
ദോഹ: മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര നിയമം, സമാധാനം, മാനുഷിക പ്രവർത്തനം എന്നീ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും വിദഗ്ധ കേന്ദ്രങ്ങളുമായും അറബ്-യൂറോപ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇന്റർനാഷണൽ ലോയുടെ ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026-ൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതിനിധി സംഘത്തിന്റെ ഈ സന്ദർശനം.
സെന്ററിന്റെ ദോഹയിലെ ഔദ്യോഗിക പ്രതിനിധിയും ജനറൽ സെക്രട്ടറിയേറ്റ് അംഗവുമായ ശൈഖ ഗാനിം അൽ ഖുബൈസിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്. സെന്റർ ഓണററി പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ സിഹൈതി, അസിസ്റ്റന്റ് സെക്രട്ടറി ജനറലും റീജിയണൽ ഡയറക്ടറുമായ ഡോ. അഹമ്മദ് ഗാസി, മറ്റ് അംഗങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഖത്തറിലെ ഐക്യരാഷ്ട്രസഭാ കാര്യാലയം (യു.എൻ ഹൗസ്) സന്ദർശിച്ച സംഘം റീജിയണൽ ഡയറക്ടർ ഡോ. സ്വലാഹ് ഖാലിദുമായി യു.എൻ ഏജൻസികളുമായുള്ള ഭാവി സഹകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന്, ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സ്വാലിഹ് അൽ നുഐമിയുമായും സംഘം കൂടിക്കാഴ്ച നടത്തി. മതാന്തര, സാംസ്കാരിക സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, പരസ്പര സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും വളർത്തുന്നതിനുമായി സംയുക്ത സെമിനാറുകളും പദ്ധതികളും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും ചർച്ച ചെയ്തു.
മനുഷ്യാവകാശ-സേവന മേഖലകളിൽ അന്താരാഷ്ട്ര സംഘടനകളുമായി ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് സമാധാനാന്തരീക്ഷം വ്യാപിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഡോ. അബ്ദുല്ല അൽ സിഹൈതി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനും സെന്റർ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ ഗാനിം അൽ ഖുബൈസിയും വ്യക്തമാക്കി.
സമൂഹം, സംസ്കാരം, മതം എന്നിവയിലെ വൈവിധ്യങ്ങളെ ബഹുമാനിക്കാനും ബോധവൽക്കരണം നൽകാനുമുള്ള സംയുക്ത പരിപാടികൾ നടപ്പിലാക്കുന്നതിൽ ഭാവിയിലും തുടർനടപടികൾ ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.










