
ദോഹ: ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികളുടെ സംയുക്ത തന്ത്രപരിശീലനമായ അറേബ്യൻ ഗൾഫ് സെക്യൂരിറ്റി–4’ ദോഹയിൽ ഞായറാഴ്ച തുടക്കമായി.
ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറു മായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 11 ദിവസത്തെ പരിശീലനത്തിൽ യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സുരക്ഷാസേനകൾക്കൊപ്പം അമേരിക്കയിലെ പ്രത്യേക സുരക്ഷാ യൂണിറ്റുകളും പങ്കെടുക്കും. മേഖലാതല സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയും അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കുകയും ചെയ്യുന്നതാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സംയുക്ത സജ്ജതയും ഏകോപനവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ അഭ്യാസത്തിൽ 70-ലധികം സീനാരിയോകളും 260 മണിക്കൂറിലധികം ഫീൽഡ് പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള പ്രവർത്തന പദ്ധതികൾ പരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.











