01:42am 18 January 2026
NEWS
വാഴ്‌സിറ്റികളിൽ തളിർക്കുന്നത് ജാതിവിഷവൃക്ഷങ്ങളോ ?
08/12/2025  01:02 PM IST
രാമചന്ദ്രൻ മുല്ലശ്ശേരി
വാഴ്‌സിറ്റികളിൽ തളിർക്കുന്നത് ജാതിവിഷവൃക്ഷങ്ങളോ ?

'പറയനും പുലയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടു' -കേരള സർവ്വകലാശാല സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റൽ സ്റ്റ്ഡീസ് വിഭാഗം ഡീനുമായ ഡോ. സി.എൻ. വിജയകുമാരി പറഞ്ഞു വയ്ക്കുന്നു.
ഉന്നതമായ സംസ്‌ക്കാരവും ഉദാത്തമായ മാനവികതയും ഊഷ്മളമായ സൗഹൃദങ്ങളും ഗ്ലാനിയില്ലാത്ത അദ്ധ്യാപക- വിദ്യാർത്ഥി ബന്ധം, ആരോഗ്യകരമായ ആശയസംവാദങ്ങൾ, അകൃത്രിമമായ സമഭാവനയും ഉറവ കൊള്ളേണ്ട സർവ്വകലാശാലകളിലും കാമ്പസുകളിലും സാംസ്‌കാരികഗരിമയെ ഉച്ചാടനം ചെയ്തുകൊണ്ട് ജാതിഭ്രാന്തിന്റെ വിഷവൃക്ഷങ്ങൾ തളിർക്കുന്നതാണ് കാണുന്നത്.

സംസ്‌കൃതത്തിൽ പിഎച്ച്ഡി ഗവേഷണം പൂർത്തീകരിച്ച്, ഓപ്പൺ ഡിഫൻസിൽ തന്റെ പ്രബന്ധം അവതരിപ്പിക്കുകയും, മൂല്യനിർണ്ണ സമിതി ചെയർമാൻ അംഗീകരിക്കുകയും ചെയ്ത പ്രബന്ധം യൂണിവേഴ്‌സിറ്റിയിൽ സമർപ്പിച്ചു. എന്നാൽ ഇത് നിലവാരമില്ലാത്തതാണെന്നും, ഗവേഷക വിദ്യാർത്ഥിക്ക് സംസ്‌കൃതം അറിയില്ലെന്നും അദ്ധ്യാപിക ഡോ.വിജയകുമാരി യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും കത്ത് നല്കി. സംസ്‌കൃതത്തിൽ എം.എ ബി.എഡ്, എം.ഫിൽ ബിരുദധാരിയാണ് വിപിൻ വിജയൻ. മാത്രമല്ല വിപിൻ വിജയൻ പിഎച്ച്ഡി പ്രബന്ധം തയ്യാറാക്കിയതും സി.എൻ. വിജയകുമാരിയുടെ മേൽനോട്ടത്തിലായിരുന്നു എന്നത് മറ്റൊരു കൗതുകം 

 ഉത്തമമായ കലകളെല്ലാം പഠിപ്പിക്കുന്ന, അത്യുന്നതമായ കലാലയങ്ങളുടെ സർവ്വകലാലയമായ വാഴ്‌സിറ്റികളിൽ ജാതിക്കോമരങ്ങൾ അതിരുവിട്ട് ആടിത്തിമിർക്കുകയാണ്. പട്ടിക വിഭാഗക്കാരായ ഗവേഷക വിദ്യാർത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും അനദ്ധ്യാപകരടക്കം ഇരയാക്കപ്പെടുന്നു. അർഹമായ പ്രമോഷൻ നല്കാതെ തടഞ്ഞുവച്ചും നീതിക്കും ന്യായത്തിനും നിരക്കാത്ത കുറ്റാരോപണങ്ങൾ ഉന്നയിച്ചും സവർണ്ണ വർഗ്ഗ താണ്ഡവമാണ് നടക്കുന്നത്.

  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നാനോ സയൻസിൽ ഗവേഷണം നടത്തിവന്ന വിദ്യാർത്ഥിനി ദീപ പി. മോഹന് നിരാഹാരസത്യാഗ്രഹം നടത്തേണ്ടിവന്നത് ഒരു ഗവേഷകവിദ്യാർത്ഥിക്ക് വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നല്കുന്നതിൽ യൂണിവേഴ്‌സിറ്റി അലംഭാവം കാണിച്ചതിന്റെ പേരിലാണ്.

 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ലൈഫ് സയൻസ് പഠന വകുപ്പിൽ പിച്ച്ഡി ചെയ്യാൻ ഗൈഡ്ഷിപ്പ് നല്കാൻ ഡയറക്ടറേറ്റ് ഓഫ് റിസർച്ചിൽ ഒഴിവ് ഉണ്ടായിട്ടും അത് റിപ്പോർട്ട് നല്കാതെ വകുപ്പ് മേധാവി ഡോ. ഹരിഹരൻതമ്പി ലിജിത്ത് ചന്ദ്രനെ ഏറെ നാൾ ബുദ്ധിമുട്ടിച്ചു. 
 കേരളത്തിലെ സർവ്വകലാശാലകളിൽ നടമാടുന്ന വർണ്ണവെറിയും അവകാശനിഷേധവും വംശീയ അധിക്ഷേപങ്ങളും ഭരണഘടനാ ലംഘനവും സംവരണ അട്ടിമറികളും തുറന്നുകാട്ടി ഡോ. കെ.എസ്. മാധവൻ, പ്രൊഫ. പി.കെ. പോക്കർ എന്നിവർ ചേർന്ന് ഒരു പ്രസിദ്ധീകരണത്തിൽ തുറന്നു എഴുതിയതിന് പട്ടികജാതിക്കാരനും യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ.എസ് മാധവനെതിരെ യൂണിവേഴ്‌സിറ്റി നടപടിക്കൊരുങ്ങി.

കേരളത്തിലെ ഒട്ടെല്ലാ യൂണിവേഴ്‌സിറ്റികളിലും ജാതീയ വിവേചനമുണ്ട്. കുട്ടികളും ഉദ്യോഗസ്ഥരും അവയൊക്കെ നിശ്ശബ്ദം അനുഭവിക്കുന്നു. നിർഭയമായി തുറന്നു പറയാൻ മടിക്കുന്നതുകൊണ്ട് പുറംലോകം അറിയുന്നില്ലെന്നു മാത്രം. കേരള യൂണിവേഴ്‌സിറ്റിയിൽ വിപിൻ വിജയന്റെ അനുഭവം ഒടുവിലത്തെ ഉദാഹരണം മാത്രം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img