൽ സ്‌കൂളുകൾ ധാരാളമുണ്ട്. പക്ഷേ, പഠിപ്പിക്കാൻ അദ്ധ്യാപകർ വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ.

ആ ഒഴിവുകൾ നികത്താനാണ് തെക്കൻ ജില്ലകളിൽ നിന്നും വിദ്യാസമ്പന്നരായ കുടിയേറ്റക്കാർ ഇവിടേക്ക് കടന്നുവന്നത്. തെക്കൻ ജില്ലകളിൽ ഒരു സെന്റ് ഭൂമി വിറ്റാൽ കിട്ടുന്ന പണം കൊണ്ട് മലപ്പുറത്തും വയനാട്ടിലുമൊക്കെ ഏക്കർ കണക്കിന് സ്ഥലം ആ  കാലത്ത് കിട്ടുമായിരുന്നു. അതാണ് തെക്കൻ കുടിയേറ്റക്കാർ ഇവിടേക്ക് നുഴഞ്ഞു കയറിയത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? മലപ്പുറത്തും വയനാട്ടിലുമൊക്കെ വസ്തുവിന് പൊന്നുംവിലയാണ്. ഈ കാരണങ്ങളൊക്കെ കൊണ്ടാകാം തെക്കുനിന്നു വന്ന കുടിയേറ്റക്കാരോട് ഒരുവിഭാഗം നാട്ടുകാർക്ക് അടങ്ങാനാകാത്ത വെറുപ്പും അപകർഷതയുമൊക്കെ ഉണ്ടാകാൻ കാരണം.

നമ്മൾ ആ വിഷയത്തിൽ കാടുകയറാതെ അദ്ധ്യാപകന്റെയും കുടുംബത്തിന്റേയും അയൽവാസിയായ മുസ്ലിം കുടുംബത്തിന്റെയും അന്നത്തെ ജീവിതസാഹചര്യത്തിലേക്ക് തിരിച്ചുവരാം. അദ്ധ്യാപകനും കുടുംബവും വരുത്തരാണെങ്കിലും വിട്ടുവീഴ്ചാ മനോഭാവം ഒട്ടുമില്ലാത്ത പ്രത്യേക ജനുസിൽപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ അയൽവാസിയും ആ നാട്ടുകാരുമായ മുസ്ലിം കുടുംബവുമായി അതിരുതർക്കം നിലനിന്നു പോന്നു. ആ മുസ്ലിം കുടുംബത്തിൽ ഉപ്പയും ഉമ്മയും മൂന്നു മക്കളുമാണുള്ളത്. മൂത്ത മകൻ ഷെറഫുദ്ദീൻ മുംബൈയിലാണ്. അവന് താഴെയുള്ളതിൽ മൂത്തവൻ ബഷീറും അതിനു താഴത്തവൻ ഷുക്കൂറുമാണ്.

ഷുക്കൂറാണ് വരുത്തനായ അധ്യാപകൻ യേശുദാസനും ഭാര്യ ഷീലയുമായി അടിക്കടി അതിർത്തി തർക്കത്തിന്റെ പേരിൽ പോരടിച്ചു പോന്നത്. ബഷീറും ഉപ്പയും ഇടയ്ക്ക് ഷുക്കൂറിനെ സപ്പോർട്ടു ചെയ്യാനായി കൂടെച്ചേരാറുണ്ട്. യേശുദാസനാകട്ടെ ഒരു സ്‌കൂൾ മാഷ് എന്ന നിലയിൽ പോലും തലനാരിഴയ്ക്ക് വിട്ടുകൊടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. സ്വന്ത നാട്ടിൽ നിന്നു വന്ന് ഒരന്യനാട്ടിൽ താമസിക്കുമ്പോൾ ആ നാട്ടുകാരുമായി സഹകരിച്ചു പോവുക എന്നതൊരു സാമാന്യ ബോധമാണ്. യേശുദാസൻ അതു പാലിച്ചില്ല എന്നത് സത്യമാണ്. അയൽവാസിയായ ഷുക്കൂറുമായി സ്ഥിരം കൊമ്പുകോർത്തു കൊണ്ടേയിരുന്നു. ഒടുവിൽ ഫലം ദുരന്തമായിരുന്നു. 

ഓരോ നാൾ കഴിയുംതോറും ഷുക്കൂറിന് യോശുദാസനോടുള്ള പക കൂടിക്കൂടി വന്നു. ആ പക അവന്റെ ഉറക്കം കെടുത്താൻ തുടങ്ങിയപ്പോൾ അവൻ ബോംബെയിലുള്ള മൂത്ത സഹോദരൻ ഷെറഫുദീനെ നാട്ടിലേക്കു വരുത്തി. അവൻ വളരെ പ്ലാനിംഗിലായിരുന്നു. യേശുദാസനെ എങ്ങിനെയും ഇല്ലാതാക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കൊല്ലാൻ തീരുമാനിച്ചാണ് ഷെറഫുദ്ദീൻ നാട്ടിലെത്തിയത്. മുംബൈ മഹാനഗരത്തിൽ കൊണ്ടും കൊടുത്തും അല്പം റൗഡിസമൊക്കെ വശത്താക്കിയവൻ. 

ഷെറഫുദ്ദീൻ അന്ന് അനുജൻ ഷുക്കൂറുമൊത്ത് ബി.പി അങ്ങാടിക്കു സമീപത്തെ വെട്ടത്തിനടുത്തുള്ള പൊതുമരാമത്ത് റോഡിൽ യേശുദാസൻ വരുന്നതും കാത്ത് നിന്നു. രാവിലെ ഒൻപത് മണി ആകാറായപ്പോൾ ഭാര്യയും രണ്ടു മക്കളുമായി സൈക്കിൾ ഉരുട്ടി വന്ന യേശുദാസനെ ഷുക്കൂർ തടഞ്ഞുനിർത്തി. ആ സമയം കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷെറഫുദ്ദീൻ യേശുദാസന്റെ കഴുത്തിലേക്ക് ആഞ്ഞുകുത്തി. തുടർന്ന് കത്തി ഊരി എടുത്ത് നെഞ്ചിലേക്ക് വീണ്ടും കുത്തി. ചോര ചീറ്റി തെറിച്ചു. ഒരാർത്തനാദത്തോടെ പിടഞ്ഞുപിടഞ്ഞ് യേശുദാസൻ നിലത്തു കിടന്നുരുണ്ടു. ഭാര്യ ഷീലയും കുട്ടികളും ആ രംഗം കണ്ട് അലറി വിളിച്ചു. ആളുകൂടി തുടങ്ങിയപ്പോൾ ഷെറഫുദ്ദീനും ഷുക്കൂറും അവിടെനിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

രക്തത്തിൽ കുളിച്ചു കിടന്നുപിടയുകയായിരുന്ന യേശുദാസനെ ഓടികൂടിയവരും ഷീലയും ചേർന്ന് തിരൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞയുടൻ ഞാനും കോൺസ്റ്റബിൾമാരും താലൂക്കാശുപത്രിയിലെത്തി. അവിടെക്കണ്ട ആ രംഗം ആരെയും കരളലിയിപ്പിക്കുന്നതായിരുന്നു. ഭാര്യയുടെയും മക്കളുടെയും ആർത്തലച്ചുള്ള നിലവിളിയും യേശുദാസന്റെ മരണവെപ്രാളവുമൊക്കെ ആശുപത്രിയിലെ ത്തിയവരുടെയുമെല്ലാം കണ്ണു നിറയിച്ചു. ആ രംഗം അധികം നീണ്ടുനിന്നില്ല. അപ്പോഴേക്കും യേശുദാസൻ മരിച്ചു കഴിഞ്ഞിരുന്നു.
ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമയമെടുത്തു. മാത്രമല്ല, ഷുക്കൂറിന്റേയും ഷെറഫുദ്ദീന്റെയും സ്വാധീനവലയത്തിൽ നിന്നും ബോഡി വീണ്ടെടുക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. സാഹചര്യത്തെളിവുകൾ എഴുതിച്ചേർക്കേണ്ടി വന്നു. യേശുദാസന്റെ ഭാര്യ ഷീലയും രണ്ടു മക്കളുമല്ലാതെ സാക്ഷി പറയാൻ ആരും വന്നില്ല. കേസ് എങ്ങുമെത്തില്ല എന്നു കരുതിയ സമയത്ത് ഈശ്വരനായി വരുത്തിയ പോലെ ഒരു സാക്ഷിയെത്തി. ഒരു വിമുക്തഭടൻ. അതെ... ജോലിയിൽനിന്നും വിരമിച്ചുവന്ന പട്ടാളക്കാരൻ.. അയാൾ കൂസലില്ലാതെ മൊഴിതന്നു. അന്നു ഞാൻ ഒരു പട്ടാളക്കാരന്റെ നന്മയെക്കുറിച്ച് ഓർത്ത് അയാളെ മനസാ അഭിനന്ദിച്ചു. ആ വിമുക്തഭടൻ വന്നതോടെ മറ്റു ചിലർ കൂടി സാക്ഷി പറയാൻ തയ്യാറായി. ഇതിനിടയിൽ ഷീല ടീച്ചറും മക്കളും തിരൂരിലെ വീടുപേക്ഷിച്ച് മറ്റെവിടേയ്‌ക്കോ മാറി. ഷുക്കൂറിന്റെയും ഷെറഫുദ്ദീന്റെയും ഭിഷണിയെ ഭയന്നാണവർ അവിടം വിട്ടതെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.

കേസ് കോടതിയിലെത്തി. തിരൂർ കോടതിയിൽ നിന്നും തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റി. കേരള ഹൈക്കോടതി രജിസ്ട്രാറായി വിരമിച്ച ജസ്റ്റിസ് ഹനീഫയായിരുന്നു ജഡ്ജി. അദ്ദേഹം വളരെ സത്യസന്ധനും പ്രഗത്ഭനും സത്യത്തിനും നീതിക്കുമെതിരായി ചലിക്കുക പോലും ചെയ്യാത്ത ആദരണീയനായിരുന്നു.

പ്രതിഭാഗത്തിന്റെ ഭീഷണിയും സ്വാധീനമുപയോഗിച്ച് എന്തും ചെയ്യാൻ മടികാട്ടാത്തവരുമായ പ്രതികളുടെ നാട്ടിലെ വിചാരണ മാറ്റി മറ്റേതെങ്കിലും ജില്ലയിലാക്കണമെന്ന വാദിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച് ഹൈക്കോടതിയാണ് മലപ്പുറം ജില്ലയിൽ നിന്നും വിചാരണ തൃശൂരിലേക്ക് മാറ്റിയത്. പ്രഗത്ഭനായ പ്രതിഭാഗം വക്കീലിന് അതു തടുക്കാൻ കഴിഞ്ഞില്ല. പട്ടിയെ പൂച്ച ആക്കാനും എലിയെ ആനയാക്കാനും കഴിവുള്ള വാക്ചാതുരി കൊണ്ട് എന്തിനേയും ഏതിനേയും നിഷ്പ്രഭമാക്കാൻ കഴിവുള്ള പ്രതിഭാഗം വക്കീൽ ഏറ്റെടുത്തിട്ടുള്ള ഒരു കേസും പരാജയപ്പെട്ടതായി കേട്ടുകേൾവിയില്ല. ഒരു പോലീസ് ഓഫീസറായിരുന്ന എന്നെപ്പോലും ഒന്നു അഴിച്ചു കുടയാൻ ഒരു ശ്രമം അദ്ദേഹം നടത്തിയതാണ്. ഒരു വകുപ്പുമില്ലാതെ എന്നെ പ്രതിക്കൂട്ടിൽ നിർത്തി കസർത്തു നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

ആകെ ഏഴു മാസം മാത്രമാണ് ഞാൻ തിരൂർ സി.ഐ ആയിരുന്നത്. യേശുദാസൻ കൊലക്കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന്റെ തൊട്ടടുത്ത നാൾ മറ്റൊരു സ്റ്റേഷനിലേക്ക്  മാറ്റപ്പെട്ടു. എന്നിട്ടും വിചാരണയുടെ പേരിൽ എന്നെ കൂർമ്മബുദ്ധിക്കാരനായ വക്കീൽ തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഒക്കെയാണെങ്കിലും നീതിയും നിയമവും മരിച്ചിട്ടില്ല എന്ന സന്ദേശം ഞാൻ കുറ്റപത്രം തയ്യാറാക്കിയ കേസിൽ എനിക്കനുഭവമായി ഭവിക്കപ്പെട്ടു. പ്രതികൾ രണ്ടു പേരും കുറ്റക്കാരാണെന്ന് കോടതിക്ക് നിസ്സംശയം മനസ്സിലാവുകയും തക്ക ശിക്ഷ വിധിക്കുകയും ചെയ്തു. കോടതിയോടുള്ള വിശ്വാസം എന്നും നിലനിർത്തുന്നതായിരുന്നു ആ വിധി. സത്യമേവ ജയതേ... 

സംഭവബഹുലമായ ഈ കൊലക്കേസ് തെളിയിക്കാൻ ശ്രമിച്ച യത്‌നത്തിന് ഡിജിപി പ്രത്യേകമായി വിളിച്ച് അഭിനന്ദിക്കുകയുമുണ്ടായി. ഈ സംഭവം ജീവിതത്തിലെ മറക്കാനാകാത്ത സ്വപ്നമായി എന്നിൽ എന്നും നിറഞ്ഞു നിൽക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.