
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയിലും ദേവസ്വം ബോർഡിന്റെ നിസംഗതയിലും കടുത്ത നിലപാടുമായി സർക്കാർ. സാഹചര്യം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനെ ധരിപ്പിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന തുടങ്ങി. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നൊരുക്കങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് സർക്കാർ വിലയിരുത്തൽ.
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോഴും സന്നിധാനത്ത് അരവണ കിട്ടാതെ ഭക്തർ മടങ്ങേണ്ടി വന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണ ജോലികൾ നടതുറന്നിരിക്കുന്ന സമയത്ത് നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അരവണയ്ക്ക് പുറമെ നെയ്യ് ക്ഷാമത്തിനും സാധ്യതയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശർക്കര ടെൻഡർ നടപടികൾ വൈകിയതുമൂലം ബോർഡിന് അധിക ബാധ്യത വരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഭക്തർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ലെന്നും ബോർഡിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം വിഷയം ഔദ്യോഗികമായി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം.











